തൊടുപുഴ എന്നാൽ വാസന്തി ചേച്ചിയായിരുന്നു

ആയിരത്താണ്ടുകൾ പഴക്കമുള്ള കാർഷിക സംസ്ക്കാരവും ജൈന-ബുദ്ധ മത കുടിയേറ്റാവശിഷ്ടങ്ങളും, പടയോട്ട കാലത്ത് രൂപം കൊണ്ട വഴികളുമൊക്കെയുണ്ടെങ്കിലും, അടുത്ത കാലം വരെ, ഇടുക്കി ജില്ലയിൽപ്പെട്ട തൊടുപുഴ പട്ടണം, കേരളത്തിൻറെ ഭൂപടത്തിൽ അത്രയൊന്നും അറിയപ്പെടാത്ത, ഒരു സ്ഥലം മാത്രമായിരുന്നു.

നഗരമധ്യത്തിലൂടെ നിറഞ്ഞൊഴുകുന്ന പുഴ, അതിനു മീതേയുണ്ടാക്കിയ ഒരു പാലം, ആ പാലത്തിനിരുപുറവുമായി ചിതറിക്കിടക്കുന്ന, തിരക്കാർന്ന തൊടുപുഴയുടെ അരിഷ്ടതകളിലൂടെ, തിക്കിത്തിരക്കി സ്ക്കൂളിലേക്കും, കോളേജിലേക്കും നടന്നു പോയ ഓർമകളാണ് എൻറെ ബാല്യ കൗമാരങ്ങൾക്കുള്ളത്...!

അങ്ങനെയൊരു ദിവസം കൂട്ടുകാരിയുമായി പാലത്തിനക്കരയുള്ള സ്ക്കൂളിലേക്ക് പോകുമ്പോൾ, ആദ്യമായി വാസന്തി ചേച്ചിയെ കണ്ടുമുട്ടിയത് ഓർമ വരുന്നു. 1987 ലോ മറ്റോ ആണ്. നെറ്റിയിൽ ശിങ്കാറി​​െൻറ വലിയ മെറൂൺ പൊട്ടിട്ട്, വയലറ്റ് നിറമുള്ള വലിയ പൂക്കൾ വീണു കിടക്കുന്ന നേർമയുള്ള ജോർജറ്റ് സാരിയുടുത്ത്, സുഗന്ധം തോന്നിപ്പിക്കുന്ന ഒരു  നേരിയ ചിരി ആൾനോട്ടങ്ങളിലേക്ക് വിതറി ഒരു മാജിക് റോസ് പൂവിൻറെ ചാരുതയോടെ കടന്നു പോവുന്ന അവരെ നോക്കി നിന്നു പോയി.

Full View

തൊടുപുഴയുടെ കലാസാംസ്കാരിക രംഗം അന്ന് അത്ര സജീവമല്ലായിരുന്നു. പേരുകേട്ട സാഹിത്യകാരന്മാരോ, സിനിമാക്കാരോ, സാംസ്ക്കാരിക പ്രവർത്തകരോ, അവിടെ ഉണ്ടായിരുന്നതായി അറിവിലില്ല. പി.ആർ ഉണ്ണിക്കൃഷ്ണൻ നായർ എന്ന തൊടുപുഴക്കാരുടെ ഉണ്ണിച്ചേട്ടൻ നടത്തിയിരുന്ന ‘മിനി പബ്ലിസിറ്റി ബ്യൂറോ’ എന്ന സാംസ്​കാരിക സംഘടന മാത്രമായിരുന്നു അക്കാലത്തെ കലാ സ്നേഹികളെ കലാകാരന്മാരുമായി ബന്ധിപ്പിച്ചിരുന്ന ഒരേയൊരു വേദി. എല്ലാ വർഷവും ഓണക്കാലത്ത്  സ്വന്തം കീശയിൽ നിന്നും പണം മുടക്കി ഒരു അനുഷ്ഠാനം പോലെ പരിപാടികൾ ഒറ്റക്ക് സംഘടിപ്പിച്ച് ഓണം ചുമലിലേറ്റിയിരുന്ന ഉണ്ണിച്ചേട്ടൻ ഒരു സഹൃദയനായിരുന്നു. ആ പരിപാടികളിൽ എൻറെ സമപ്രായക്കാരിയായിരുന്ന ബിന്നി (ഇന്നത്തെ പ്രശസ്ത സംഗീതജ്ഞ ബിന്നി കൃഷ്ണകുമാർ) ഒക്കെ സ്ഥിരമായി പങ്കെടുത്തിരുന്നു. തൊടുപുഴക്കാർ ഒന്നടങ്കം ഓടിയെത്തുന്ന മിനിയുടെ ഓണാഘോഷ വേദിയിൽ വെച്ച് പിന്നെയും വാസന്തി ചേച്ചിയെ കണ്ടുമുട്ടി. സദാ പ്രസന്നയായിരുന്ന അവർ പരിചയമില്ലാത്തവരെപ്പോലും എളിമയോടെ നോക്കി മധുരമായ ചിരി കൊണ്ട് ആദരിച്ചത് ഓർമിക്കുന്നു. താരങ്ങളായ മമ്മൂട്ടിയേയും, മോഹൻലാലിനേയും റഹ്മാനേയുമൊക്കെ അടുത്തു കാണുന്ന അവരെ ആരാധനയോടെ നോക്കിക്കണ്ട ഒരു കൗമാരക്കാരിക്കുട്ടി ഇതെഴുതുമ്പോഴും എന്റെയുള്ളിൽ കുതൂഹലത്തോടെ ഒളിച്ചു നിൽക്കുന്നത് വീണ്ടും കാണുന്നു .

തൊടുപുഴയിൽ അക്കാലത്ത് ഷൂട്ടിങ്ങുകളേ ഉണ്ടായിരുന്നില്ല.. കുളമാവിൽ പിടിച്ച ‘വൈശാലി’യും, മൂലമറ്റത്ത് പിടിച്ച ‘പുറപ്പാടു’മാണ് ആകെ ഓർമയിലുള്ള ചിത്രങ്ങൾ.. തൊടുപുഴക്കാർ പിടിച്ച ‘വരണമാല്യം’ എന്ന സിനിമയിൽ ഞാനും കൂട്ടുകാരികളും വാസന്തി ചേച്ചിയുടെ വിദ്യാർത്ഥിനികളായി ഒരു പാട്ടിൽ മിന്നി മാഞ്ഞു പോകുന്ന സീനുകൾ ഉണ്ട്. ആ ചിത്രീകരണത്തിനിടയിൽ അവർ ഞങ്ങളോട് കാണിച്ച അടുപ്പവും വാത്സല്യവും ഇന്നും മറക്കാനാവുന്നില്ല. 

ജീവിതത്തിൻറെ കുത്തൊഴുക്കുകളിൽ, പിടിവള്ളികളിൽ എത്തിപ്പിടിച്ച്, മുങ്ങിപ്പൊങ്ങി ഒഴുക്കിനൊത്ത് നീങ്ങുമ്പോൾ, അവർ മനസ്സില നിന്നും മാഞ്ഞു പോയി. എങ്കിലും അവരുടെ ചില പഴയ സിനിമകൾ ടി.വിയിൽ വരുമ്പോൾ ആ തൊടുപുഴക്കാരിയെ സ്നേഹത്തോടെ ഓടി വന്നു നോക്കി നാടിനെ തൊടുന്ന  ബന്ധുത പോലൊരു വികാരത്തിൽ ലയിച്ചു നിൽക്കാറുണ്ട്.

2000 ലോ മറ്റോ പുറത്തിറക്കിയ മിനി പബ്ലിസിറ്റി ബ്യൂറോയുടെ സ്മരണികയിൽ വാസന്തി ചേച്ചി സ്വന്തം കലാ ജീവിതത്തെപ്പറ്റി എഴുതിയത് ഇങ്ങനെ വായിക്കാം.

‘‘തൊടുപുഴ മണക്കാട് സ്വദേശിനിയായ ഞാൻ സഹോദരിമാരുമായി ചേർന്ന് ‘ജയഭാരത് നൃത്തകലാലയം’ എന്ന സ്ഥാപനം നടത്തിയിരുന്നു. ‘യാഗഭൂമി’ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ചു. ആ നാടകത്തിൽ കൂടെ അഭിനയിച്ച എസ്.പി. പിള്ള സാർ നീ വലിയ നടിയാകുമെന്ന് അന്നേ എന്നോട് പറഞ്ഞിരുന്നു. അതു ഫലിച്ചു. എൻറെ ആദ്യ സിനിമാ ഉദയായുടെ ‘ധർമ്മക്ഷേത്രേ, കുരുക്ഷേ​േത്ര’ ആയിരുന്നു. പിന്നീട് ഞാൻ അടൂർ മാത തിയറ്റേഴ്​സി​​െൻറ നാടകങ്ങളിലെ സ്ഥിരം നടിയായിരുന്നു. തോപ്പിൽ ഭാസി സാറിൻറെ ‘മോചനം’, ‘എൻറെ നീലാകാശം’ എന്നീ നാടകങ്ങളിലൂടെ ഞാൻ സ്വഭാവനടികളുടെ നിരയിലേക്കുയർന്നു... കെ.ജി. ജോർജി​​െൻറ ‘യവനിക’യിലൂടെ എനിക്ക് സിനിമയിൽ തിരക്കേറി. റേഡിയോ നിലയങ്ങളിൽ പ്രോഗ്രാം ചെയ്തു. മൂന്നു വർഷം കേരള സംഗീത നാടക അക്കാദമി മെമ്പർ ആയിരുന്നു. ടെലിഫിലിമുകളിലും രണ്ടു തമിഴ് സിനിമകളിലും അഭിനയിച്ചു. അഭിനയ ജീവിതത്തിൽ സംതൃപ്തി നൽകിയ വേഷങ്ങൾ മോഹൻ സാറിൻറെ ‘ആലോല’വും, ജോർജ്ജ് സാറിന്റെ ‘യവനിക’യുമാണ്. ഇനിയും കലാരംഗത്ത് തുടരാൻ ദൈവം അനുഗ്രഹിക്കണേ എന്നാണ് എന്റെ പ്രാർത്ഥന’’

വാസന്തി ചേച്ചിയുടെ ആ പ്രാർത്ഥന ദൈവം വേണ്ട വിധം കേട്ടോ എന്നത് സംശയമാണ്. രോഗവും വാർധക്യവും പ്രിയപ്പെട്ടവരെ ഒന്നൊന്നായി അവരുടെ ജീവിതത്തിൽ നിന്നും പിടിച്ചു വാങ്ങിക്കൊണ്ടുപോയി.
അർഹിക്കുന്ന അംഗീകാരം സിനിമയോ, നാട്ടുകാരോ അവർക്ക് നൽകിയതുമില്ല. രോഗത്തിൻറെ ആക്രമണങ്ങളെയും ദാരിദ്ര്യത്തിൻറെ ചോർച്ചകളേയും ഒറ്റയ്​ക്കുനിന്ന്​ നേരിട്ടപ്പോഴും അവർ സ്വപ്നം കണ്ടത് സിനിമയിലേക്കുള്ള തിരിച്ചുവിളികൾ മാത്രമായിരുന്നു. തികഞ്ഞ കലാകാരി മാത്രമായ അവർക്ക് അല്ലെങ്കിലും മറിച്ചു ചിന്തിക്കാനാവുമായിരുന്നില്ലല്ലോ. 

നാടകത്തിലും, സിനിമയിലുമഭിനയിക്കുന്ന സ്ത്രീകളെ മഞ്ഞക്കണ്ണോടെ മാത്രം നോക്കിക്കണ്ട ഒരു യഥാസ്ഥിതിക കാലഘട്ടത്തിൽ നിന്നാണ് സ്വന്തം പേരിനു മുൻപേ അത്രയൊന്നും അറിയപ്പെടാത്ത തൊടുപുഴ എന്നൊരു നാടിനെ ഒട്ടിച്ചുവെച്ച്​ വാസന്തി ചേച്ചി മലയാള സിനിമയിൽ തിളങ്ങി നിന്നതും, തന്നോളമോ അതിനു മീതെയോ ജന്മനാടിൻറെ പേരിൽ അറിയപ്പെടുവാൻ അഭിമാനിച്ചതും എന്നത് അത്ഭുതപ്പെടുത്തുന്നു. മറ്റൊരു തരത്തിൽപ്പറഞ്ഞാൽ വാസന്തി ചേച്ചിയെപ്പോലുള്ള നഷ്ടനായികമാർ ചൂടിയ മുൾക്കിരീടമാണ്, അവരുടെ സഹനങ്ങളും സമരങ്ങളുമാണ്, അവർ പുതുതലമുറയിലെ നടിമാർക്ക് പുഷ്പകിരീടമാക്കി മാറ്റി എറിഞ്ഞു കൊടുത്തിട്ട് നിശബ്​ദരായി കടന്നു പോകുന്നത്..

ഇന്ന് തൊടുപുഴ മാറിപ്പോയി. സിനിമാക്കാർക്കു രാശിയുള്ള, ലോകബാങ്കിൻറെ സഹായത്തോടെ അനിതരസാധാരണ മികവിൽ പ്ലാൻ ചെയ്ത, ഈ നഗരം കേരളത്തിലെ ഏതു വൻ നഗരത്തോടും കിടപിടിക്കുന്ന ഒന്നായി മാറിക്ക​ഴിഞ്ഞിരിക്കുന്നു. 

തൊടുപുഴയിൽ നിർമിച്ച ഒരു സിനിമയിൽപ്പോലും, തൊടുപുഴ എന്ന പേർ ഒരു കാലത്ത് സിനിമയിൽ പതിപ്പിച്ചു വെച്ച വാസന്തി ചേച്ചി അഭിനയിച്ചതായി അറിവില്ല. നഗരം അവരെ ആദരിച്ചതായോ, സിനിമാലോകം ഓർമിച്ചതായോ കേട്ടില്ല. കാലവും ലോക നിയമവും അങ്ങനെയാണ്. വഴി വെട്ടിയവരെ മറക്കും. ഉത്തരം താങ്ങി നിർത്തുന്ന, ശിരസിനെ തള്ളിയിട്ട് അതിനു മേൽ ചില്ലു ഗോപുരങ്ങൾ പണിയും... തൊടുപുഴയിലെ പുതു തലമുറയ്ക്ക് വാസന്തി ചേച്ചിയെ അത്ര അറിവുണ്ടാവില്ല..

എന്നാൽ ചരിത്രം കളവ പറയില്ല. തൊടുപുഴയുടെ കലാസാംസക്കാരിക പുസ്തകത്തി​​െൻറ ഏടുകൾ മറിച്ചു നോക്കുമ്പോൾ, തൊടുപുഴയെ ശിരസിലേറ്റി നിൽക്കുന്ന ആ കലാകാരിയുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ കാലത്തിന് മുൻപിൽ  തെളിഞ്ഞു കാണാനാവും...

Tags:    
News Summary - Vasanthi as Thodupuzha-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.