ഇരുണ്ട യുഗത്തിലെ ഗാനങ്ങൾ...

ഈ വർഷത്തെ അന്താരാഷ്​ട്ര ഡോക്യുമ​​െൻററി- ഹ്രസ്വചലച്ചിത്ര മേള (IDSFFK) അറിയപ്പെടാൻ പോകുന്നത് ഒരു പക്ഷെ അതിൽ പ്രദർശിപ്പിക്കപ്പെട്ട മികച്ച ചിത്രങ്ങളുടെ പേരിലായിരിക്കില്ല. മറിച്ച്,   കേന്ദ്ര സർക്കാർ അനുമതി നൽകാത്തത് മൂലം പ്രദർശിപ്പിക്കപെടാതെ പോയ മൂന്ന് ചിത്രങ്ങളുടെ പേരിൽ ആയിരിക്കും. ഫാസിൽ എൻ.സി സംവിധാനം ചെയ്ത "In the shade of fallen chinar", പി എൻ രാമചന്ദ്രൻ സംവിധാനം ചെയ്ത "Unbearable being of lightness", കാർത്തു ലൂക്കോസ് സംവിധാനം ചെയ്ത "മാർച്ച് മാർച്ച് മാർച്ച്" എന്നീ ചിത്രങ്ങൾക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.

പണ്ട് ജർമ്മനിയിൽ നാസികൾ പുസ്തകങ്ങൾ അഗ്നിക്കിരയാക്കിയപ്പോൾ "എന്‍റെ പുസ്തകങ്ങളെ എന്തു കൊണ്ട് ഒഴിവാക്കി" എന്നാക്രോശിച്ച Bertolt Brechtനെ ഓർത്തു പോകുന്നു.  രാഷ്ട്രീയ ബോധമുള്ള ഓരോ ചലച്ചിത്രക്കാരനും തന്‍റെ ചലച്ചിത്രത്തെ എന്തുകൊണ്ട് ഈ സർക്കാർ നിരോധിച്ചില്ല എന്നോർത്ത് വ്യസനിക്കേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്.

ഫാസിസം സാംസ്കാരിക മണ്ഡലത്തെയാണ് ആദ്യം കീഴ്പെടുത്തുക. പിന്നീട് വിമർശനങ്ങൾ ദേശദ്രോഹമായി ചിത്രീകരിക്കപ്പെടും. എഴുത്തുകാർ, ചരിത്രകാരന്മാർ, കലാകാരന്മാർ  നിലപാടുകളുടെ പേരിൽ ആക്രമിക്കപെടും. പട്ടാളത്തെ മഹത്വ വത്കരിക്കും, യുദ്ധങ്ങൾ കൊണ്ടാടപ്പെടും, അപരന്മാരെ സൃഷ്ടിച്ച് വേട്ടയാടും. ഫാസിസത്തിനു മുന്നിൽ നമുക്ക് രണ്ട് നിലപാടുകളെടുക്കുവാനേ കഴിയൂ. ഒന്നുകിൽ മനുഷ്യത്വം പണയം വച്ച് കീഴ്‌പെടുക അല്ലെങ്കിൽ അതിനെ നശിപ്പിക്കാൻ ശക്തമായി പോരാടുക. ഈ പോരാട്ടം ഏറ്റെടുത്ത യുവാക്കളുടെ സൃഷ്ടികൾക്കാണ് കേന്ദ്രസർക്കാർ പ്രദർശന അനുവാദം നിഷേധിച്ചത്.

പൊതു പ്രദർശനങ്ങൾക്ക് (public screening) അനുവാദം ലഭിക്കണമെങ്കിൽ ഏതൊരു ചിത്രവും സൂക്ഷ്മപരിശോധനക്ക് വിധേയമാകണമെന്ന്  The Cinematograph Act, 1952 എന്ന (കാലഹരണപ്പെട്ട...!!) നിയമം നിഷ്‌കർഷിക്കുന്നു. ഇതിനുവേണ്ടി രൂപം നൽകിയ കോൺസ്റ്റിട്യൂഷണൽ സംവിധാനമാണ് സെൻസർ ബോർഡ് എന്നറിയപ്പെടുന്ന സെൻട്രൽ ബോർഡ് ഒാഫ് ഫിലിം സെർട്ടിഫിക്കാഷൻ. തിയറ്ററുകളിൽ പ്രദർശിപ്പിക്കണമെങ്കിലും വി.എച്.സി/സി.ഡി/ഡി.വി.ഡി രൂപത്തിൽ വിതരണം ചെയ്യണമെങ്കിലും ചലച്ചിത്രം സെൻസറിങിന് വിധേയമാകണം.

പക്ഷെ ഇന്ത്യയിൽ അന്താരാഷ്‌ട്ര ചലച്ചിത്രമേളകൾ രൂപം കൊള്ളുവാൻ തുടങ്ങിയപ്പോൾ ഈ നിയമം ഒരു വിലങ്ങുതടിയായി മാറി . വിദേശങ്ങളിൽ നിന്നും നിരവധി ചലച്ചിത്രങ്ങളാണ് ഇത്തരം മേളകളിൽ എത്തുന്നത്. ഇത്തരം ചലച്ചിത്രങ്ങളെ കുറഞ്ഞ സമയത്തിനുള്ളിൽ സെൻസർ ചെയ്യുവാൻ പ്രായോഗികമായി സാധ്യമല്ലല്ലോ. ചുരുങ്ങിയ സമയത്തിനുള്ളിൽ സെൻസർ  ചെയ്യുവാനുള്ള സൗകര്യം ഉണ്ടായാലും കാര്യമില്ല. കാരണം സ്വന്തം സിനിമയെ സെൻസർ ചെയ്യാൻ ഒരു വിദേശ ചലച്ചിത്രകാരനും അനുവാദം നൽകുകയുമില്ല. ഈ സാഹചര്യത്തിൽ മേളയിൽ പങ്കെടുക്കുന്ന ചിത്രങ്ങളെ സെൻസറിങ് നിയമത്തിൽ നിന്നും ഒഴിവാകുകയേ വഴിയുണ്ടായിരുന്നുള്ളൂ. പക്ഷെ ചലച്ചിത്രമേളകളെ പൂർണമായും സ്വതന്ത്രമാക്കുവാൻ ഭരണകൂടങ്ങൾക്ക് യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. മേളകളെ തങ്ങളുടെ വരുത്തിയിൽ നിർത്തുവാനുള്ള മറ്റൊരു കുറുക്കു വഴി അവർ കണ്ടെത്തി. മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് (എം.ഐ.ബി) ആണ് ഇവിടെ വില്ലനായി അവതരിച്ചത്. ഒരു ചലച്ചിത്ര മേളയും പ്രദർശിപ്പിക്കുവാൻ പോകുന്ന ചലച്ചിത്രങ്ങളുടെ പേരും ലഘു വിവരണവും എം.ഐ.ബിയിൽ സമർപ്പിക്കണം. മന്ത്രാലയത്തിന് പ്രതേകിച്ചു കാരണമൊന്നും ബോധിപ്പിക്കാതെ തന്നെ ഈ ലിസ്റ്റിൽ പെട്ട ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള അനുവാദം നിഷേധിക്കാം. ഈ അധികാരം ഉപയോഗിച്ച് കൊണ്ടാണ് എം.ഐ.ബി മൂന്ന് ചിത്രങ്ങളുടെ പ്രദർശനം തടഞ്ഞത്.  രസകരമായ വസ്തുത എന്തെന്നാൽ ഒരു ചലച്ചിത്രത്തിന്‍റെ ലഘുവിവരണം വായിച്ച അറിവ് വച്ച് കൊണ്ട് മാത്രമാണ് ഇത്തരത്തിൽ തീരുമാനങ്ങൾ എടുക്കുന്നത്. 

മറ്റൊരു രസകരമായ വിവരമെന്തെന്നാൽ ഇപ്പോൾ പ്രദർശനം തടഞ്ഞ  Unbearable being of lightness എന്ന ചലച്ചിത്രം കഴിഞ്ഞ കൊൽക്കത്ത ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാനുള്ള അനുവാദം ഇതേ മന്ത്രാലയം നൽകിയിരുന്നു. രണ്ടു  ചലച്ചിത്ര മേളകൾക്ക് രണ്ടു നിയമം. ഇത് കേരളത്തോടുള്ള കരുതി കൂട്ടിയുള്ള പ്രതികാരനടപടിയാണ് ഭരണ ഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്. 

മോദി സർക്കാർ കൊണ്ട് വന്ന നോട്ടു നിരോധനം, കശാപ്പ് നിരോധനം തുടങ്ങിയ ജനദ്രോഹ നടപടികളെ കേരളം ശക്തമായി എതിർത്തിരുന്നു. ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ഔദ്യോകികമായും ജനകീയമായും ഈ നയങ്ങളെ എതിർത്ത ഏക സംസ്ഥാനമാണ് കേരളം. അതുകൊണ്ടു തന്നെ ഇന്ന് കേരളത്തെ, പ്രത്യേകിച്ചും ഇവിടുത്തെ ഇടതുപക്ഷത്തെ തകർക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര സർക്കാരും അതിനെ നിയന്ത്രിക്കുന്ന സംഘ് പരിവാറും. കേരളത്തിലെമ്പാടും ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെട്ടപ്പോൾ കേരളത്തെ ബഹിഷ്കരിക്കാൻ മറ്റു ഇന്ത്യക്കാരോട് ആഹ്വാനം ചെയ്ത സോഷ്യൽ മീഡിയ സന്ദേശങ്ങൾ ഓർക്കുക.കേരളത്തെ അലറുന്ന പാകിസ്താനോടാണ് ഒരു ദേശീയ ടെലിവിഷൻ ചാനൽ വിശേഷിപ്പിച്ചത്. കേരളത്തെ അപമാനിക്കുന്ന നിരവധി തെറ്റായ കഥകൾ ന്യൂ മീഡിയകളിൽ വൈറൽ ആയികൊണ്ടിരിക്കുന്നു. 

മലപ്പുറത്തെ ഒരു ഗ്രാമത്തിൽ ശരീഅ നിയമമാണ് നിലനിൽക്കുന്നതെന്നും അവിടെ ആരും മൊബൈൽ ഫോൺ പോലും ഉപയോഗിക്കുന്നില്ല എന്ന കള്ളവാർത്ത അടുത്ത കാലത്ത് വൻപ്രചാരം നേടി. ഇത്തരം അനുഭവങ്ങളുമായി ചേർത്ത് വായിക്കുമ്പോൾ വളരെ ആപത്കരമായ കാലമാണ് വരുവാൻ പോകുന്നത്. 

കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും (ബി.ജെ പി ഒഴിച്ച്) ദളിത്-ന്യൂനപക്ഷ പ്രസ്ഥാനങ്ങളും  മാധ്യമങ്ങളും (അപവാദങ്ങൾ ഉണ്ടെങ്കിലും) ഫാസിസത്തിനെതിരെ നടത്തുന്ന പ്രചാരണങ്ങൾ സംഘപരിവാറിനെ വിറളിക്കൊള്ളിക്കുന്നു. ഫാസിസത്തെ എതിർക്കുന്ന ഈ ചലച്ചിത്രങ്ങളെ ഏറ്റെടുക്കുവാനുള്ള തയാറെടുപ്പിലാണ് കേരളം. കേരളത്തിന്‍റെ ക്യാമ്പസുകളിലും തെരുവികളിലും ഈ ചിത്രങ്ങൾ ചർച്ചചെയ്യപ്പെടാൻ പോകുന്നു. 

Bertolt Brecht എഴുതിയത് പോലെ 

“In the dark times 
Will there also be singing? 
Yes, there will also be singing.
About the dark times.”

Tags:    
News Summary - Banned Documentaries IDSFK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.