????????

കേരളത്തിന്‍െറ രൂപവത്കരണത്തിനുശേഷം ഉണ്ടായ മലയാള സിനിമാ ചരിത്രത്തിലെ ചിത്രങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ദുഷ്കരം തന്നെയാണ്.  മനുഷ്യ ജീവിതത്തിന്‍െറ നേര്‍പകര്‍പ്പുകള്‍ എന്നു പറയാവുന്ന ഒരു സമീപനം സിനിമയില്‍ സജീവവുമാണ്. അറുപതാണ്ടുകൊണ്ട് കേരളചരിത്രം എങ്ങനെയൊക്കെ മാറിമറഞ്ഞുവെന്ന ചിത്രലിഖിതവുമാണത്. ഒരേസമയമത് സാംസ്കാരിക മൂലധനമെന്ന നീക്കിയിരുപ്പും വിനോദോപാധിയും കൂടിയാണ്. നിശ്ചിതമായ ധനവ്യയത്തില്‍നിന്ന് ലാഭം പ്രതീക്ഷിക്കുന്ന ഒരു വ്യവസായസമീപനവും അത് ആവിഷ്കരിക്കുന്നുണ്ട്. കേരള രൂപവത്കരണത്തിനു ശേഷം മലയാള സിനിമയിലുണ്ടായ ചലച്ചിത്രങ്ങളില്‍നിന്ന് സ്വകാര്യവും വ്യക്തിനിഷ്ഠവുമായ പത്തു ചിത്രങ്ങള്‍ അവതരിപ്പിക്കുന്നു. ഇതിലെയോരോ സിനിമയും ചലച്ചിത്രമെന്ന രീതിയില്‍ ആസ്വാദകരുടെ മനസ്സുകളില്‍ വിസ്മയമാകുന്നതിനൊപ്പം വ്യവസായത്തിന്‍െറ വളര്‍ച്ചയെയും അടയാളപ്പെടുത്തുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് എത്രമേല്‍ മറ്റുള്ളവരെ ഒപ്പം നിര്‍ത്തുമെന്നറിയില്ല. എങ്കിലും ചലച്ചിത്രത്തിന്‍െറ അതിരുകളില്‍ കാഴ്ചക്കാരനായി നിന്നു കാണുന്ന ഒരു പ്രേക്ഷക ആസ്വാദനം കൂടിയാണിത്.

ഭാര്‍ഗവീനിലയം
വൈക്കം മുഹമ്മദ് ബഷീറിന്‍െറ ‘നീലവെളിച്ചം’ എന്ന കഥ ഒരു ചലച്ചിത്രമാക്കിയത് ഛായാഗ്രാഹകനായ എ. വിന്‍സന്‍റ് ആണ്. ഒരു പ്രണയകഥ, പ്രേതകഥയായി മാറുന്ന അദ്ഭുതം. മലയാള സിനിമയിലെ ആദ്യത്തെ പരീക്ഷണ ചിത്രമെന്നും ഞാനിതിനെ കാണുന്നുണ്ട്.  ഇന്നും ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇത്തരമൊരു ചിത്രം നിര്‍മിക്കാനാവാതെ മാറിനില്‍ക്കുന്നതറിയുന്ന അദ്ഭുതം. ഇടവേളവരെ ഒരു  കഥാപാത്രത്തെ അവതരിപ്പിച്ച് അയാളുടെ ആത്മഭാഷണവും അതിനൊപ്പമുള്ള സംഗീതവും അതില്‍ നിറയുന്ന ഭീതിയുമായി വികസിച്ച് ഒടുവിലത് പ്രണയവും വിരഹവും കൊലപാതകവും ചേര്‍ന്ന് ആസ്വാദകരുടെ ചിന്തകളില്‍ ഒരുപാടടരുകളൊരുക്കുന്ന അദ്ഭുതമാണീ ചിത്രം.

ചെമ്മീന്‍
1965ല്‍ ഇന്ത്യന്‍ സര്‍ക്കാറിന്‍െറ സ്വര്‍ണകമലം നേടിയ ചെമ്മീന്‍ ലോക പ്രശസ്തനായ തകഴി ശിവശങ്കരപ്പിള്ളയുടെ അത്രതന്നെ പ്രശസ്തമായ ഒരു നോവലിന്‍െറ ചലച്ചിത്രഭാഷ്യം. സമൂഹത്തിന്‍െറ അതിരുകളില്‍ ജീവിക്കുന്ന മനുഷ്യന്‍െറയും കടപ്പുറത്തിന്‍െറ ജീവിതവും  കാണിക്കുന്ന ചിത്രം. കാഴ്ചയുടെ പുതിയ ഭാഷയിലെഴുതിയ, മനുഷ്യസ്വഭാവത്തിന്‍െറ പകര്‍ന്നാട്ടത്തിനു പ്രകൃതിയെ ഉപയോഗിച്ച് നിര്‍മിച്ച ചിത്രം.  

നിര്‍മാല്യം
എം.ടി. വാസുദേവന്‍ നായരുടെ ‘പള്ളിവാളും കാല്‍ച്ചിലമ്പും’ എന്ന കഥയുടെ അഭ്രാവിഷ്കാരം. മനുഷ്യന്‍െറ സകല നിമിഷങ്ങളിലും അരൂപിയായ ഒന്നിന്‍െറ സാന്നിധ്യമുണ്ടെന്നും അത് ജീവിതത്തെ നിയന്ത്രിക്കുന്നുവെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരര്‍ഥത്തില്‍ ദൈവത്തിന്‍െറ പ്രതിപുരുഷനാവുകയും ചെയ്യുന്ന മനുഷ്യനു സംഭവിക്കുന്ന ജീവിതകാഴ്ചയെ പകര്‍ത്തിയ ചിത്രം. ഇന്ന് ദൈവവും അവതാര പുരുഷനുമൊക്കെ അത്രത്തോളം മനുഷ്യ ജീവിതത്തെ സ്വാധീനിച്ചിരിക്കുന്ന ഒരവസ്ഥയില്‍ ഈ ചിത്രത്തെ ഒരു പുനര്‍വായനക്കായി കാണുമ്പോള്‍ സമൂഹമെങ്ങനെയൊക്കെ മാറിയിരിക്കുന്നുവെന്നും പണ്ടുള്ളതില്‍നിന്ന് എത്രമാത്രം ചുരുങ്ങിയിരിക്കുന്നുവെന്നും തോന്നിപ്പിക്കുന്നുണ്ട്.

യവനിക
കെ.ജി. ജോര്‍ജ് എന്ന, ദൈവത്തിന്‍െറ കൈതൊട്ട ചലച്ചിത്രകാരന്‍െറ വിസ്മയജാലമാണീ ചിത്രം. നാടകമെന്ന കലാരൂപത്തെ സിനിമയുടെ ചതുരത്തിലേക്ക് തിരിച്ചെഴുതിയ ചിത്രം. സാധാരണ രീതിയിലുള്ള ഒരു സിനിമാഭാഷയല്ല ഈ ചിത്രത്തിനായി അതിന്‍െറ സാങ്കേതിക പ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. ഒരേസമയം അത് സിനിമയും നാടകവുമാകുന്നു. എന്നാല്‍, അതിന്‍െറ സാങ്കേതികത വിട്ടുമാറ്റിയാല്‍ ആ ചിത്രം അത്യപൂര്‍വമായ മാനസിക വ്യാപാരത്തെ ആവിഷ്കരിക്കുന്നുമുണ്ട്. കുറ്റാന്വേഷണകഥകള്‍ ചലച്ചിത്രത്തിനായി ഉപയോഗിക്കപ്പെട്ടപ്പോള്‍ മലയാള സിനിമയില്‍ ‘യവനിക’യെ മറികടക്കുന്ന ഒരു ചലച്ചിത്രമുണ്ടാവാത്തത് തന്നെയാണ് ഇന്നും ഈ ചിത്രത്തിന്‍െറ പ്രസക്തി. വെറുമൊരു കുറ്റാന്വേഷണകഥ പറയുകയെന്നതിനപ്പുറം സാമൂഹികവും സാംസ്കാരികവുമായ ഒരു മാനസികാപഗ്രഥനം ഈ ചിത്രം പ്രേക്ഷകരുമായി പങ്കുവെക്കുന്നതിനൊപ്പം ഒരു ചരിത്രവായനകൂടി സാധ്യമാക്കുന്നു.

പടയോട്ടം
ഇന്ത്യയിലെ, ആദ്യത്തെ 70 എം.എം വിസ്താരചിത്രം. സാങ്കേതികമായ വൈശിഷ്ട്യത്തോടെ നിര്‍മിക്കാന്‍ ഹോളിവുഡിനുമാത്രം കഴിയും എന്ന അവസ്ഥയില്‍നിന്നാണ് പടയോട്ടം എന്ന ചിത്രത്തെ കാണേണ്ടത്. ഇന്ത്യയില്‍ അന്നുവരെ തികച്ചും സാധാരണമായ 35 എം.എം ചിത്രങ്ങളും ചില സിനിമാസ്കോപ് ചിത്രങ്ങളും മാത്രം നിര്‍മിച്ചു കൊണ്ടിരുന്നപ്പോഴാണ് നവോദയ എന്ന നിര്‍മാണകമ്പനി ആദ്യത്തെ സിനിമാസ്കോപ് ചിത്രത്തിനു ശേഷം 70 എം.എം എന്ന അദ്ഭുതത്തെ അഭ്രപാളികളിലെത്തിക്കുന്നത്. കാലത്തെ അതിജീവിച്ചു കൊണ്ട് നില്‍ക്കുന്നത് തന്നെയാണ് ഒരു സിനിമയുടെ ആയുസ്സെന്ന് പ്രഖ്യാപിക്കുന്ന ചിത്രമാണിത്.

അനന്തരം
വിശ്വവിഖ്യാതനായ അടൂര്‍ ഗോപാലകൃഷ്ണന്‍െറ സംവിധാനത്തിലെ അദ്ഭുതമാണീ സിനിമ. അസാധാരണമായ ഒരു ചലച്ചിത്രമെഴുത്ത്. സ്വപ്നങ്ങളുടെ വിഭ്രാത്മകതയില്‍ മനസ്സ് എന്ന അവസ്ഥയെ സിനിമയെന്ന സാങ്കേതികത്വത്തിലേക്ക് മാറ്റാനാവുമെന്ന് തിരിച്ചറിഞ്ഞ ചിത്രം. ഒറ്റപ്പെട്ട ബാല്യവും കൗമാരവും യൗവനവും എങ്ങനെയാണൊരു ജീവനെ സ്വാധീനിക്കുന്നതെന്നും അത് സമൂഹത്തെയും ചുറ്റുമുള്ളതിനെയും മാറ്റുന്നതെന്നും തുടര്‍ച്ചയില്ലാത്ത ജീവിത സാഹചര്യങ്ങളിലൂടെയുള്ള സഞ്ചാരവും ആണ് ഈ സിനിമയുടെ ശില്‍പവൈദഗ്ധ്യം.


ഒരു വടക്കന്‍ വീരഗാഥ
എപിക് സ്വഭാവമുള്ള ചിത്രങ്ങളില്‍, മലയാള ഭാഷയില്‍, അതിന്‍െറ പൂര്‍ണമായ സത്യത്തിലൂടെ ഹരിഹരന്‍, എം.ടി വാസുദേവന്‍ നായര്‍ ദ്വന്ദ്വം സാക്ഷാത്കരിച്ച ചിത്രമാണിത്. ഇതിഹാസതുല്യമായ ഒരു കഥാതന്തു, അതിനൊരു പൊളിച്ചെഴുത്തുമായി ആവിഷ്കരിച്ച ചലച്ചിത്രം. ഒപ്പം ചിത്രീകരണ രീതികളും വ്യത്യസ്തമാക്കിയിരിക്കുന്നു. നൂതനമായ ഒരു ഭാഷയിലൂടെ ആവൃതമാകുന്ന ഒരു ചലച്ചിത്ര സമീപനമാണീ ചിത്രത്തിന്‍െറ കരുത്ത്.  

ഗുരു
1997ല്‍ ഇന്ത്യയില്‍നിന്ന് ഓസ്കര്‍ നോമിനേഷന്‍ കിട്ടിയ ചലച്ചിത്രം. മനസ്സിന്‍െറ നിഗൂഢമായ സഞ്ചാരത്തെ ആധുനികകാലത്തിന്‍െറ സാമൂഹികാവസ്ഥയുമായി കൂട്ടിയിണക്കിയ ചിത്രമാണിത്. ദര്‍ശനാത്മകമായ ഒരു ജീവിതവും അത് നിലവില്‍ നിന്നിരുന്ന ജനജീവിതത്തെയും ബാധിക്കുന്ന ഒരു കഥ. മനുഷ്യന്‍െറ ജീവിതപരിതസ്ഥിതി ഒരുവനെ എങ്ങനെയാണ് മാറ്റുന്നതെന്നും ഒരുവന്‍െറ മനസ്സിനെ എങ്ങനെയൊക്കെ കലുഷിതമാക്കി സ്ഥാപിതതാല്‍പര്യങ്ങള്‍ക്കായി സ്വരൂപിക്കാമെന്നും അതിലൂടെ എങ്ങനെ വിധ്വംസക പ്രവൃത്തികളിലേക്ക് നയിക്കാമെന്നും കാണിച്ചുതരുന്നു. കലാസംവിധായകനും ശില്‍പിയുമായ രാജീവ് അഞ്ചല്‍ എന്ന ചലച്ചിത്രകാരന്‍ തന്‍െറ സര്‍ഗസൃഷ്ടി എങ്ങനെയൊക്കെ വ്യത്യസ്തമായി പുനര്‍നിര്‍മിക്കാമെന്നു പറയുന്നുണ്ട് ഈ ചിത്രത്തിലൂടെ.

ട്വന്‍റി 20
ഇതുപോലൊരു ചിത്രം മറ്റൊരു ഭാഷയിലും അസാധ്യം. അതുതന്നെയാണീ ചിത്രത്തിന്‍െറ പ്രത്യേകതയും. മലയാള സിനിമയിലെ മുഴുവന്‍ അഭിനേതാക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ടും അവരെയെല്ലാം ഓര്‍മിക്കാനുതകുന്ന കഥാപാത്രങ്ങളാക്കി മാറ്റുകയും ചെയ്ത് മലയാള സിനിമയിലെ വാണിജ്യ സിനിമകളുടെ ശ്രേണിയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ആയ ജോഷി സംവിധാനം ചെയ്ത ഒരു ചിത്രം പുരസ്കാരങ്ങള്‍ക്കുമപ്പുറം ഇത് കേരളത്തിലെ പ്രേക്ഷക ശ്രദ്ധയില്‍ അവിസ്മരണീയമായ ഒരു ചിഹ്നംതന്നെയാകുന്നു.   


പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്‍റ്
പുതിയ കാലത്തെ മനുഷ്യജീവിതത്തെ അതിന്‍െറ സാമൂഹികവും സാംസ്കാരികവുമായ  മാറ്റത്തിലൂടെ ദൃശ്യവത്കരിച്ച ചിത്രം. മതവും മനുഷ്യനും ഒരു നാണയത്തിന്‍െറ ഇരുപുറമായിനിന്ന് ജീവിക്കുന്ന മനുഷ്യരെ എങ്ങനെയെല്ലാം ഉപയോഗിക്കുന്നുവെന്ന് ആക്ഷേപ ഹാസ്യത്തിന്‍െറ മേമ്പൊടിയാല്‍ രഞ്ജിത്ത് എന്ന സംവിധായകന്‍ എഴുതിയിരിക്കുന്നു. നാട്ടിന്‍പുറവും നന്മകളും വിവിധ ജീവിത സാഹചര്യങ്ങളും മനുഷ്യന്‍െറ പണത്തിനോടും പ്രശസ്തിയോടുമുള്ള അടങ്ങാത്ത അഭിനിവേശവും ഒരര്‍ഥത്തിലുള്ള ആക്രാന്തവും സരസമായ വഴികളിലൂടെ സഞ്ചരിച്ച് ചലച്ചിത്രമെന്ന പ്രസ്ഥാനത്തെ ആശയപ്രചാരണത്തിന്‍െറ ചിത്രലേഖനപ്പലകയാക്കിയിരിക്കുന്നു.

ഓരോ ചലച്ചിത്രത്തിനും അതിന്‍േറതായ ജീവിതോദ്ദേശ്യമുണ്ടെന്ന് കരുതുന്നു. മനുഷ്യന്‍െറ മനസ്സിനെ ആഹ്ലാദിപ്പിക്കുന്നതിനൊപ്പം ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓരോ കാലത്തിലും ദൃശ്യത്തിലും അതിന്‍െറ ഭാഷയിലും സാമൂഹികമായ പരിവര്‍ത്തനം ഉണ്ടാവാറുമുണ്ട്. ജീവിച്ചിരിക്കുന്ന കാലത്തെ അടയാളപ്പെടുത്താനായി ഉപയോഗിക്കുന്ന നവമാധ്യമമായി സിനിമ അതിന്‍െറ വിശാലമായ വഴികളിലേക്ക് സഞ്ചരിക്കുന്നു.

Tags:    
News Summary - actor and director madhupal's top ten malayalam films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.