പാളിപ്പോയ ഗൂഢാലോചന

വലിയ മുതലാളിമാര്‍ ഉണ്ടാവുകയും അവരുടെ സമ്പത്ത് മുകളില്‍ നിന്ന് താഴേക്ക് കിനിഞ്ഞിറങ്ങുകയും ചെയ്യുമ്പോള്‍ സമൂഹം സമൃദ്ധമാകും എന്നതാണ് മുതലാളിത്തത്തിന്‍റെ ലളിതയുക്തി. കരുണ, വിവേകം, സര്‍ഗാത്മകത തുടങ്ങിയ മാനവിക ഗുണങ്ങള്‍ ഇങ്ങിനെ കിനിഞ്ഞിറങ്ങാന്‍ സാധ്യതയുണ്ടോ?. വീട്ടില്‍ ഒന്നോ രണ്ടോ പേര്‍ നല്ല എഴുത്ത് ശേഷിയുള്ളവരാണെന്നുവച്ച് മറ്റ് അംഗങ്ങള്‍ക്ക് അത്തരം കഴിവ് ലഭിക്കണമെന്നുണ്ടോ?. മറ്റൊരു പ്രസക്തമായ കാര്യം മുകളില്‍ നിന്ന് താഴേക്ക് വരുമ്പാള്‍ ഭാവനയും എഴുത്ത് ശേഷിയും കുറയുമോ കൂടുമോ എന്നുള്ളതാണ്. മലയാളത്തിലെ പുതുതലമുറ സിനിമാ കുഞ്ഞുങ്ങളെപറ്റി ആലോചിക്കുമ്പോള്‍ ഇത്തരം ചിന്തകള്‍ പ്രസക്തമാണ്. 

സ്വന്തം വീട്ടില്‍ അച്ഛന്‍റെ രൂപത്തില്‍ മികച്ചൊരു പ്രതിഭയും ചേട്ടനായി മറ്റൊരു ശരാശരിക്കാരനും ഉള്ളയാളാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇത്തരം പ്രതിഭാ സാന്നിധ്യങ്ങള്‍ തീര്‍ച്ചയായും ഒരാളെ സ്വാധീനിക്കുക തന്നെ ചെയ്യും. അത് നിങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും സാധ്യതയുണ്ട്. പക്ഷെ മൗലികത എന്നത് ഉള്ള് കടഞ്ഞ് പുറത്തുവരേണ്ട പ്രതിഭാസം തന്നെയാണ്. തോമസ് സെബാസ്ററ്യന്‍ സംവിധാനം ചെയ്ത 'ഗൂഢാലോചന'യുടെ ആദ്യ ആകര്‍ഷകത്വം ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു എന്നതാണ്. ഗൂഢാലോചന ഒരു ഗുജറാത്തി സിനിമയുടെ റീമേക്കാണ്. അഭിഷേക് ജെയിന്‍ സംവിധാനം ചെയ്യുകയും ഗുജറാത്തില്‍ വലിയ ഹിറ്റായി മാറുകയും ചെയ്ത ‘ബേയ് യാര്‍’എന്ന സിനിമയാണ് ഗൂഢാലോചന ആയി മാറിയത്. നിങ്ങളുടെ പക്കല്‍ നല്ലൊരു അടിത്തറ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഭേദപ്പെട്ടൊരു വീടെങ്കിലും പണിയാന്‍ കഴിയുമെന്നതാണ് പൊതുതത്വം. പക്ഷെ ഗൂഢാലോചനയിലെത്തുമ്പോള്‍ അതൊരു ശരാശരിയിലും താഴെയുള്ള സൃഷ്ടിയായി മാറുന്നു എന്നത് നിരാശാജനകമായ കാര്യമാണ്. 

കോഴിക്കോട് ആണ് സിനിമയുടെ സ്ഥലം. അവിടത്തെ കാഴ്ച്കളും ഭക്ഷണവും മനുഷ്യരും ഇഴചേര്‍ന്ന് നില്‍ക്കുകയാണ് സിനിമയിലുടനീളം. ഈ നഗരത്തിലെ നാലു കൂട്ടുകാരുടെ കഥയാണ് സിനിമ പറയുന്നത്. ധ്യാനിന്‍റെ വരുണ്‍, അജു വര്‍ഗീസിന്‍റെ പ്രകാശന്‍, ശ്രീനാഥ്ഭാസിയുടെ അജാസ്, ഹരീഷ് കണാരന്‍റെ ജംഷീര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. അലസജീവിതം നയിക്കുന്ന ഇവരെല്ലാം കൗമാരത്തില്‍ നിന്ന് യൗവനാവസ്ഥയിലേക്ക് പരിണമിച്ചു കൊണ്ടിരിക്കുകയാണ്. വീട്ടിലും നാട്ടിലും വ്യക്തിത്വ പ്രതിസന്ധി നേരിടുന്ന കാലമാണിത്. ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നു പോകാത്തവരായി മനുഷ്യരാരും ഉണ്ടാകില്ല. സമൂഹത്തിലെ ഭൂരിഭാഗത്തിന്‍റേയും അനുഭവം എന്ന നിലക്ക് എല്ലാവരോടും സവേദിക്കേണ്ട സിനിമയാണ് ഗൂഢാലോചന. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യമാണ് സിനിമയുടെ ആത്മാവ്. എല്ലാ ചേരുവകളും ഒത്തിണങ്ങിയിട്ടും പ്രമേയപരമായ ദൃഢതയില്ലായ്മ കാരണമാകാം സിനിമ നമ്മെ അത്രയൊന്നും രസിപ്പിക്കുന്നില്ല. 

ചില സിനിമകള്‍ കാണുമ്പോള്‍ പ്രേക്ഷകന് ഇതിലെ കഥാപാത്രങ്ങളെപ്പോഴാണ് ഭക്ഷണം കഴിക്കുകയെന്ന് സംശയം തോന്നാം. ഗൂഢാലോചനയില്‍ ഇത്തരം കണ്‍ഫ്യൂഷനുകള്‍ക്ക് ഒരു സാധ്യതയുമില്ല. ഗൂഢാലോചന എപ്പോഴും സംഭവിക്കുന്നത് തീന്‍മേശയിലാണ്. കോഴിക്കോടിന്‍റെ സമൃദ്ധമായ ഭക്ഷണ പാരമ്പര്യം സിനിമയിലിങ്ങനെ തുളുമ്പി നില്‍ക്കുകയാണ്. ഇതിലെ കഥാപാത്രങ്ങളുടെ പ്രധാന പ്രശ്നം ഭക്ഷണമാണെന്ന് തോന്നിക്കുമാറ് തീവ്രമാണത്. റസ്റ്റാറന്‍റുകള്‍ ലൊക്കേഷനുകളായി മാറുകയും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് സിനിമയിലുടനീളം ഇവ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സിനിമയിലെ യുവാക്കളുടെ ജീവിത പ്രതിസന്ധി ഏറെ ലളിതമാണ്. 10 ലക്ഷം രൂപക്കു വേണ്ടിയാണ് ഇവര്‍ അന്ത്യംവരേയും പൊരുതുന്നത്. കുറഞ്ഞത് ഒരു കോടിയുടെ പ്രശ്നമെങ്കിലും ഇല്ലാതെ എന്ത് കഥയും സിനിമയുമെന്ന് പ്രേക്ഷകന്‍ ചിന്തിച്ചാല്‍ കുറ്റം പറയാനാകില്ല. ഒരു പക്ഷെ പ്രമേയത്തിലെ ഈ ലളിതയുക്തിയും നിസാരവല്‍ക്കരണവും കൊണ്ടാകും സിനിമ അത്രമേല്‍ പ്രേക്ഷകരെ സ്വാധീനിക്കാത്തത്. 

യുവാക്കളുടെ സാന്നിധ്യം നല്‍കുന്ന ഊര്‍ജം ഗൂഢാലോചനയുടെ മുതല്‍ക്കൂട്ടാണ്. സംഭാഷണങ്ങളും കഥാപാത്രങ്ങളുടെ മികച്ച ടൈമിങ്ങും കൗണ്ടറുകളും രസംപകരും. ഹരീഷ് കണാരനെയൊക്കെ അല്‍പം നിയന്ത്രിച്ചിരുന്നെങ്കില്‍ ഇതിലും മികച്ച ഫലം സിനിമ നല്‍കിയേനെ. അഭിനേതാക്കളെ കയറൂരി വിടുക എന്നതില്‍കവിഞ്ഞ ചില ഉത്തരവാദിത്തങ്ങള്‍ തീര്‍ച്ചയായും സംവിധായകനുണ്ട്. അതല്ലെങ്കില്‍ ജഗതി ശ്രീകുമാറിനെയും സലീംകുമാറിനെയും പോലെ മര്‍മമറിഞ്ഞ നര്‍മജ്ഞര്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകണം. ധ്യാനിന്‍റെ അഭിനയം എന്നത്തേയും പോലെ ശരാശരിയാണ്. 

അജു വര്‍ഗീസ് തന്നാലാവും വിധം നന്നാക്കിയിട്ടുണ്ട്. മംമ്തയുടെ ചെറുവേഷവും അലന്‍സിയറുടെ അച്ഛനും സാധാരണം മാത്രം. ആവര്‍ത്തനം തോന്നുമെങ്കിലും പെരുമാറ്റത്തിലെ നിയന്ത്രണം കൊണ്ട് ശ്രീനാഥ് ഭാസി മികച്ചുനിന്നു. ഷാന്‍ റഹ്മാന്‍റേയും ഗോപി സുന്ദറിന്‍റേയും സംഗീതം മടുപ്പിക്കാത്തത്. കാഴ്ച്ചയെന്ന നിലയില്‍ സിനിമ ബാക്കിവെക്കുന്നത് കോഴിക്കോടിന്‍റെ നഗര സൗന്ദര്യവും കൊതിയൂറുന്ന രുചിക്കാഴ്ചകളുമാണ്. ചുരുക്കത്തില്‍ അഞ്ചില്‍ രണ്ടര മാര്‍ക്ക് നല്‍കാവുന്ന സിനിമയാണ് 'ഗൂഢാലോചന'.

Tags:    
News Summary - Goodalochana Movie Review -Movie Reviews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT