ജോസൂട്ടിയുടെ ജീവിതം തികച്ചും സാധാരണം; സിനിമയും

സമീപകാലത്ത് മുന്‍നിരയിലേക്കുയര്‍ന്ന സംവിധായകനാണ് ജീത്തു ജോസഫ്. മെമ്മറീസ്, മൈ ബോസ്, ദൃശ്യം എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. കമല്‍ഹാസനെ നായകനാക്കി ‘പാപനാസം’ എന്ന പേരില്‍ ‘ദൃശ്യ’ത്തിന്‍െറ തമിഴ് പതിപ്പും അദ്ദേഹം ഒരുക്കി. തെന്നിന്ത്യയിലെ വലിയ ഹിറ്റ്മേക്കര്‍മാരിലൊരാളായി വളര്‍ന്ന ജീത്തുജോസഫിന്‍െറ ഏറ്റവും പുതിയ ചിത്രമാണ് ‘ലൈഫ് ഓഫ് ജോസൂട്ടി’.

കഴിഞ്ഞ മൂന്നു ചിത്രങ്ങളുടെയും നിലവാരവും കച്ചവടമൂല്യവുമൊന്നും ജോസുട്ടിക്ക് അവകാശപ്പെടാനില്ല. രണ്ടേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ രണ്ടാംപകുതിയില്‍ വല്ലാതെ ഇഴഞ്ഞുനീങ്ങുകയാണ്. സാധാരണ ദിലീപ് ചിത്രങ്ങളിലെന്ന പോലെ അവിടെയുമിവിടെയും ചിരിക്കാനുള്ള വക തിരുകിയിട്ടുണ്ട് സംവിധായകന്‍. അതില്‍ പലതും മായാമോഹിനി ടൈപ്പ് ദ്വയാര്‍ഥപ്രയോഗങ്ങളാണു താനും. ദിലീപല്ല, നോബിയും സാജു നവോദയും സുരാജും ചെമ്പില്‍ അശോകനുമൊക്കെയാണ് ചിരിയുതിര്‍ക്കുന്നത്. അശ്ളീലവും സ്ത്രീവിരുദ്ധതയുമില്ലാതെ തമാശയുണ്ടാക്കാന്‍ നമ്മുടെ പല സിനിമക്കാര്‍ക്കും കഴിയില്ല. അക്കാര്യത്തില്‍ ഉദയ കൃഷ്ണ- സിബി.കെ തോമസ് ടീമിനെ കണ്ണടച്ചു പിന്തുടരുന്നു തിരക്കഥാകൃത്ത് രാജേഷ് വര്‍മ. ജീത്തു തന്നെ രചിച്ച ‘മമ്മി ആന്‍റ് മി’യിലും ‘മൈ ബോസി’ലും നിലവാരമുള്ള തമാശകളുണ്ടായിരുന്നു. വേറെയൊരാളെക്കൊണ്ട് പേനയെടുപ്പിച്ചതിനാല്‍ ജീത്തുവിന്‍െറ സ്വാഭാവിക നര്‍മം പോലും പടത്തില്‍ വന്നില്ല.


ഇന്ത്യന്‍ വിനോദവ്യവസായ രംഗത്തെ അതികായരായ ഇറോസ് ഇന്‍റര്‍നാഷനലിന്‍െറ ആദ്യ മലയാള സംരംഭമാണ് ഇത്. ഇറോസ് ആണ് വിതരണം നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മാതാവ് ജയലാല്‍ മേനോന്‍േറതാണ് കഥ. ജീത്തു ജോസഫിന്‍െറ  ‘മെമ്മറീസ്’ സസ്പെന്‍സ് ത്രില്ലറായിരുന്നു. ‘മൈ ബോസ്’ കോമഡിചിത്രവും. ‘ദൃശ്യം’ കുടുംബബന്ധങ്ങളിലെ സെന്‍റിമെന്‍റ്സും സസ്പെന്‍സും സമാസമം ചേര്‍ത്തു തയാറാക്കിയ സിനിമ. ഈ മൂന്നു ചിത്രങ്ങളും പോലെയല്ല ‘ലൈഫ് ഓഫ് ജോസൂട്ടി’. ഇതില്‍ സസ്പെന്‍സോ ത്രസിപ്പിക്കുന്ന ത്രില്ലിംഗ് ദൃശ്യങ്ങളോ ഒന്നുമില്ല. സംഘട്ടനവും മുഴുനീള കോമഡിയുമില്ല. അതുകൊണ്ടുതന്നെ ജീത്തുവിന്‍െറ മുന്‍കാല ചിത്രങ്ങളുടെ കാഴ്ചാനുഭവം വെച്ച് പോവുന്ന പ്രേക്ഷകനെ വല്ലാതെ നിരാശപ്പെടുത്തിയേക്കും ജോസൂട്ടി.


 ദിലീപ് ഫാന്‍സിനെ തൃപ്തിപ്പെടുത്താനുള്ള വകയൊന്നും ചിത്രത്തിലില്ല. ദിലീപ് ചിത്രങ്ങളില്‍ വൈകാരികതക്ക് ഒരു പ്രാധാന്യവും കാണാറില്ല. പ്രേക്ഷകരെ രസിപ്പിക്കുന്നതിലാണ് ദിലീപ് എന്നും ശ്രദ്ധയൂന്നിയിരുന്നത്. പക്ഷേ നിഷ്കളങ്കനായ ഒരു ക്രിസ്ത്യാനിയുവാവിന്‍െറ ജീവിതവൈകാരികതകളിലാണ് ഈ ചിത്രത്തിന്‍െറ ഊന്നല്‍. പ്രണയത്തിലും ദാമ്പത്യത്തിലും പരാജയപ്പെടുന്ന ഒരു പാവം മനുഷ്യന്‍. ഇതിവൃത്തഘടനയില്‍ ടി.വി ചന്ദ്രന്‍െറ ‘കഥാവശേഷന്‍’ എന്ന ചിത്രത്തോടാണ് ഇതിന് സാമ്യം. ഒരു നായകകഥാപാത്രത്തിന്‍െറ വീരശൂരപരാക്രമങ്ങള്‍ക്കൊന്നും ഇതില്‍ സ്ഥാനമില്ല. തികച്ചും സാധാരണമായ ഒരു ജീവിതം പറഞ്ഞുപോവുകയാണ് ഇവിടെ. അതിസാധാരണത്വം കൊണ്ടുതന്നെ രസം ജനിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഇല്ലാതെ പോയി.


ക്ളീഷേകളുടെ ഘോഷയാത്രയാണ് സിനിമ. മുട്ടത്തുവര്‍ക്കി നോവലുകളുണ്ടാക്കിവെച്ചതും മലയാള സിനിമയുടെ ചരിത്രത്തോളം പഴക്കമുള്ളതുമായ പ്രണയകഥയാണ് തുടക്കത്തില്‍ പറയുന്നത്. അയല്‍ക്കാരി ജെസ്സിയുമായുള്ള പ്രണയത്തിന്‍െറ കഥ. വലിയ കടബാധ്യതകളുള്ള കുടുംബത്തിലെ തൊഴില്‍രഹിതനായ യുവാവിന് മകളെ കെട്ടിച്ചുകൊടുക്കാന്‍ ജെസ്സിയുടെ മാതാപിതാക്കള്‍ തയാറാവുന്നില്ല. ജോസൂട്ടിയുടെ വീട് നൂറുകണക്കിന് മലയാള സിനിമകളില്‍ നാം കണ്ടിട്ടുള്ളതാണ്. ദൈവഭയമുള്ളവനും ആദര്‍ശവാനും നീതിമാനുമായ അച്ഛന്‍. വീട് കടം കയറി നില്‍ക്കുന്നു. കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന പെങ്ങള്‍. മറ്റൊരു പെങ്ങളുടെ കല്യാണം കഴിഞ്ഞെങ്കിലും സ്ത്രീധനത്തുക ബാക്കിയാണ്. അതിന്‍െറ പേരില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന അവളുടെ ഭര്‍ത്താവ് വീട്ടില്‍ വന്ന് ബഹളമുണ്ടാക്കുന്നു. എത്ര കൊള്ളരുതാത്തവനായിട്ടും മകനോട് വലിയ വാല്‍സല്യമുള്ള സ്നേഹമയിയായ അമ്മയും പെങ്ങളും. കാമുകിയുടെ വിവാഹം മുടക്കാന്‍ വരന്‍ വരുന്ന വഴിയില്‍ കാത്തിരിക്കുന്ന സുഹൃത്തുക്കള്‍. അവര്‍ കല്യാണം മുടക്കുന്ന രംഗത്തിനുപോലുമില്ല പുതുമ. കാമുകി ആളു പെഴയാണ് എന്നു പറഞ്ഞാണ് കല്യാണം മുടക്കുന്നത്. നൂറുകണക്കിന് മലയാള സിനിമയില്‍ നമ്മള്‍ കണ്ടിട്ടുണ്ട് ഈ രംഗം. പ്രേമിച്ച പെണ്ണ് ഒളിച്ചോടി വരുമ്പോള്‍ അവളെ പിന്തിരിപ്പിക്കുന്ന നായകന്‍. മനസ്സമ്മതദിവസം പള്ളിയില്‍ പോയി അവള്‍ സമ്മതമല്ല എന്നു പറയുന്നതിന് ചെവിയോര്‍ക്കുന്നത് അങ്ങനെ കണ്ടുമടുത്ത ദൃശ്യങ്ങളുടെ ആവര്‍ത്തനമാണ് ആദ്യപകുതിയില്‍ ഏറെയും.


ക്രിസ്ത്യന്‍ സദാചാരവാദികള്‍ക്കും കുടുംബമൂല്യങ്ങളെ മുറുകെപ്പുണരുന്നവര്‍ക്കും ഇഷ്ടപ്പെടും എന്ന ധാരണയിലാവണം ജോസൂട്ടി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചെടുത്തത്. അതിനായി രണ്ടു മാലാഖമാരെ ചിത്രത്തില്‍ തുടക്കം മുതല്‍ അവതരിപ്പിക്കുന്നുണ്ട്. പാപചിന്തകളുടെയും പ്രലോഭനങ്ങളുടെയും ചിറകു വിരിച്ച് ചുവന്ന മാലാഖ. (വിളിക്കാന്‍ വേറെ ഒരു പേരില്ലാത്തതുകൊണ്ടാണ് ചിറകുള്ള ഈ സ്ത്രീരൂപത്തെ അങ്ങനെ വിളിക്കുന്നത്). പിന്നെ വിശുദ്ധിയുടെ വെള്ളവസ്ത്രം ധരിച്ച് സുന്ദരിയായ മറ്റൊരു മാലാഖ. ഇവര്‍ക്കിടയിലാണ് ജോസൂട്ടിയുടെ മനസ്സ്. ഏതുപക്ഷത്തേക്കു ചായണം എന്ന് ജോസൂട്ടി പലപ്പോഴും ആശങ്കയിലാവുന്നു. നന്മ നിറഞ്ഞവനും ശുദ്ധഗതിക്കാരനും നീതിമാനുമായ നായകകഥാപാത്രത്തിന്‍െറ നിര്‍മിതിയില്‍ കഥാകൃത്തിന് കാര്യമായ പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. ഒന്നിനും കൊള്ളാത്തവനാണ് ജോസൂട്ടി. വീട്ടിലെ കടബാധ്യതകള്‍ തീര്‍ക്കാന്‍ അവന്‍െറ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള ശ്രമങ്ങളുമുണ്ടാവുന്നില്ല. മകനെ നീതിബോധവും ജീവിതത്തിലെ പാഠങ്ങളും പഠിപ്പിക്കുന്ന അപ്പന്‍ ജോസഫ് ആവട്ടെ, അവനോട് വിദ്യാഭ്യാസത്തിന്‍െറയോ തൊഴിലിന്‍െറയോ ആവശ്യത്തെക്കുറിച്ച് പറയുന്നുമില്ല. രണ്ട് കൂട്ടുകാരുമായി കാറ്റില്‍പെട്ട കരിയില പോലെ പറന്നു നടക്കുന്നവനാണ് ജോസൂട്ടി. പിന്നീടങ്ങോട്ട് നാം കാണുന്നത് രഞ്ജിത്തിന്‍െറ ‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’യിലെ മാത്തുക്കുട്ടിയായി ജോസൂട്ടി മാറുന്നതാണ്. ക്രിസ്ത്യന്‍ സമുദായത്തിന്‍െറ പ്രവാസം കൂടുതലും യൂറോപ്യന്‍ നാടുകളിലേക്കായിരുന്നല്ളോ. മാത്തുക്കുട്ടിയെപ്പോലെ നാട്ടിലെ കാമുകിയെ കെട്ടാനാവാത്ത വിഷമത്തില്‍, വേറെ ഒരു വിവാഹം കഴിച്ച് ജോസൂട്ടി ന്യൂസിലാന്‍റിലത്തെുകയാണ്. ന്യൂസിലാന്‍റിലത്തെിയിട്ടും നാം കാണുന്നത് ക്ളീഷേകളുടെ വിളയാട്ടമാണ്. കെട്ടിയ പെണ്ണിനോടൊപ്പം ദാമ്പത്യജീവിതം നയിക്കാനോ ആദ്യരാത്രി ആഘോഷിക്കാനോ പറ്റാതെ കഴിയുന്ന നായകന്മാരുടെ ആത്മവ്യഥകള്‍ നാമെത്ര കണ്ടതാണ്. രണ്ടാംപകുതിയില്‍ കുറേ നേരം നമ്മളത് കാണണം. അതുകൊണ്ടും ക്ളീഷേ തീരുന്നില്ല. എന്തുകൊണ്ട് കെട്ടിയ പെണ്ണ് അവനെ തിരസ്കരിക്കുന്നുവെന്നതിന് ഒരു കാരണമുണ്ട്. അത് കാലങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നതു തന്നെ. വിദേശത്ത് ചിത്രീകരിച്ച ‘സ്പാനിഷ് മസാല’യില്‍ നെല്‍സണ്‍ അവതരിപ്പിച്ച പപ്പന്‍ എന്ന കഥാപാത്രമാണല്ളോ ദിലീപിന് കൂട്ടായത്. അതേ പോലെ തന്നെ ഒരു കഥാപാത്രമുണ്ട് ന്യൂസിലാന്‍റിലും ജോസൂട്ടിക്ക് തുണയായി. ചെമ്പില്‍ അശോകനാണ് അവതരിപ്പിക്കുന്നത്. ഒരു രംഗത്ത് തികച്ചും അശ്ളീലമായ ആംഗ്യപ്രകടനത്തിലൂടെ ചിരിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട് ചെമ്പില്‍ അശോകന്‍.


ജോസൂട്ടി എന്ന കഥാപാത്രത്തിന്‍െറ സ്വഭാവവ്യാഖ്യാനത്തിന് ഒരു വ്യക്തതയുമില്ല. ഒരു ഘട്ടത്തില്‍ അയാള്‍ തീരുമാനിക്കുകയാണ് ഇങ്ങനെയൊന്നും ജീവിച്ചിട്ട് കാര്യമില്ളെന്ന്. അച്ഛനും അമ്മയും മരിക്കുമ്പോള്‍ അയാള്‍ നാട്ടില്‍ പോവാതിരിക്കുന്നതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. നാട്ടില്‍ നിന്നു വരുന്ന കോളുകള്‍ എടുക്കാതെ ഫോണ്‍ സുഹൃത്തിനെ ഏല്‍പ്പിക്കുകയാണ് അയാള്‍. നാട്ടിലെ വിശേഷങ്ങളൊക്കെ അവര്‍ പറഞ്ഞാണ് അയാള്‍ അറിയുന്നത്. പണമുണ്ടാക്കാന്‍ ഇറങ്ങിത്തിരിക്കുന്നതും ഒരു ഘട്ടത്തില്‍ വെച്ച് അതു നിര്‍ത്തി നാട്ടിലേക്കു മടങ്ങുന്നതും ഒന്നും എളുപ്പത്തില്‍ ദഹിക്കുന്ന സംഗതികളല്ല. നാടിനോട് ഒരു തരത്തിലും അടുപ്പം വേണ്ട എന്നു തീരുമാനിച്ചിരുന്ന ജോസൂട്ടിക്ക് തന്‍െറ വേരുകളിലേക്കു മടങ്ങാന്‍ അത്ര ശക്തമായ പ്രേരണയൊന്നും ഉണ്ടാവുന്നുമില്ല. ‘കന്യകന്‍’ ആയി ജീവിക്കുന്നതിലുള്ള പ്രയാസം അയാള്‍ പ്രിയ വഴി മാറ്റിയെടുക്കുന്നുമുണ്ട്. എട്ടുവര്‍ഷത്തെ അധ്വാനത്തെയും സമ്പത്തിനെയും പ്രിയയെയും ഉപേക്ഷിച്ചു മടങ്ങുന്നതിന് വ്യക്തമായ കാരണങ്ങളൊന്നും കഥാകൃത്തോ കഥാപാത്രമോ ബോധിപ്പിക്കുന്നില്ല. രണ്ടു തരത്തിലുള്ള സ്ത്രീപുരുഷ ബന്ധങ്ങളുടെ വൈകാരികമുഹൂര്‍ത്തങ്ങള്‍ക്കുള്ള സാധ്യതകള്‍ ചിത്രത്തിലുണ്ടായിരുന്നു. റോസും പ്രിയയും തമ്മിലുള്ള ജോസൂട്ടിയുടെ ബന്ധത്തിന്‍െറ സങ്കീര്‍ണതകളിലേക്കോ സാധ്യതകളിലേക്കോ കഥാകൃത്ത് കടക്കുന്നില്ല. അതോടെ ഉപരിപ്ളവമായ സംഭവവിവരണങ്ങള്‍ മാത്രമായി ആ കഥാഗതികള്‍ മാറി.


ജീത്തു ജോസഫിന്‍െറ ചിത്രങ്ങളെല്ലാം സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാവുന്ന വസ്തുത അതില്‍ അന്തര്‍ലീനമായ സ്ത്രീവിരുദ്ധതയാണ്. ആദ്യചിത്രമായ ‘ഡിറ്റക്ടീവി’ല്‍ സിന്ധുമേനോന്‍ അവതരിപ്പിക്കുന്ന രശ്മിയുടെ കഥാപാത്രം മുതല്‍ തുടങ്ങുന്നു ഈ സമീപനം. ‘മെമ്മറീസ്’ എന്ന ചിത്രം നോക്കൂ. സ്ത്രീകളാണ് അതിലെ പ്രതിയോഗികള്‍. പുരുഷന്മാര്‍ ചെയ്യുന്ന തെറ്റുകളൊന്നും ശിക്ഷയര്‍ഹിക്കുന്നതല്ല. സ്ത്രീകള്‍ ശിക്ഷിക്കപ്പെടേണ്ടവരാണ് എന്ന ബോധം ജീത്തുവില്‍ എവിടെയോ ഉറച്ചുപോയിട്ടുണ്ട്. ഈ ചിത്രത്തിലെ ജെസ്സി വേറെ വിവാഹം കഴിച്ചതിനുശേഷം ഓരോ തവണയും വീട്ടിലേക്കു വന്നു കയറുന്നത് നിറവയറുമായാണ്. അപ്പോഴെല്ലാം ജോസൂട്ടിയുടെ ആത്മഗതം ‘ഇവളിത് എന്നോടുള്ള വാശിക്കാണോ ഇങ്ങനെ ഗര്‍ഭിണിയാവുന്നത്’ എന്നാണ്. നോബിയുടെ കഥാപാത്രം പാലത്തിലൂടെ നടന്നുപോവുമ്പോള്‍ ഒരു സ്ത്രീ മുന്നിലൂടെ വരുന്നു. അവര്‍ കടന്നുപോവുമ്പോള്‍ തിരിഞ്ഞുനോക്കിക്കൊണ്ട് നോബി പാടുന്നത് ആരോ കമിഴ്ത്തിവെച്ചൊരോട്ടുരുളി പോലെ എന്നാണ്. പത്തു കിലോ ഇറച്ചിയും നടുക്കൊരു വെട്ടും എന്നോ മറ്റോ വേറെ ഒരു പരാമര്‍ശവും കേള്‍ക്കാം. പ്രിയയുടെ ഭര്‍ത്താവിനെപ്പറ്റി ചെമ്പില്‍ അശോകന്‍െറ കഥാപാത്രം പറയുന്നത് ചാന്തുപൊട്ട്, ഒമ്പത് എന്നൊക്കെയാണ്. സ്വവര്‍ഗലൈംഗികതയെക്കുറിച്ചുള്ള സമൂഹത്തിന്‍െറയും ഭരണകൂടത്തിന്‍െറയും നിയമസംവിധാനത്തിന്‍െറയും കാഴ്ചപ്പാടുകള്‍ മാറിക്കഴിഞ്ഞുവെന്ന കാര്യം തിരക്കഥാകൃത്തിനു തിരിഞ്ഞിട്ടില്ല എന്നു തോന്നുന്നു.


ഏറ്റവും വിചിത്രമായി തോന്നിയത് രവിചന്ദ്രന്‍െറ ക്യാമറയാണ്. എന്തിനാണ് ഈ ക്യാമറ ആകാശത്തു നിന്ന് ഭൂമിയിലേക്കു നോക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ദൈവവും മാലാഖമാരുമൊക്കെ ജോസൂട്ടിയുടെ ജീവിതം കാണുന്നുണ്ട് എന്നു കാണിക്കാനാണോ? എന്തായാലും അനാവശ്യമായ ഹെലിക്യാം ഷോട്ടുകള്‍ സിനിമയുടെ സുഗമമായ ആസ്വാദനത്തിനു തടസ്സമാവുന്നുണ്ട് എന്നു പറയാതെ വയ്യ. പെണ്ണുകാണാന്‍ വന്ന കൂട്ടരുടെ അംബാസഡര്‍ കാര്‍ മടങ്ങിപ്പോവുമ്പോള്‍ പോലും ക്യാമറ ആകാശത്തു തന്നെയാണ്.
കഥാപാത്രം ആവശ്യപ്പെടുന്ന ഭാവപ്പകര്‍ച്ച നടത്തിയിട്ടുണ്ട് ദിലീപ്. പക്ഷേ ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ ഉള്‍പ്പെടെയുള്ള ഒരുപാടു സിനിമകളില്‍ അവതരിപ്പിച്ച വേഷത്തിന്‍െറ പകര്‍പ്പുമാത്രമാണ് ജോസൂട്ടി. അതിനാല്‍ ദിലീപിന് അധികം അധ്വാനിക്കേണ്ടി വന്നിട്ടുണ്ടാവില്ല. ജ്യോതികൃഷ്ണയാണ് നായികയായ റോസിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രിയയായി വന്ന രഞ്ജിനി രൂപേഷ് തന്‍െറ വേഷം ഭംഗിയാക്കി. ജോസൂട്ടിയുടെ അപ്പനെ അവതരിപ്പിച്ച ഹരീഷ് പേരടി താന്‍ മികച്ച സ്വഭാവനടനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ജീത്തു ജോസഫിന്‍െറ കരിയറിന് ഒരു ഗുണവും ചെയ്യാത്ത ഈ സിനിമ നല്ല ഗൃഹപാഠം ചെയ്യാതെ സിനിമയെടുക്കുന്നതിന്‍െറ അപകടങ്ങള്‍ വിളിച്ചുപറയുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT