ഉത്തരം തേടുന്ന ചോദ്യങ്ങൾ

അനേകം വർഷങ്ങൾക്കു മുമ്പ്​ എന്ന പോലെ, ഇപ്പോഴും അതേ പാളത്തിലുടെ തീവണ്ടി പായുകയാണ്​. കൊല്ലത്തുനിന്ന്​ മദിരാശി നഗരത്തിലേക്ക്​.  പഴയ മദിരാശിയല്ല, അതിപ്പോൾ ​െചന്നെ എന്ന മാനഗരമാണ്​. പുക തുപ്പിപ്പായുന്ന പഴയ തീവണ്ടിയല്ല, വൈദ്യുതി കമ്പികളിൽ കൊളുത്തിയോടുന്ന പുകയില്ലാത്ത ട്രെയിൻ. 

യാത്രയ്​ക്കിടയിൽ  ഞാൻ വായിച്ചുകൊണ്ടിരിക്കുന്നത്​ അശോകൻ ചരുവിൽ എഴുതിയ പുതിയൊരു ചെറുകഥയായിരുന്നു.- ‘അമീർ അലി സുൽത്താൻ’. കഥ ഇങ്ങനെ തുടങ്ങുന്നു. -ഒരു സായാഹ്​നം ആഘോഷിക്കാൻ ഹോട്ടൽ റൂമിൽ സുഹൃത്തിനെ കാത്തിരിക്കുമ്പോൾ സുഹൃത്തിനൊപ്പം ഒരു അപരിചിതൻ കൂടി കടന്നു വരുന്നു. ആദ്യ നോട്ടത്തിൽതന്നെ അപരിചിതനെ കഥാനായകന്​  ഇഷ്​ടമായില്ല. മദ്യം വിളമ്പിയപ്പോൾ അയാൾ ഒഴിഞ്ഞുമാറിയത്​  വെറുപ്പ് ഇരട്ടിയാക്കി. മദ്യപാന സദസ്സിൽ മദ്യപിക്കാത്ത ഒരപരിചിതനെ സഹിക്കേണ്ടിവരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അയാളുടെ അനവസരത്തിലെ ഇടയ്ക്കു കയറിയുള്ള സംസാരം  കൂടിയായപ്പോൾ എല്ലാം പൂർണമായി. തികഞ്ഞ നീരസത്തോടെ കഥാനായകൻ ചോദിച്ചു-‘തനിക്കെന്താ പണി...?’

ഒരു നിമിഷത്തേക്ക്​ എ​​​​െൻറ വായന നിന്നുപോയി. ആ ചോദ്യം വാസ്​തവത്തിൽ എന്നോടാണെന്ന്​ എനിക്കു ​േതാന്നിപ്പോയി. വർഷങ്ങൾക്കു മുമ്പ്​, കൃത്യമായി പറഞ്ഞാൽ എൺപതുകളുടെ തുടക്കത്തിൽ, ഇതേ പാളങ്ങളിലൂടെ കോടമ്പാക്കത്ത്​ വിടരുന്ന സിനിമ മോഹങ്ങളുമായി തീവണ്ടി കേറിപ്പോയ നാളു മുതൽ ഞാൻ  ഇൗ  ചോദ്യത്തെ പല രീതിയിൽ നേരിട്ടുകൊണ്ടിരിക്കുന്നു.. മലയാള സിനിമ കൂടും കുടുക്കയുമെടുത്ത്​ തമിഴകം വിട്ടിട്ടും ഇവിടം വിടാ​ത്ത  എന്നെ നോക്കീ ചാട്ടുളി കണക്കെ ഇൗ ചോദ്യം പിന്നെയും പിന്നെയും കയറിവരുന്നു.

യേശുദാസും സംഗീത സംവിധായകൻ കണ്ണൂർ രാജനും

കോടമ്പാക്കത്തെ സിനിമാ സംഗീതരംഗവുമായിട്ടായിരുന്നു എനിക്ക്​ ബന്ധം. അന്നൊക്കെ എന്നോട് പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട്​. ചിലപ്പോഴൊക്കെ ഞാനും എന്നോട്​ ചോദിച്ചിട്ടുണ്ട്​...‘തനിക്കെന്താ  പണി...?’
റെക്കോർഡിങ്​ സ്​​റ്റുഡിയോകളിൽ ഞാനുണ്ടായിരുന്നു. എന്നാൽ, എനിക്ക് പണിയൊന്നും ഉണ്ടാകില്ല. പാടാനറിയാം. എന്നാൽ, പിന്നണിഗായകനല്ല. ഹാർമോണിയം വായിക്കാനറിയാം. പക്ഷേ, സ്​റ്റുഡിയോയിലെ ഹാർമോണിസ്​റ്റല്ല. സംഗീതം ചെയ്യാന​ുമറിയാം. എന്നാൽ, ഒരിക്കൽ പോലും സംഗീത സംവിധായകനായില്ല. കുറച്ചുകാലം കണ്ണൂർ രാജൻ എന്ന സംഗീത സംവിധായക​​​​െൻറ സഹായിയായി പ്രവർത്തിക്കുകയും കുറച്ചുകാലം കോറസ്​ പാടി നടക്കുകയും ചെയ്തതൊഴിച്ചാൽ ഇപ്പോൾ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. എങ്കിലും, സംഗീതകാരന്മാർക്കൊക്കെ എന്നെ ഇഷ്​ടമായിരുന്നു. എ​​​​െൻറ സഹോദരി ലതിക ഗായികയായതുകൊണ്ടു കൂടിയായിരിക്കാം അത്. 

കൂടെക്കൂടെ സംഗീത പരിപാടികൾക്കായി ലതികയോടൊപ്പം വിദേശയാത്രകൾ ചെയ്യാറുള്ളതുകൊണ്ട് വിലകൂടിയ വിദേശ വസ്​ത്രങ്ങളായിരുന്നു എ​​​​െൻറ പതിവുവേഷം. കൈയിൽ വിലകൂടിയ വാച്ചും മുഖത്ത് റേ ബാൻ സൺ ഗ്ലാസുമുണ്ടാകും. റേ ബാൻ ഗ്ലാസൊക്കെ അക്കാലത്ത് വളരെ വിലകൂടിയ അപൂർവ വസ്​തുവാണ്. വിദേശ വസ്​തുക്കളൊന്നും ഇന്നത്തെപ്പോലെ സുലഭമല്ലാത്ത കാലം. ഇതൊക്കെയാവണം സംഗീത കലാകാരന്മാർക്ക് എന്നോടുണ്ടായ മമതയ്ക്കു കാരണം.

ഐ.വി ശശിയുടെ ആദ്യചിത്രമായ ഉത്സവത്തി​​​​െൻറ അവസാന മിനുക്കു പണികൾ നടക്കുന്ന കാലം. അവസരങ്ങൾ തേടി നടക്കുന്ന ഭാഗ്യാന്വേഷികളിൽ പലരും ഹോട്ടൽ ഹോളിവുഡിനു സമീപമുള്ള പുലിയൂർ മെയിൻ റോഡിലെ ശശിയുടെ വീട്ടിൽ പതിവു സന്ദർശകരാണ്. കണ്ണൂർ രാജനോടൊപ്പം ചില വൈകുന്നേരങ്ങളിൽ ഞാനും അവിടെ പോയിട്ടുണ്ട്​. അങ്ങനെയാണ്​ ഞാൻ ശശിയുടെ സുഹൃത്തായത്​. ഭാവിയിൽ ചലച്ചിത്രമാക്കാനുള്ള പല കഥകളുടെയും വിശദാംശങ്ങൾ ശശി അക്കാലത്ത് ഞാനുമായി ചർച്ച ചെയ്തിരുന്നു. അവിടെ ചെല്ലുമ്പോഴൊക്കെ പതിവായികണ്ടിരുന്ന ചിലരിൽ ജനാർദനൻ, കുതിരവട്ടം പപ്പു, ബിച്ചു തിരുമല തുടങ്ങിയവരൊക്കെ ഉണ്ടാകും. 

പിന്നീടൊരിക്കൽ ജനാർദനൻ ഒരു രഹസ്യം പറഞ്ഞു. എ​​​​െൻറ വേഷവും പത്രാസുമൊക്ക കണ്ടിട്ട് ഞാൻ ഏതോ പുതിയ െപ്രാഡ്യൂസറാണെന്നായിരുന്നു ആദ്യം അദ്ദേഹം കരുതിയിരുന്നതു പോലും. അത​ുകേട്ടപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ‘എന്താണ്​ എ​​​​െൻറ പണി...’ എന്ന്​ സ്വയം ചോദിച്ച മറ്റൊരു നിമിഷമായിരുന്നു അത്​. 

റേ ബാൻ ഗ്ലാസ്​ ധരിച്ച്​ ഞാനൊരിക്കൽ ദേവരാജൻ മാസ്​റ്ററുടെ മുമ്പിൽ ശരിക്കും പെട്ടുപോയി. കാംദാർ നഗറിലെ അദ്ദേഹത്തി​​​െൻറ വീട്ടിൽ ഞാൻ സംസാരിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് മാസ്റ്റർ ചോദിച്ചു-
‘നി​​​​െൻറ കണ്ണിനു വല്ലകുഴപ്പവുമുണ്ടോ...?’ 
‘ഇല്ല മാസ്​റ്റർ..’ 
‘എന്നാലാ കണ്ണട അങ്ങെട്. മുഖത്തു നോക്കി സംസാരിക്കാമല്ലോ...’
ഞാനാകെ ചമ്മി. പിന്നീട്​ മാസ്​റ്ററുടെ വീട്ടിൽ എപ്പോൾ ചെന്നാലും ഞാനാദ്യം ഗ്ലാസ്​ എടുത്ത്​ പോക്കറ്റിലിടും.

എ​​​​െൻറ വേഷം കണ്ട് ഏതോ വലിയ പുള്ളിയാണെന്നു തെറ്റിദ്ധരിച്ച് പലരും പരിചയപ്പെടാനെത്തിയിട്ടുണ്ട്​. ആരെയെങ്കിലും പരിചയപ്പെടേണ്ടിവന്നാൽ ഞാൻ പേരു പറഞ്ഞു കഴിയുമ്പോഴേക്കും വരും അടുത്തചോദ്യം,- ‘ബാബു എന്തു ചെയ്യുന്നു..?’ പച്ചയ്​ക്ക്​ പറഞ്ഞാൽ, തനിക്കെന്താ പണി..? എന്നാണ്​ ചോദ്യം. ഉത്തരമില്ലാത്ത ഈ ചോദ്യം ഭയന്ന് ക്രമേണ പുതിയ സൗഹൃദങ്ങളിൽ നിന്നൊക്കെ ഞാൻ ഒഴിഞ്ഞു മാറാൻതുടങ്ങി. പണത്തിനോ പത്രാസിനോ കുറവൊന്നുമില്ലായിരുന്നെങ്കിലും ആ ഏകാന്തതകളിൽ ഈ ചോദ്യം പലവട്ടം ആഞ്ഞു ​കൊത്തിയിട്ടുണ്ട്​. പ്രത്യേകിച്ചും രാത്രികളിൽ. അതോടെ ഉറക്കവും കമ്മിയായി. ഞാനറിയാതെ ഒരു അപകർഷതാബോധം എന്നെ എപ്പോഴും വേട്ടയാടാൻ തുടങ്ങി. നിരാശ നിറഞ്ഞ ഇൗ വേദന മാത്രം എനിക്കാരോടും പങ്കുവയ്ക്കാനായില്ല.

സംഗീത സംവിധായകന്‍ ശ്യാം റെക്കോർഡിങ്​ വേളയിൽ
 

സംഗീത സംവിധായകൻ ശ്യാം വളരെ തിരക്കിലായിരുന്ന കാലം. എ.വി.എം സി തിയറ്ററിൽ മിക്ക ദിവസവും അദ്ദേഹത്തി​​​​െൻറ റീ റെക്കോഡിംഗ് (പശ്ചാത്തല സംഗീതം) ഉണ്ടാകും. പശ്ചാത്തല സംഗീതത്തിനു ഹമ്മിംഗ് പാടാൻ ലതികയുണ്ടാവും. അതുകൊണ്ടുതന്നെ സ്വാഭാവികമായി ഞാനും അവിടെയുണ്ടാകും.  ഓരോ റീലും സ്​ക്രീനിൽ കണ്ടശേഷം സംഗീത സംവിധായകനും അസിസ്​റ്റൻറും അനുയോജ്യമായ സംഗീതം ചിട്ടപ്പെടുത്തി എഴുതിക്കൊണ്ടിരിക്കുമ്പോൾ മറ്റു കലാകാരന്മാർ പുറത്ത് തമാശ പറഞ്ഞിരിക്കുകയാവും. സംഗീതം ചിട്ടപ്പെടുത്തിക്കഴിഞ്ഞാൽ അവരെല്ലാം നൊട്ടേഷൻ എഴുതിയെടുത്ത് വായിച്ചാൽമതി. (ഇതൊക്കെ പഴയ രീതി. ഇന്ന് അങ്ങനെയൊന്നുമല്ല. ഒരു മുറിയും കംപ്യൂട്ടറും കീ ബോർഡും ഉണ്ടെങ്കിൽ എല്ലാമായി).

അങ്ങനെയൊരിക്കൽ മുഷിഞ്ഞ വസ്​ത്രം ധരിച്ച് താടിയും മീശയും നീട്ടി വളർത്തിയ ഒരു വൃദ്ധനു ചുറ്റും കലാകാരന്മാരെല്ലാവരും വട്ടംകൂടി നിൽക്കുന്നതു കണ്ടാണ് ഞാൻ സ്​റ്റുഡിയോയിൽ ചെന്നത്. ഓരോരുത്തരുടെയും ഭാവി പ്രവചിക്കുകയായിരുന്നു ആ വൃദ്ധൻ. എല്ലാവരും പ്രതിഫലവും നൽകുന്നുണ്ട്. ചിന്തയിലും മനസ്സിലും അൽപം ചുവപ്പ് കലർന്നിരുന്നതുകൊണ്ട്​ ഞാൻ വലിയ താൽപര്യമില്ലാതെ മാറി നിന്നു. പക്ഷേ അയാൾ വിട്ടില്ല. എ​​​​െൻറ നേർക്കു തിരിഞ്ഞ് അയാൾ എന്നെക്കുറിച്ച് പറയാൻ തുടങ്ങി. -ഞാൻ അശ്രദ്ധമായി കേട്ടു നിന്നു. എന്തായാലും പ്രതിഫലം കൊടുത്തേ തീരൂ. 
‘നല്ല ആരോഗ്യം. നല്ല വസ്​ത്രങ്ങൾ. വാച്ച്, കൂളിംഗ് ഗ്ലാസ്​. പഴ്സിൽ പണവുമുണ്ട്. കണ്ടാൽ യാതൊരുകുഴപ്പവുമില്ല. പക്ഷേ നിങ്ങൾക്ക് സ്വന്തമായി തൊഴിലൊന്നുമില്ല. വരുമാനവുമില്ല. വിഷമിക്കണ്ട. കുറച്ചുകാത്തിരിക്കേണ്ടി വരും നിങ്ങൾക്കു സ്വന്തമായി ഒരുജോലിയും ജീവിതവുംഉണ്ടാകാൻ...’
ജാള്യത മറച്ചു കൊണ്ട്​ മുഖത്തു ചിരി വരുത്താൻ ശ്രമിച്ചെങ്കിലും ഞാനൊന്നു ഞെട്ടിയിരുന്നു. ഞാൻ കൊടുത്ത പ്രതിഫലം അയാൾ നിരസിച്ചു - ‘പണിയില്ലാത്തയാളു​െട, തൊഴിലില്ലാത്തയാളുടെ കൈയിൽനിന്ന് ഞാൻ ഒന്നുംവാങ്ങില്ല...’ അയാൾ നിർമമമായി പറഞ്ഞുനിർത്തി. അതുകൂടി കേട്ടപ്പോൾ എ​​​​െൻറ മുഖമാണോ ചുറ്റും നിന്ന എ​​​​െൻറ സുഹൃത്തുക്കളുടെ മുഖമാണോ മഞ്ഞളിച്ചതെന്ന് എനിക്കു നിശ്ചയമില്ലായിരുന്നു. 

എന്നെ വരിഞ്ഞുനിന്ന അപകർഷ ബോധവും നിരാശയും വേദനയും ഒക്കെ ഇരട്ടിയായി. വർഷങ്ങളോളം ഈ മനോവ്യഥ എന്നെ അലട്ടിക്കൊണ്ടിരുന്നു. വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു എനിക്ക്​ സ്വന്തമായി ഒരുമേൽവിലാസം ഉണ്ടാക്കിയെടുക്കാൻ. 1989-ൽ ഞാൻ ‘ഇന്ത്യാ ടുഡേ’യിൽ പത്രപ്രവർത്തകനായി. 

                                                                                                                                                                  (തുടരും...)

 

Tags:    
News Summary - kodampakkam stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.