ജഗ്ജിത് സിങ്, എന്നിട്ടും ഒന്നു മിണ്ടാന്‍ കഴിഞ്ഞില്ലല്ലോ...

മദിരാശിയിലെ അഡയാറില്‍ ബസ് ഇറങ്ങി എല്‍ബി റോഡിന്റെ അരികില്‍ നില്‍ക്കുകയാണ് ഞാന്‍. അണമുറിയാതെ വാഹനങ്ങള്‍ ഒഴുകുന്നുു. റോഡ്മുറിച്ചു കടന്നാല്‍ എന്റെ അടുത്ത ബന്ധുവായ തമ്പിയണ്ണന്റെ ഹാര്‍ഡ്‌വെയര്‍ഷോറൂമിലെത്താം - പി.സി തമ്പി ആന്റ് കമ്പനി. കോടമ്പാക്കത്തു നിന്ന് ഞാന്‍ വല്ലപ്പോഴുമൊക്കെ തമ്പിയണ്ണനെ കാണാന്‍ പോകാറുണ്ട്. മറുവശം കടക്കാന്‍ കാത്തു നില്‍ക്കുമ്പോള്‍ സിഗ്‌നലില്‍ ചുവപ്പു തെളിഞ്ഞു. വാഹനങ്ങളുടെ കുത്തൊഴുക്ക് പെട്ടെന്ന് നിലച്ചു. ഇളം പച്ച നിറമുള്ള ഒരു അംബാസഡര്‍ കാര്‍ എന്റെ സമീപം നിന്നു. പിന്‍വശത്തെ ഗ്ലാസ്താഴ്ത്തി പുറത്തേക്കു നോക്കിയിരിക്കു പ്രസന്ന വദനം കണ്ട് അമ്പരപ്പോടെ ഞാന്‍ നോക്കി. 

സത്യസായി ബാബ! 

ഇരുപതോ മുപ്പതോ സെക്കന്റ് നിന്ന ശേഷം വാഹനം മുന്നോട്ടു നീങ്ങി. പതഞ്ഞു പൊങ്ങിയ മുടിയുമായി നേര്‍ത്ത ചിരിയോടെയുള്ള സായി ബാബയുടെ ചിത്രം കാണാത്തവരുണ്ടാകില്ല. സത്യത്തില്‍ ആ കാഴ്ച എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അഡയാര്‍ സിഗ്‌നലിലെ ട്രാഫിക് കുടുക്കില്‍ ഞാന്‍ സായിബാബയെ അടുത്തു കണ്ടെന്ന് ഒരു സായി ഭക്തനോട് പറഞ്ഞപ്പോള്‍ അയാള്‍ക്ക് ആശ്ചര്യമായി. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ''രണ്ടു തവണ പുട്ടപര്‍ത്തിയില്‍ പോയിട്ടും ഭഗവാന്റെ ദര്‍ശനം എനിക്കു ലഭിച്ചില്ല. മൂന്നാം തവണയാണ് കാണാനായത്. ബാബു ഭാഗ്യവാനാണ്''. പ്രത്യേകിച്ച് ജോലിയോ കൂലിയോ ഒന്നുമില്ലാതെ നടക്കുന്ന എന്റെ ഭാഗ്യത്തെക്കുറിച്ച് ഞാന്‍ തര്‍ക്കിക്കാനൊന്നും പോയില്ല.

സായിബാബ
 

വര്‍ഷങ്ങള്‍ക്കു ശേഷം പുട്ടപര്‍ത്തിയില്‍ സായിബാബയെ തൊട്ടടുത്തുനിന്ന് വീണ്ടും കാണാന്‍ അവസരമുണ്ടായി. അതിനിടയാക്കിയത് നമ്മുടെ പ്രിയ ഗായിക കെ.എസ്. ചിത്രയാണ്. 1996ല്‍ സായിബാബയുടെ സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് പ്രശാന്തി നിലയത്തില്‍ ഭക്തിഗാനങ്ങള്‍ അവതരിപ്പിക്കാന്‍ സഹഗായകനായി ചിത്ര എന്നെയും കൂട്ടി. വിദ്യാധരന്‍ മാസ്റ്ററും അദ്ദേഹത്തിന്റെ സഹോദരന്‍ നടേഷ് ശങ്കറും സംഘത്തില്‍ ഉണ്ടായിരുന്നു. ചിത്രയുടെ വീട്ടില്‍ റിഹേഴ്‌സലൊക്കെ നോക്കിയശേഷം പരിപാടിയുടെ തലേദിവസം രാവിലെ തന്നെ ഞങ്ങള്‍ മദിരാശിയില്‍ നിന്ന് പുട്ടപര്‍ത്തിയിലേക്ക് പുറപ്പെട്ടു. വൈകുന്നേരത്തോടെ എത്തിച്ചേരേണ്ടതാണ്. വഴിയില്‍വാഹനത്തിന് സംഭവിച്ച തകരാര്‍ തീര്‍ക്കാന്‍ കുറച്ചു വൈകി. വരണ്ടുണങ്ങിയ വിജനപ്രദേശത്ത് ഇരുട്ട് പടര്‍ന്നാല്‍ പരസ്പരം കാണാന്‍ പോലുമാകില്ല. പാതിരാത്രിയോടെ പുട്ടപര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ മറ്റൊരു ലോകത്തേക്കു കടന്ന പ്രതീതിയായിരുന്നു.

എങ്ങും പകലിനെ വെല്ലുന്ന വെളിച്ചത്തിന്റെ കടല്‍. വൃത്തിയുള്ള തെരുവുകള്‍. മികച്ച റോഡുകള്‍. കൊട്ടാരസദൃശമായ കെട്ടിട സമുച്ചയങ്ങളും സുവര്‍ണ ഗോപുരങ്ങളും അകലെ നിന്നു തന്നെ കാണാം. വൈകിവന്ന ഞങ്ങളെ എതിരേല്‍ക്കാനും പരിചരിക്കാനും ഉദ്യോഗസ്ഥര്‍ കാത്തു നില്‍ക്കുന്നു. ലഘുഭക്ഷണവും സുഖകരമായ ഉറക്കവും കഴിഞ്ഞ് ഡിസംബറിലെ കുളിരുകോരുന്ന പ്രഭാതത്തില്‍ ഞാനൊന്നു പുറത്തേക്കിറങ്ങി.

ഒരു പരിഷ്‌കൃത നഗരത്തിന്റെ എല്ലാപ്രൗഢിയും പ്രഭാവവും എവിടെയും കാണാം. ലോകമെമ്പാടു നിന്നുമുള്ള വിവിധ ദേശക്കാരും ഭാഷക്കാരും ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നു. പ്രശാന്തി നിലയത്തിലെ അടുക്കും ചിട്ടയും വൃത്തിയും ആരെയും ആശ്ചര്യപ്പെടുത്തും. സന്ദര്‍ശകരെ ആശങ്കപ്പെടുത്താത്ത ക്രമീകരണങ്ങളും സംവിധാനങ്ങളുമാണ് എവിടെയും. എന്തു സഹായവും ചെയ്തു തരാന്‍ സന്നദ്ധരായി നില്‍ക്കുന്ന സേവകര്‍. പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയുമുള്ള പെരുമാറ്റം. എല്ലാ സാധനങ്ങള്‍ക്കും വില കുറച്ചു വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍. സ്വര്‍ണത്തിളക്കമുള്ള പുലര്‍കാല വെയിലിനും കുളിരാണ്. എല്ലാംആസ്വദിച്ച് ഞാന്‍ അവിടമാകെ ചുറ്റിനടന്നു. പ്രഭാത ഭക്ഷണത്തിന് കാന്റീനില്‍ കടന്നപ്പോള്‍ അതിലേറെ ആശ്ചര്യം. അതിവിശാലമായ കാന്റീന്‍. ഇരിപ്പിടവും പരിസരവും വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ഈശ്വരന്മാരുടെ ചിത്രങ്ങളോ ദൈവവചനങ്ങളോ ഒന്നും ചുവരില്‍ തൂക്കിയിട്ടില്ല. 'ഭക്ഷണം പാഴാക്കരുത്' എന്നൊരു വിനീതമായ നിര്‍ദേശം മാത്രം.

എം.എസ് സുബ്ബലക്ഷ്മി
 

വൈകുന്നേരം പ്രൗഢഗംഭീരമായ ഒരു സമ്മേളനത്തോടെയാണ് ചടങ്ങിന്റെ തുടക്കം. വേദിയില്‍ സായിബാബയോടൊപ്പം അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ അതികായന്മാരുടെ വലിയ നിര. അനന്ത്പൂര്‍ ജില്ലയിലെ വരണ്ടുണങ്ങിയ ഗ്രാമപ്രദേശങ്ങള്‍ക്ക് കുടിനീര്‍ എത്തിക്കാന്‍ സായിബാബ ട്രസ്റ്റ് പൂര്‍ത്തിയാക്കിയ ജലസേചന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന സമ്മേളനം അവസാനിച്ചതോടെ കലാപരിപാടികള്‍ക്കു തുടക്കമായി. ഓരോ പരിപാടിക്കും അര മണിക്കൂര്‍ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രശസ്തരായ ധാരാളം കലാകാരന്മാര്‍ വേദിക്കു പിില്‍ കാത്തു നില്‍ക്കുന്നു. ഇന്ത്യയുടെ വാനമ്പാടിയും സംഗീതജ്ഞയുമായ എം.എസ്. സുബ്ബലക്ഷ്മി, ഗസല്‍ ഇതിഹാസം ജഗ്ജിത് സിങ് എന്നിവര്‍ പാടാനും രാമാനന്ദ സാഗറിന്റെ 'രാമായണ'ത്തിലെ സീത, ദീപികാ ചിക്‌ലിയ നൃത്തം ചെയ്യാനുമായി തങ്ങളുടെ ഊഴംകാത്ത് വേദിക്കു പിന്നിലുണ്ട്. ഒപ്പം ചിത്രയും സംഘവും. 

ഹിന്ദുസ്ഥാനി സംഗീതവും വിശേഷിച്ച് ജഗ്ജിത് സിംഗിന്റെ ഗസലുകളും വളരെയധികം ഇഷ്ടപ്പെട്ടു. എനിക്ക് ജഗ്ജിത് സിംഗിനെ തൊട്ടടുത്ത് കണ്ടപ്പോള്‍ സന്തോഷം അടക്കാനായില്ല. എന്റെ ആരാധ്യപുരുഷനായആ മഹാഗായകനോട് രണ്ടു വാക്ക് സംസാരിക്കണമെന്നുണ്ട്. പക്ഷേ, കഴിയുന്നില്ല. അമിത ബഹുമാനമോ അപകര്‍ഷ ബോധമോ എന്നെ തടയുന്നു. പക്ഷേ, ഈ അവസരം നഷ്ടപ്പെടുത്തിയാല്‍ പിന്നെ ജീവിതത്തിലൊരിക്കലും അദ്ദേഹത്തെ നേരിട്ടുകാണാന്‍ മറ്റൊരവസരം ലഭിച്ചെന്നു വരില്ല. പെട്ടെന്ന് അദ്ദേഹം സഹപ്രവര്‍ത്തകരുമായി വേദിയിലേക്കു കടന്നു. ഹൊ! എന്റെആദ്യത്തെ അവസരം നഷ്ടപ്പെട്ടു. തിരികെ വരുമ്പോള്‍ എന്തായാലും രണ്ടുവാക്ക് സംസാരിച്ച് അദ്ദേഹത്തോടുള്ള കടുത്ത ആരാധന അറിയിക്കണമെന്ന ഉറച്ച തീരുമാനത്തോടെ ഞാന്‍ കാത്തുനിന്നു. വേദിയിലിരുന്ന് അദ്ദേഹവും സംഘവും പ്രശാന്തി നിലയത്തിലും എന്റെ ഹൃദയത്തിലുമാകെ സംഗീതാമൃതം കോരി നിറയ്ക്കുകയാണ്. അവാച്യവും അവര്‍ണനീയവുമായ അനുഭൂതി!

ആലാപനം കഴിഞ്ഞ് ജഗ്ജിത് സിങ് അതാ വേദിക്കു പിന്നിലേക്കു വരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അരികിലേക്കു നീങ്ങി. ഓരോ ചുവട് മുന്നോട്ടു വയ്ക്കുന്തോറും തിങ്ങിക്കൂടിയ ആരാധകര്‍ എന്നെ ശക്തമായി പിന്നിലേക്കു തള്ളിമാറ്റിക്കൊണ്ടിരുന്നു. അയ്യോ...! അദ്ദേഹം അകന്നകന്നു പോവുകയാണല്ലോ. ഇല്ല, എനിക്കദ്ദേഹത്തോട് സംസാരിക്കാനാവില്ല. എന്റെ മനസ്സുവിങ്ങി. കണ്ണു നിറയുമോ? എനിക്കദ്ദേഹത്തെ ഒന്നു തൊടുകയെങ്കിലും വേണം. പക്ഷേ, അതിനും കഴിഞ്ഞില്ല. അദ്ദേഹം എന്നില്‍ നിന്നു നടന്നകന്ന് മാഞ്ഞുകഴിഞ്ഞിരിക്കുന്നു. നിരാശയുടെ പടുകുഴിയിലേക്ക് ഞാന്‍ താഴുകയാണ്. ജീവിതത്തില്‍ ഇത്തരമൊരു നിരാശയും വേദനയും ഞാന്‍ അനുഭവിച്ചിട്ടില്ല. വേദിയുടെ പിന്നിലെ തിരക്കൊഴിഞ്ഞു. ഞങ്ങളുടെ ഊഴമായി. ചിത്രയോടൊപ്പം ഞങ്ങള്‍ വേദിയില്‍ ആറേഴു ഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു. അതിമനോഹരമായി പാടിയ ചിത്രയെ സദസ്സ് ആദരവോടെ സ്വീകരിച്ചു. പരിപാടി കഴിഞ്ഞ് ഞങ്ങള്‍ വേദിക്കു പിന്നില്‍ വിശ്രമിക്കുമ്പോള്‍ സാക്ഷാല്‍ സത്യസായിബാബ ഞങ്ങള്‍ക്കരികില്‍ വന്ന് ഒാരോരുത്തരേയും പരിചയപ്പെട്ടു. തമിഴിലാണ് അദ്ദേഹം സംസാരിച്ചത്. കാവി ധരിച്ച് കാലില്‍ചെരുപ്പ് പോലുമില്ലാതെ ചിരിതൂകി അദ്ദേഹം കുറച്ചുനേരം ഞങ്ങള്‍ക്കൊപ്പം ചെലവഴിച്ചു. അദ്ദേഹം എല്ലാവര്‍ക്കും സമ്മാനങ്ങളും നല്‍കി. ഒരുവെള്ള പാന്റ്‌സും ഷര്‍ട്ടുമാണ് എനിക്കു ലഭിച്ചത്.

സായിബാബയെ അടുത്തുകണ്ട് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടും ജഗ്ജിത് സിങ്ങും അദ്ദേഹത്തിന്റെ  ഗാനങ്ങളുമാണ ്ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്നെ ചൂഴിഞ്ഞിരുന്നത്. ഇത്ര അടുത്തു കണ്ടിട്ടും ഒന്നു മിണ്ടാനോ തൊടാനോ കഴിയാത്ത നിരാശയും. 2011 ഒക്ടോബര്‍ 11ന് ജഗ്ജിത് സിങ്ങിന്റെ ചരമവാര്‍ത്ത കേട്ടപ്പോള്‍ പ്രശാന്തി നിലയത്തില്‍ ഞാന്‍ അനുഭവിച്ച നിരാശയും വേദനയും പതിന്മടങ്ങായി എന്റെ കണ്ണുകളിലൂടെ നിറഞ്ഞൊഴുകി.
 

Tags:    
News Summary - kodampakkam stories-movies-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.