?????? ?????????????? ?????????? ??????????

കോടമ്പാക്കത്തെ നീലക്കുയില്‍

പിന്നണി ഗായകന്‍ പി. ജയചന്ദ്രന് തബല ബാലന്‍ സഹോദര തുല്യനാണ്. മഹാലിംഗപുരത്തെ അയ്യപ്പന്‍ കോവിലിനു സമീപമുള്ള ലേഡി മാധവന്‍ നായര്‍ കോളനിയിലെ ജയചന്ദ്ര​​​​െൻറ വീട്ടിൽ ദിവസം ഒരു നേരമെങ്കിലും ബാലന്‍ എത്താതിരിക്കില്ല. ജയചന്ദ്രന്‍ ഉപയോഗിച്ചിരുന്ന സ്‌പോര്‍ട്ട്‌സ് സൈക്കിള്‍ അദ്ദേഹം ബാലനു സമ്മാനിച്ചിരുന്നു. പില്‍ക്കാലത്ത്‌ ജോണ്‍സണ്‍, രവീന്ദ്രന്‍, എഡിറ്റര്‍ ജി മുരളി, ബ്രഹ്മാനന്ദന്‍, ചിറയന്‍കീഴ് മനോഹരന്‍ തുടങ്ങി ബാല​​​​െൻറ മിക്ക സുഹൃത്തുക്കളും ആ സൈക്കിളില്‍ പലപ്പോഴും ചുറ്റി നടക്കുമായിരുന്നു. പിന്നീട് ബാല​​​​െൻറ സൈക്കിളിലെ പതിവുകാരൻ ഞാനായി. എന്നെ മുന്നിലിരുത്തി സൈക്കിള്‍ ചവിട്ടാനാണ് ബാലനിഷ്ടം. മദിരാശിയില്‍ ഞങ്ങള്‍ സൈക്കിള്‍യാത്ര ചെയ്യാത്ത വഴികളില്ല. ബാലനോടൊപ്പം സൈക്കിളില്‍ ചുറ്റിനടന്നാണ് വണ്ണിയാര്‍ സ്ട്രീറ്റില്‍ എനിക്കൊരു വാടകവീട് തരപ്പെടുത്താനായത്. ഞാനും അമ്മയും ലതികയുമായി എണ്‍പതുകളുടെ തുടക്കത്തില്‍ അവിടെ താമസവുമായി.

ഒരിക്കൽ വണ്ണിയാര്‍ സ്ട്രീറ്റിലെ വീട്ടില്‍ നിന്ന് ഹോളിവുഡ് ഹോട്ടലിലേക്കുള്ള ഞങ്ങളുടെ സൈക്കിള്‍ യാത്രയില്‍ തനി കേരള സ്‌റ്റൈലില്‍ മുണ്ടും നേരിയതും വെള്ള ജാക്കറ്റുമണിഞ്ഞ്, നെറ്റിയില്‍ ഭസ്മക്കുറി വരച്ച്, കറുത്ത് പൊക്കം കുറഞ്ഞ ഒരമ്മ അകലെനിന്ന് വരുന്നതു കണ്ടു. ബാലന്‍ അമ്മയുടെ മുന്നില്‍ പെ​െട്ടന്ന്​ സൈക്കിള്‍ നിറുത്തി. ‘‘എന്താ ബാലാ, നിന്നെ ഈയിടെയായി കാണാനേയില്ലല്ലോ. ജോലിത്തിരക്കായിരിക്കും. അല്ലേ..?” വായ നിറച്ച് വെറ്റിലയും പുകയിലയും തിരുകി മടിക്കുത്തില്‍ നിന്ന് പാക്ക് കഷണം തെരഞ്ഞുപിടിച്ച് വായിലിട്ട് മലര്‍ക്കെ ചിരിച്ചുകൊണ്ട് ആ അമ്മ ചോദിച്ചു. എന്നെ നോക്കിയായിരുന്നു അടുത്ത ചോദ്യം,“ഇതാരാ..?’’
ബാലന്‍ എന്നെ പരിചയപ്പെടുത്തി. “രണ്ടുപേരും കൂടി സൗകര്യം പോലെ വീട്ടിലേക്കു വാ...” അമ്മ മെല്ലെനടന്നു നീങ്ങി.
“ആളെ മനസ്സിലായോ,” ബാലന്‍എന്നോടു ചോദിച്ചു.
“അതാണ്​ ജാനമ്മാ ഡേവിഡ്, മലയാളിയുടെ നീലക്കുയിൽ’’
ഒരു നിമിഷം ഒരുപിടി പാട്ടുകൾ എ​​​​െൻറ തലയ്​ക്കകത്തുകൂടി പാഞ്ഞുപോയി..
‘എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്​ കല്ലാണീ നെഞ്ചിലെന്ന്...’,
‘കുയിലിനെത്തേടി, കുയിലിനെത്തേടി കുതിച്ചുപായും മാരാ...’ ...’  
എന്റമ്മോ! ഞാന്‍ അന്തം വിട്ടു നോക്കിനിന്നു.
ഇൗ പാട്ടുകള്‍ ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടോ...! മലയാളി മനസ്സുകളെ മുഴുവനിട്ടമ്മാനമാടിയ ‘നീലക്കുയില്‍’ ഗായിക കോടമ്പാക്കത്തെ തെരുവിലൂടെ തനി നാടന്‍ സ്‌റ്റൈലില്‍ നടന്നു നീങ്ങുകയാണ്.

സ്വാതന്ത്ര്യത്തി​​​െൻറ ശബ്​ദം: ഇന്ത്യ സ്വതന്ത്രയായപ്പോൾ ആകാശവാണി മദ്രാസ്​ നിലയത്തിൽ അവതരിപ്പിച്ച ഗാനപരിപാടിയിൽനിന്ന്​. മുൻ നിരയിൽ ഇടത്തുനിന്ന്​ രണ്ടാമത്​ ശാന്താ പി. നായർ, മൂന്നാമത്​ പി.ലീല, വലത്തേയറ്റം ജാനമ്മ ഡേവിഡ്​, പിൻ നിരയിൽ ഇടത്തുനിന്ന്​ രണ്ടാമത്​ തിക്കൊടിയൻ, മൂന്നാമത്​ പത്​മനാഭൻ നായർ, നാലാമത്​ പി. ഭാസ്​കരൻ.
 

അണ്ണാമ​ൈല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കര്‍ണാക സംഗീതത്തില്‍ ബിരുദം നേടിയ ജാനമ്മ ആദ്യം തൃശ്ശിനാപ്പള്ളി റേഡിയോ നിലയത്തിലായിരുന്നു ജോലി നോക്കിയിരുന്നത്​. പിന്നീട് മദിരാശി റേഡിയോ നിലയത്തില്‍ ഉദ്യോഗസ്ഥയായിരിക്കുമ്പോഴാണ് ക്രിസ്ത്യാനിയായ ഡേവിഡ് വി ജോര്‍ജും ഹിന്ദുവായ ജാനമ്മയും തമ്മിലുള്ള വിപ്ലവകരമായ വിവാഹംനടന്നത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഡേവിഡും ജാനമ്മയുമായുള്ള വിവാഹം 1943 സെപ്തംബര്‍ അഞ്ചാം തീയതി ഗാന്ധിയന്‍ വി. രാമചന്ദ്ര​​​​െൻറ കാർമികത്വത്തില്‍ നടന്നു. തികഞ്ഞ ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന ഡേവിഡ്‌ സെയ്ദാപ്പേട്ടിലെ സ​​​െൻറ്​ മേരീസ് മെട്രിക്കുലേഷന്‍ ഹൈസ്‌കൂളി​​​​െൻറ സ്ഥാപകനാണ്. അദ്ദേഹത്തി​​​​െൻറ നിര്യാണത്തിനു ശേഷം മകന്‍ ഡി.റ്റി. മോഹന്‍ ചുമതല ഏറ്റെടുത്തു. മോഹൻറെ താല്‍പര്യപ്രകാരം കുറച്ചുകാലം ഞാന്‍ ആ സ്‌കൂളില്‍ സംഗീതാധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്.

ഭാസ്‌കരന്‍ മാഷും രാഘവന്‍ മാഷും ജാനമ്മയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്നു. രണ്ടുപേരുടെയും സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ‘നീലക്കുയിലി’ ല്‍പാടിയത്. സിനിമാപ്പാട്ടിന് അത്രയൊന്നും പ്രസക്തി ഇല്ലാതിരുന്ന കാലം. ശാസ്ത്രീയ സംഗീതത്തിലായിരുന്നു ജാനമ്മാ ഡേവിഡിനു കൂടുതല്‍ താല്‍പര്യം. റേഡിയോ നിലയത്തിലെ ജോലിയും കുടുംബജീവിതവും കൊണ്ട് തിരക്കിലായപ്പോള്‍ സിനിമയില്‍ പാടാനൊന്നും സമയം കിട്ടിയില്ലെന്നതും മറ്റൊരു വസ്തുതയാണ്. യേശുദാസി​​​​െൻറ പിതാവ് അഗസ്റ്റിന്‍ ജോസഫിനൊപ്പം ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ ഒരു യുഗ്മഗാനം പാടിക്കൊണ്ട് ‘നല്ലതങ്ക’ യിലായിരുന്നു ജാനമ്മാ ഡേവിഡി​​​​െൻറ തുടക്കം. ദക്ഷിണാമൂര്‍ത്തിയുടെ ആദ്യചിത്രം കൂടിയാണ് നല്ലതങ്ക. ആത്മശാന്തി, അമ്മ, കരുണ, ജനോവ, പ്രേമലേഖ, മിന്നുന്നതെല്ലാം പൊന്നല്ല തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. പക്ഷേ ‘നീലക്കുയിലി’ലെ പാട്ടുകളാകട്ടെ മലയാളിയുടെ ഗാന സംസ്‌കാരത്തോടിഴചേര്‍ന്ന് ചലച്ചിത്രസംഗീത ചരിത്രത്തിന്റെ ഭാഗമായിമാറി.

മദിരാശിയിലെ ഒരുഓണാഘോഷത്തോടനുബന്ധിച്ച് മൗണ്ട് റോഡിലെ റാണി സീതാ ഹാളില്‍ ഗാനമേള നടത്താന്‍ അവസരം ലഭിച്ചപ്പോള്‍ അതുവരെ വിസ്മൃതിയിലായിരുന്ന ജാനമ്മാ ഡേവിഡിനെ വീണ്ടും വേദിയില്‍ എത്തിക്കണമെന്ന്​ എനിക്ക്​ ​േതാന്നി. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും എന്റെ നിര്‍ബന്ധത്തിനു വഴങ്ങി പങ്കെടുക്കാമെന്നു സമ്മതിക്കുകയായിരുന്നു. കെ.എസ്​. ചിത്ര പരിപാടി ഉദ്ഘാടനം ചെയ്ത് രണ്ടു പാട്ടുകള്‍ പാടി. കോടമ്പാക്കത്തു ലഭിക്കാവുന്ന ഏറ്റവും മികച്ച ഓര്‍ക്കസ്ട്രയുടെ അകമ്പടി. ലതികയും നടേഷ് ശങ്കറും റാഫിയും ഞാനുമടങ്ങുന്ന ഗായകസംഘത്തിലെ മുഖ്യഗായിക ജാനമ്മ ഡേവിഡ് ആയിരുന്നു. അങ്ങനെ ‘നീലക്കുയില്‍’  ഗായികയുടെ ഗൃഹാതുരതയുണര്‍ത്തുന്ന ഗാനങ്ങള്‍ മദിരാശി മലയാളികൾ ഒരിക്കൽ കൂടി നേരിട്ടു കേട്ടു.

ചെന്നൈയിൽ അവതരിപ്പിച്ച ഗാനമേളയിൽ വർഷങ്ങൾക്കുശേഷം ജാനമ്മ ഡേവിഡ്​ പ​െങ്കടുത്തുപ്പോൾ... ലതിക, നടേശ്​ ശങ്കർ,എസ്​. രാജേന്ദ്ര ബാബു, റാഫി, കീ ബോർഡ്​ ഹരി, എന്നിവർക്കൊപ്പം
 

തൊണ്ണൂറുകളുടെ തുടക്കത്തില്‍ മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വര്‍ഷം തിരുവനന്തപുരത്ത് ആഘോഷിക്കാന്‍ ദേവരാജന്‍ മാസ്റ്റര്‍ തീരുമാനിച്ചപ്പോള്‍ മദിരാശിയിലെ ഗായകര്‍, ഗാനരചയിതാക്കള്‍, സംഗീത സംവിധായകര്‍, വാദ്യോപകരണക്കാര്‍ തുടങ്ങിയ കലാകാരന്മാരെ സംഘടിപ്പിക്കുന്ന ചുമതല മാസ്റ്റര്‍ എന്നെയാണ് ഏല്‍പിച്ചത്. വൈകുന്നേരങ്ങളിൽ മാസ്റ്ററുടെ വീട്ടില്‍ കൂടിയാലോചനകളും മറ്റു നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ മദിരാശിയില്‍ നിന്ന് പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കുന്ന ഘട്ടം വന്നു. ജാനമ്മാ ഡേവിഡിനെക്കുറിച്ചു ഞാന്‍പറഞ്ഞപ്പോള്‍, ‘അവര്‍ ഇവിടെത്തന്നെയുണ്ടോ..?’ എന്ന് മാസ്റ്റര്‍ ആശ്ചര്യപ്പെട്ടു. എ​​​​െൻറ അയല്‍ക്കാരിയാണെന്നു കൂടി അറിഞ്ഞപ്പോള്‍ മാസ്റ്റര്‍ക്ക് ഉടന്‍ അവരെ കാണണമെന്നായി.

അധികം വൈകാതെ ഒരുദിവസം ഞങ്ങള്‍ രണ്ടുപേരും കൂടി കോടമ്പാക്കത്തെ അവരുടെ വീട്ടിലെത്തി. ദേവരാജന്‍ മാസ്റ്ററെ അവര്‍ക്ക് ആദ്യം മനസ്സിലായില്ല. ഞാന്‍ പരിചയപ്പെടുത്തി. മാസ്റ്ററെ തിരിച്ചറിഞ്ഞപ്പോള്‍ ആഅമ്മ സന്തോഷവും ആശ്ചര്യവും കൊണ്ട് വീര്‍പ്പുമുട്ടി. കുശലാന്വേഷണങ്ങള്‍ക്കു ശേഷം അമ്പതാം വര്‍ഷത്തെ പരിപാടികളില്‍ പങ്കെടുക്കാമെന്ന് അതീവ സന്തോഷത്തോടെ അവര്‍ മാസ്റ്റര്‍ക്ക് ഉറപ്പും നല്‍കി.

അമ്പതു വര്‍ഷത്തെ ഗാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത നൂറു ഗാനങ്ങള്‍ തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ 1994 ഓഗസ്റ്റ് 20, 21, 22 തീയതികളിൽ അവതരിപ്പിച്ചു. ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തിയായ നൗഷാദ് അലിയുടെ നേതൃത്വത്തില്‍ മലയാള ചലച്ചിത്ര രംഗത്തെ ഒട്ടുമിക്ക കലാകാരന്മാരെയും പങ്കെടുപ്പിക്കാന്‍ ദേവരാജന്‍ മാസ്റ്റര്‍ക്കു കഴിഞ്ഞു. ഗാനങ്ങള്‍ അതാതു ഗായകരെക്കൊണ്ട് അതാതു സംഗീത സംവിധായകരുടെയും ഗാനരചയിതാവി​​​​െൻറയും സാന്നിധ്യത്തില്‍ വേദിയില്‍ അവതരിപ്പിച്ചതായിരുന്നു പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത. മദിരാശിയിലെ സ്റ്റുഡിയോകളില്‍ ആ ഗാനങ്ങള്‍ക്കു വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്ത ഒട്ടുമിക്ക കലാകാരന്മാരെയും പങ്കെടുപ്പിക്കാനായതാണ് മറ്റൊരു പ്രത്യേകത. അമ്പതു വര്‍ഷത്തെ ഗാനങ്ങളുടെ വിശദാംശങ്ങളും അവയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലഘു ജീവിതരേഖയും അടങ്ങുന്ന ബൃഹത്തായ ‘ചലച്ചിത്രഗാന സ്മരണിക’യുടെ പ്രകാശനവും അതോടൊപ്പം നടന്നു. സംഗീതാസ്വാദകര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ഇന്ന് ആ പുസ്തകം ഒരു അമൂല്യഗ്രന്ഥമാണ്. സ്മരണികയുടെ പ്രസാധനത്തിനു വേണ്ട രേഖകളും ചിത്രങ്ങളും സമാഹരിക്കുക, അവ പകര്‍ത്തിയെഴുതുക, തെറ്റു തിരുത്തുക തുടങ്ങിയ ചുമതലകളിലൊക്കെ എനിക്കു കൂടി പങ്കെടുക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. അലംഭാവം കൊണ്ടു മാത്രം അന്ന് ആ സംരംഭവുമായി സഹകരിക്കാതിരുന്ന അപൂര്‍വം ചില കലാകാരന്മാര്‍ പിന്നീട് നഷ്ടബോധത്തിലായി.

ഉദ്ഘാടന ദിവസം യേശുദാസി​​​​െൻറ കൈപിടിച്ച് വേദിയിലെത്തി ദീപം തെളിയിച്ച വൃദ്ധയെ സദസ്സിലാരും തിരിച്ചറിഞ്ഞില്ല. പക്ഷേ, പാടാനുള്ള ഊഴം വന്നപ്പോള്‍ ജാനമ്മാ ഡേവിഡ് വേദിയും സദസ്സും തന്റെ കൈപ്പിടിയിലാക്കി.
‘എല്ലാരും ചെല്ലണ്​...’ പാടിക്കഴിഞ്ഞപ്പോഴാകട്ടെ, ഓഡിറ്റോറിയമാകെ കരഘോഷത്തിന്റെ ഇടിമുഴക്കം! മൂന്നു ദിവസത്തെ പരിപാടികളില്‍ ഏറ്റവും തിളങ്ങിയത് ജാനമ്മാ ഡേവിഡ് തന്നെയായിരുന്നു. പ്രായാധിക്യത്തെ വെല്ലുവിളിച്ചുകൊണ്ട് വേദിയില്‍ മനോഹരമായ ഗാനങ്ങള്‍ അവതരിപ്പിച്ച ജാനമ്മാ ഡേവിഡിനെയും മൂന്നു ദിവസത്തെ ഓര്‍ക്കസ്ട്ര സമര്‍ത്ഥമായി കണ്ടക്ട് ചെയ്ത ജോണ്‍സനെയും സമാപനച്ചടങ്ങില്‍ നൗഷാദ് അലി പ്രത്യേകം അഭിനന്ദിച്ചു. അച്ചടിമാധ്യമങ്ങള്‍ എല്ലാ ദിവസവും സംഗീതോത്സവത്തെയും ജാനമ്മാ ഡേവിഡിനെയും ആഘോഷിച്ചു. പിന്നീട് കേരളമൊട്ടാകെ പൊതുപരിപാടികളിലെല്ലാം ഉച്ചഭാഷിണിയിലൂടെ ജാനമ്മാ ഡേവിഡിന്റെ പഴയ ഗാനങ്ങള്‍ ഒഴുകുകയായി.

ഔസേപ്പച്ചന്‍ ഒരിക്കൽ തൃശൂരില്‍ സംഘടിപ്പിച്ച ഗാനമേളയില്‍ പാടാന്‍ ജാനമ്മാ ഡേവിഡിനെ ക്ഷണിച്ചപ്പോള്‍ ‘‘ബാബു കൂടിയുണ്ടെങ്കില്‍ വരാം” എന്നായി ആ അമ്മ. ഔസേപ്പച്ചനെ അവര്‍ക്കു പരിചയമില്ലായിരുന്നു. പിന്നീട് എന്റെ ഉറപ്പിന്‍മേല്‍ ഔസേപ്പച്ച​​​​െൻറ പ്രോഗ്രാമിന് അവര്‍ പങ്കെടുത്തു. തുടര്‍ന്ന് അദ്ദേഹം തന്റെ ‘കാക്കോത്തിക്കാവിലെ അപ്പുപ്പന്‍ താടികള്‍’ എന്ന ചിത്രത്തില്‍ പാടാനും ജാനമ്മാ ഡേവിഡിന് അവസരം നല്‍കി. പി. ലീല, സി.ഒ. ആ​േൻറാ എന്നിവരെ ഉള്‍പ്പെടുത്തി കെ.പി. ഉദയഭാനു നയിച്ചിരുന്ന ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ എന്ന ഗാനസംഘത്തില്‍ ജാനമ്മാ ഡേവിഡിനെ പങ്കെടുപ്പിക്കാനും എ​​​​െൻറ ശിപാർശ വേണ്ടി വന്നു.

ചലച്ചിത്ര സംഗീതത്തി​​​​െൻറ അമ്പതാം വര്‍ഷ പരിപാടികളില്‍ പങ്കെടുത്തതോടെ മങ്ങിക്കിടന്ന ത​​​​െൻറ ആലാപനചാതുര്യം വീണ്ടും പ്രകടിപ്പിക്കാനായെന്നും ദേവരാജന്‍ മാസ്റ്ററെയും യേശുദാസിനെയും ഉള്‍പ്പെടെ ധാരാളം കലാകാരന്മാരെ നേരിട്ടു കാണാന്‍ അവസരം ലഭിച്ചെന്നും അതിനു കാരണക്കാരനായതോടൊപ്പം പരിപാടിയിലുടനീളം സ്വന്തം മകനെപ്പോലെ തന്റെ സംരക്ഷണച്ചുമതല നിര്‍വഹിച്ചുവെന്നും നന്ദിപൂര്‍വം ആ അമ്മ എന്നെ ഓര്‍മിച്ചു. അ​പ്പോഴൊക്കെ മലയാള സിനിമയുടെ ആദ്യനാളുകളില്‍ ഗാനാസ്വാദകരുടെ മനസ്സില്‍ ആവേശമായി മാറിയ ഗായികയെ വീണ്ടും ഓര്‍മപ്പെടുത്താന്‍ കഴിഞ്ഞ സന്തോഷമായിരുന്നു എനിക്ക്​. 1997 മാര്‍ച്ച് 23ന് ആ നീലക്കുയില്‍ നമ്മെ വിട്ട് പറന്നകന്നു. എങ്കിലും മലയാള സംഗീതം ഉള്ളിടത്തോളം കാലംആ കുയിൽനാദം ഓർമിക്ക​പ്പെടും.

 

Tags:    
News Summary - remembering Janamma David in Kodambakkam Kadhakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT