പ്രേക്ഷകമനസ്സുകളിലേക്ക് 'വല'യെറിഞ്ഞ് കിം കി ഡുക്ക് വീണ്ടും...

തിരുവനന്തപുരം: ആസ്വാദനത്തിന്‍െറ അതിരുകള്‍ ഭേദിക്കുന്നതായിരുന്നു മേളയിൽ പ്രദർശിപ്പിച്ച കിം കി ഡുക് ചിത്രം ‘ദി നെറ്റ്’. ഭരണകൂട ഭീകരതയുടെ നേര്‍ചിത്രം നെഞ്ചില്‍ തറയ്ക്കും വിധം  കിം കി ഡുക്ക് ഒരുക്കിയിരിക്കുന്നു.  ആദ്യ പ്രദര്‍ശനത്തോടെതന്നെ ചിത്രം മേളയുടെ നെഞ്ചകം കീഴടക്കി.

ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘട്ടനം ഇതിവൃത്തമാക്കുന്ന ചിത്രം 'നാം ചുല്‍ വൂ' എന്ന സാധാരണക്കാരനായ ഉത്തരകൊറിയന്‍ മീന്‍പിടുത്തക്കാരന്‍െറ കഥ പറയുന്നു. രണ്ടു കൊറിയകളെ വേര്‍തിരിക്കുന്ന നദിയുടെ വടക്കുഭാഗത്താണ് ചുല്‍ താമസിക്കുന്നത്. ഭാര്യയോടും മകളോടുമൊപ്പം  സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന അയാളുടെ തൊഴില്‍  മീന്‍പിടുത്തമാണ്. മത്സ്യബന്ധനത്തിലേര്‍പ്പെട്ട ചുല്‍ വുവിന്‍െറ ബോട്ടിന്‍്റെ എന്‍ജിനിടയില്‍ വല കുരുങ്ങിയതിനെതുടര്‍ന്ന് ചലനം നിലച്ചുപോകുന്നു. ദക്ഷിണ കൊറിയയുടെ  ഭാഗത്തേക്ക് ബോട്ട് ഒഴുകി നീങ്ങുന്നു. ബോട്ട് നിയന്ത്രിക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. എന്നാൽ ശത്രുക്കൾ നുഴഞ്ഞുകയറുന്നതായാണ് ദക്ഷിണകൊറിയന്‍ അതിര്‍ത്തിരക്ഷാസേനയിലെ ഉദ്യോഗസ്ഥര്‍ക്ക് തോന്നുന്നത്. ഒരു സാധാരണ മത്സ്യബന്ധനത്തൊഴിലാളിയാണെന്ന് ഏറെക്കുറെ മനസ്സിലായെങ്കിലും വേഷംമാറിയത്തെിയ ചാരനാണോ എന്ന സംശയത്താൽ അദ്ദേഹത്തെ ചോദ്യംചെയ്യാനായി കൊണ്ടുപോകുന്നു.

ചുല്‍ വൂവിനെ ചാരനെന്നു സമ്മതിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. അതിനായി കടുത്ത ദേഹോപദ്രവവും ഏല്‍പ്പിക്കുന്നുണ്ട്. പക്ഷേ ചുല്ലിന്‍്റെ കാര്യങ്ങള്‍ക്ക് ചുമതലപ്പെടുത്തിയ ഓ ജിന്‍ വൂ എന്ന യുവ ഉദ്യോഗസ്ഥന് അയാളോട് ഇഷ്ടവും സഹതാപവും തോന്നുന്നു. തന്‍്റെ മുത്തച്ഛന്‍്റെ പരിചയക്കാരനായ ആ ഉദ്യോഗസ്ഥന്‍ ചുല്ലിനോട് സൗഹാര്‍ദപൂര്‍വം ഇടപെടുകയും അയാള്‍ക്കുവേണ്ടി മേലുദ്യോഗസ്ഥരോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഭാര്യയെയും മകളെയും പിരിഞ്ഞിരിക്കുന്നതിന്‍െറ വേദനയാണ് മര്‍ദനങ്ങളെക്കാള്‍ ചുല്ലിനെ നൊമ്പരപ്പെടുത്തുന്നത്. ഓ ജില്‍വൂ അയാളെ തിരികെ ഉത്തര കൊറിയയിലേക്ക് അയക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നു. ഭാര്യക്കും കുഞ്ഞിനും ഒപ്പമുള്ള ഫോട്ടോ നോക്കി കരയുന്ന ചുല്‍ സ്വാതന്ത്ര്യത്തിനായി നിരന്തരം കരഞ്ഞപേക്ഷിക്കുന്നു. പക്ഷേ, ഉത്തര കൊറിയയിലെ സ്വേഛാധിപത്യത്തിനു കീഴിലുള്ള ‘സ്വാതന്ത്ര്യ’ത്തെ ഉദ്യോഗസ്ഥര്‍ പരിഹസിക്കുന്നു. അതിനെക്കാള്‍ സുഖകരമായ ജീവിതവും ദക്ഷിണകൊറിയന്‍ പൗരത്വവുമാണ് ഉദ്യോഗസ്ഥരുടെ വാഗ്ദാനം. ഭാര്യയെക്കാളും മകളെക്കാളും വലുതാണ് സ്വാതന്ത്ര്യം എന്നവര്‍ ഓര്‍മപ്പെടുത്തുന്നു. എന്നാല്‍ ചുല്‍ തിരികെ പോകാന്‍ തന്നെയാണ് ആഗ്രഹിച്ചത്. ജനാധിപത്യത്തിന്‍്റെ പൊയ്മുഖത്തിനപ്പുറം ഒളിപ്പിച്ച പാരതന്ത്ര്യത്തെ അയാള്‍ ഭയപ്പെടുന്നു. അത്തരം കപട സ്വാതന്ത്ര്യത്തേക്കാള്‍ സ്വേഛാധിപത്യത്തിനു കീഴിലെ ചങ്ങലക്കെട്ടുകള്‍ സ്വീകാര്യമാണെന്ന് ചുല്‍ പറയുന്നു. ടൗണില്‍ കൊണ്ടുപോയി തുറന്നുവിട്ട് പൊലീസ് ഒരവസരത്തില്‍ അയാളെ നിരീക്ഷിക്കുന്നുണ്ട്. അപ്പോഴും ചാരനാണെന്നു സ്ഥാപിക്കുകയാണ് ചില ഉദ്യോഗസ്ഥരുടെ ലക്ഷ്യം. ടൗണില്‍ വെച്ച് ഒരു സ്ത്രീയെ അക്രമകാരികളില്‍ നിന്ന് അയാള്‍ രക്ഷിക്കുന്നു.

Full View

പിന്നീട് സ്വതന്ത്രനാക്കപ്പെടുന്ന ചുല്‍ ബോട്ടില്‍ കയറിയതോടെ ദക്ഷിണകൊറിയയുടെതായ സകലതും ഉപേക്ഷിച്ചാണ് സ്വന്തം നാട്ടിലേക്ക് തിരിക്കുന്നത്. സ്വന്തം ദേശത്തേക്ക് പുഷ്പഹാരം ചാര്‍ത്തി സ്വീകരിക്കപ്പെട്ട ആ ദേശസ്നേഹിയെ കാത്തിരുന്നത് ആഹ്ളാദത്തിന്‍െറ പൂമാലകളായിരുന്നില്ല. ഇവിടെ കിം കി ഡുക്കിന്‍റെ രാഷ്ട്രീയബോധം തികച്ച ചലച്ചിത്രകാരനായി നമുക്കുമുന്നിലെത്തുന്നു.

ഏതെങ്കിലുമൊരു ദേശത്തിന്‍െറ പക്ഷംപിടിക്കാനല്ല, മനുഷ്യനുമേലുള്ള ചാരക്കണ്ണുകള്‍ ഏതു ദേശത്തും ഒരുപോലെ തന്നെയാണെന്ന് കിം ഈ ചിത്രത്തിലൂടെ വിളിച്ചു പറയുന്നു. സംവിധാനവും തിരക്കഥയും ഛായാഗ്രഹണവും കിം കി ഡുക് നിര്‍വഹിക്കുന്ന ‘നെറ്റിന്‍െറ ദൈര്‍ഘ്യം 114 മിനിറ്റാണ്. ടോറന്‍്റോ, വെനീസ് ചലച്ചിത്രമേളകളില്‍  'ദി നെറ്റ്' പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഐ.എഫ്.എഫ്.കെയുടെ രണ്ടാം ദിവസവും ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. ഇനി ഒരു പ്രദര്‍ശനം കൂടി ബാക്കിയുണ്ട്.

 

 

 

 

 

 

Tags:    
News Summary - kim ki duk the net iffk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.