ഫയൽ ചിത്രം

'മണ്ണാറത്തൊടി ജയകൃഷ്​ണനാണ്​ എന്‍റെ ഹീറോ..'

90 വർഷത്തെ മലയാള സിനിമയുടെ ചരിത്രത്തിൽ 10 കഥാപാത്രങ്ങളെ തെരഞ്ഞെടുക്കൽ ഒരു ഹെർക്കൂലിയൻ യജ്ഞമാണ്​. ഒരു നടന്‍റെ തന്നെ ഒട്ടേറെ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിലെത്തും. അവർ പറഞ്ഞ ഡയലോഗുകൾ പോലും നമുക്ക്​ മനപ്പാഠമാണ്​. അതിൽനിന്ന്​ 10 പേരെ തെര​ഞ്ഞെടു​ക്കുന്നത്​ വലിയ ഉത്തരവാദിത്തമാണ്​. എന്നാലും പെട്ടെന്ന്​ മനസ്സിലേക്ക്​ വരുന്ന ചില കഥാപാത്രങ്ങളെ പറയാം.

1 മണ്ണാറത്തൊടി ജയകൃഷ്ണനാണ്​ എന്‍റെ ഹീറോ


നമ്മളൊക്കെ ജനിക്കുന്നതിനു മുമ്പ്​ ഇറങ്ങിയ സിനിമകൾ പോലും ഇന്ന്​ കാണാൻ സൗകര്യമുണ്ട്​. നമ്മൾ അത്​ കാണാൻ ശ്രമിക്കാറുമുണ്ട്​. പരമാവധി പഴ​യ സിനിമകൾ കാണാൻ ശ്രമിക്കുന്ന ഒരാളാണ്​ ഞാൻ. പക്ഷേ, ഒരു നായകകഥാപാത്രത്തോട്​ സ്​നേഹവും ആരാധനയും ഒക്കെ തോന്നുന്നത്,​ എക്കാലത്തും എന്‍റെ ആൾടൈം ഫേവറിറ്റ്​ എന്നു പറയാവുന്നത്​ 'തൂവാനത്തുമ്പികൾ' എന്ന സിനിമയാണ്​. അതിലെ നായകൻ ജയകൃഷ്ണനാണ്​ എന്‍റെ ഹീറോ. കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമയായാണ്​ പത്​മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികളെ വിശേഷിപ്പിക്കുന്നത്​. മലയാള സിനിമയിൽ ഇതിവൃത്ത സ്വീകരണത്തിൽ ഒരു വെല്ലുവിളി ഉയർത്തിയ സിനിമകൂടിയാണിത്​. കാരണം, പ്രണയത്തെക്കുറിച്ചുള്ള ഒരു വേറിട്ട സങ്കൽപ്പം അവതരിപ്പിക്കുന്നതിൽ പത്​മരാജന്​ മാത്രം കഴിയുന്ന തീരുമാനമായിരുന്നു ആ ചിത്രം. എപ്പോൾ ടി.വിയിൽ ആ സിനിമ വന്നാലും എഴുന്നേറ്റുപോകാതെ അത്​ കണ്ടിരുന്നുപോകാറുണ്ട്​. അതിലെ ഓരോ ഡയലോഗുകളും കാണാപ്പാഠമായൊരാളാണ്​ ഞാൻ. ആ സിനിമ എത്രതവണ കണ്ടിട്ടുണ്ട്​ എന്ന്​ എനിക്കുപോലുമറിയില്ല. അക്കാലത്തെ ചെറുപ്പക്കാർ ഏറെ ആരാധിച്ചിരുന്ന ഒരു കഥാപാത്രം കൂടിയായിരുന്നു ജയകൃഷ്ണൻ.

അതേ ചിത്രത്തിൽ സുമലത അവതരിപ്പിച്ച 'ക്ലാര'. മലയാള സിനിമയിലെ സങ്കൽപ്പങ്ങൾ അട്ടിമറിച്ച ഒരു ചലച്ചിത്രമായിരുന്നു 'തൂവാനത്തുമ്പികൾ'. ക്ലാരയും ജയകൃഷ്ണനും തമ്മിലുള്ള പ്രണയം മലയാളികളുടെ എല്ലാ സങ്കൽപ്പങ്ങൾക്കും കാഴ്ചാശീലങ്ങൾക്കും അപ്പുറത്തുള്ളതായിരുന്നു.

35 വർഷം കഴിഞ്ഞിട്ടും ആ ചിത്രത്തിലെ നായകനും നായികയും മറക്കാനാവാത്ത അനുഭവമായി മനസ്സിലുണ്ട്​.

കഥാപാത്രങ്ങൾ: ജയകൃഷ്ണൻ / ക്ലാര

അഭിനേതാക്കൾ​: മോഹൻലാൽ / സുമലത

ചിത്രം: തൂവാനത്തുമ്പികൾ (1987)

സംവിധാനം: പത്​മരാജൻ


2 അദ്​ഭുതപ്പെടുത്തിയ നന്ദിനി


മലയാള സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച്​ ആലോചിക്കുമ്പോൾ രേവതി അവതരിപ്പിച്ച കഥാപാത്രങ്ങൾ മറക്കാനാവില്ല. അതിൽതന്നെ കിലുക്കത്തിൽ അവർ അവതരിപ്പിച്ച കഥാപാ​ത്രം വേറിട്ടുനിൽക്കുന്നു. ഭ്രാന്തിയായി അഭിനയിച്ച്​ ഊട്ടിപ്പട്ടണത്തിൽ വന്നിറങ്ങുന്ന നന്ദിനി എന്ന ആ കഥാപാത്രത്തെ അത്രയും സമർത്ഥമായി അവതരിപ്പിക്കാൻ മറ്റാർക്കും കഴിയുമായിരുന്നില്ല. അവർ പറയുന്ന ഡയലോഗുകൾ ഇന്നും മലയാളി ആവർത്തിക്കുന്നുണ്ട്​. കുട്ടികൾ വരെ ഓർത്തിരിക്കുന്നുണ്ട്​ ആ ഡയലോഗുകൾ. മോഹൻലാൽ, രേവതി, ജഗതി ശ്രീകുമാർ കോമ്പിനേഷൻ ബ്രില്ല്യന്‍റായ കോമ്പിനേഷനായിരുന്നു. പക്ഷേ, ആ സിനിമയെ മുന്നോട്ടു നയിക്കുന്നത്​ രേവതിയുടെ നന്ദിനിയാണ്​. രസകരമായ ഒത്തിരി നിമിഷങ്ങൾ ആ ചിത്രത്തിൽ അവർ അവതരിപ്പിക്കുന്നുണ്ട്​.

ഭ്രാന്തായി നടിച്ചിടത്തുനിന്ന്​ ഭ്രാന്തില്ലാത്തയാളായി ആ കഥാപാത്രം രൂപാന്തരപ്പെടുന്നത്​ അദ്​ഭുതകരമായാണ്​. എനിക്ക്​ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്​ രേവതിയുടെ നന്ദിനി.

കഥാപാത്രം: നന്ദിനി

അഭിനേതാവ്​: രേവതി

ചിത്രം: കിലുക്കം (1991)

സംവിധാനം: പ്രിയദർശൻ

3 മനസ്സ്​ കീഴടക്കിയ എൻ.എഫ്​ വർഗീസിന്‍റെ വിശ്വനാഥൻ


ശബ്​ദഗാംഭീര്യം കൊണ്ടും അഭിനയ ശൈലികൊണ്ടും മലയാളിയുടെ മനസ്സ്​ കീഴടക്കിയ നടനായിരുന്നു എൻ.എഫ്​ വർഗീസ്​. 'പത്രം' എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച വിശ്വനാഥൻ. മലയാള സിനിമയിൽ പകരക്കാരനില്ലാത്ത നടനാണ്​ അദ്ദേഹം. ഒട്ടനവധി സിനിമകളിൽ വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും എൻ.എഫ്​. വർഗീസ്​ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറ്റവും ശക്​തമായത്​ വിശ്വനാഥൻ തന്നെയാണ്​. മലയാളസിനിമ ശരിക്കും മിസ്​ ചെയ്യു​ന്നൊരു നടൻ കൂടിയാണ്​ അദ്ദേഹം.

കഥാപാത്രം: വിശ്വനാഥൻ

അഭിനേതാവ്​: എൻ.എഫ്​ വർഗീസ്

ചിത്രം: പത്രം (2021)

സംവിധാനം: ജോഷി

4 അനുകമ്പയോടെ പുട്ടുറുമീസ്​


മനസ്സിൽ തങ്ങിനിൽക്കുന്ന നൂറുകണക്കിന്​ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനയവിസ്മയമാണ്​ മമ്മൂക്ക. ഒന്നിനൊന്ന്​ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും എന്‍റെ മനസ്സിൽ ഏറെ വ്യത്യസ്തതകളോടെ കടന്നുവരുന്ന വേഷം 'സൂര്യമാനസ'ത്തിലെ 'പുട്ടുറുമീസ്​' ആണ്​. അഭിനയം കൊണ്ടും മേക്കപ്പ്​ ​കൊണ്ടും അമ്പരപ്പിച്ച ഒരു കഥാപാത്രമായിരുന്നു പുട്ടുറുമീസ്​. ആ ക്യാരക്ടറിനോട്​ അത്രയും നീതിപുലർത്താൻ മമ്മൂട്ടിക്കു മാത്രമേ കഴിയൂ. മലയാളികളുടെ മനസ്സിൽ അനുകമ്പയോടെ കടന്നിരുന്ന ഒരു കഥാപാത്രമായിരുന്നു പുട്ടുറുമീസ്​. പൗരുഷത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും നിർവചനമായി മലയാളികൾ കൊണ്ടാടിയ ഒരു മഹാനടനാണ്​ അസാധ്യമായ മേക്കോവറിലൂടെ പുട്ടുറുമീസായി മാറിയത്​. അദ്ദേഹത്തിന്‍റെ അഭിനയത്തിന്‍റെ മറ്റൊരു മുഖമാണ്​ പുട്ടുറുമീസ്​.

നായകപര്യവേഷമുള്ള ഒട്ടേറെ മമ്മൂട്ടി കഥാപാത്രങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്​. പ്രത്യേക രീതിയിൽ ചീകിയ മുടിയും പല്ലും, പുട്ടിനോടുള്ള അമിത താൽപര്യവും ഒക്കെ ചേർന്നൊരു കഥാപാത്രത്തെ അതിന്‍റെ എല്ലാ നിഷ്കളങ്കതയോടെയും മമ്മൂട്ടി അവിസ്മരണീയമാക്കി. ഞാനെന്നും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാണത്​.

കഥാപാത്രം: പുട്ടുറുമീസ്​

അഭിനേതാവ്: മമ്മൂട്ടി

ചിത്രം: സൂര്യമാനസം (1992)

സംവിധാനം: വിജി തമ്പി

5 അപ്പുക്കുട്ടന്‍റെ ഡയലോഗുകൾ


എത്ര പറഞ്ഞാലും തീരാത്ത ഒരു അഭിനേതാവാണ്​ ജഗതി ശ്രീകുമാർ. ഒന്നല്ല, അദ്ദേഹത്തിന്‍റെ നൂറുകണക്കിന്​ കഥാപാത്രങ്ങളെക്കുറിച്ച്​ പറയാനുണ്ടാവും ഓ​രോ മലയാളിക്കും. നമ്മൾ ഓർത്തിരിക്കുന്ന, ഇന്ന്​ ട്രോളുകളായി പുനരവതരിച്ചുകൊണ്ടിരിക്കുന്ന ഒത്തിരി ഡയലോഗുകളിലൂടെ ജഗതി ​ശ്രീകുമാർ ഇന്നും നമുക്കിടയിൽ സജീവമായി നിൽക്കുന്നുണ്ട്​.

പക്ഷേ, യോദ്ധ എന്ന സിനിമയിലെ അപ്പുക്കുട്ടൻ എന്ന കഥാപാത്രമാണ്​ അതിൽ എനിക്കേറ്റവും ഇഷ്​ടപ്പെട്ടത്​. രാത്രി ചെസ്​ പഠിക്കാനിരിക്കുന്ന ജഗതി ശ്രീകുമാറിന്​ പാല്​ കൊണ്ടുകൊടുക്കുന്ന മീനയോട്​ പാല്​ കുടിച്ച ശേഷം 'കലങ്ങീല്ല...' എന്നു പറയുന്ന ഡയലോഗ്​ ഇപ്പോൾ നമ്മുടെ നിത്യവ്യവഹാരത്തിലും ഇടംപിടിച്ചിട്ടുണ്ട്​. 'ഇനി കാവിലെ പാട്ടമത്സരത്തിനു കാണാം..' എന്നതൊക്കെ നമ്മുടെ പതിവ്​ പദങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

നേപ്പാളിലെ കാഠ്​മണ്ഡുവിലാണ്​ അതിന്‍റെ ഷൂട്ടിങ്​ നടന്നത്​. പടവുകളിൽ നിന്ന്​ ജഗതി ഇറങ്ങിവരുന്ന ഒരു സീനുണ്ട്​. ജഗതിയും മോഹൻലാലു​മൊത്തു​ള്ള

കോമ്പിനേഷൻ രംഗങ്ങളും 'പടകാളി ചണ്ഡിചങ്കരി പോർക്കലി..' എന്ന എ.ആർ. റഹ്​മാൻ സംഗീതം നൽകിയ പാട്ടും ഒന്നും മലയാളി ഒരുകാലത്തും മറക്കില്ല.

കഥാപാത്രം: അപ്പുക്കുട്ടൻ

അഭിനേതാവ്​: ജഗതി ശ്രീകുമാർ

ചിത്രം: യോദ്ധ (1992)

സംവിധാനം: സംഗീത്​ ശിവൻ

6 കോട്ടപ്പള്ളിമാരെ എങ്ങനെ മറക്കും


മലയാളത്തിലെ എക്കാലത്തെയും മികച്ച പൊളിറ്റിക്കൽ സറ്റയർ എന്നു വിശേഷിപ്പിക്കാവുന്ന സിനിമയാണ്​ സത്യൻ അന്തിക്കാട്​ സംവിധാനം ചെയ്ത 'സന്ദേശം'. ആ ചിത്രത്തിലെ ഇരട്ട കഥാപാത്രങ്ങൾ എന്‍റെ പ്രിയ കഥാപാത്രങ്ങളിലുണ്ട്​. ജയറാമും ശ്രീനിവാസനും അവതരിപ്പിക്കുന്ന രണ്ട്​ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന സഹോദരങ്ങളായ പ്രകാശൻ കോട്ടപ്പള്ളിയും പ്രഭാകരൻ കോട്ടപ്പള്ളിയും. ഒരു കോൺഗ്രസുകാരനായി ജയറാമും കമ്മ്യുണിസ്റ്റുകാരനായി ​ശ്രീനിവാസനും വേഷമിടുന്നു. ശങ്കരാടിയുടെ താത്വികനേതാവും ബോബി കൊട്ടാരക്കരയുടെ കഥാപാത്രവുമെല്ലാം മനസ്സിലുണ്ട്​. എന്നാലും പ്രകാശൻ കോട്ടപ്പള്ളിയും പ്രഭാകരൻ കോട്ടപ്പള്ളിയും നമ്മുടെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങളിലൊക്കെയും ഓർമിക്കപ്പെടുന്ന കഥാപാത്രങ്ങളാണ്​. 'പോളണ്ടിനെക്കുറിച്ച്​ ഒരു അക്ഷരം മിണ്ടിപ്പോകരുത്​..', 'അന്തർധാര സജീവമായിരുന്നു..' തുടങ്ങിയ ഡയലോഗുകൾ ഇപ്പോഴും നമ്മുടെ തമാശകളിലും വിശകലനങ്ങളിലും ഇടയ്ക്ക്​ കയറിവരുന്നുണ്ട്​. മലയാളികൾ ഉള്ളിടത്തോളം മറക്കാത്ത രണ്ടു കഥാപാത്രങ്ങളാണ്​ ഇവർ.

കഥാപാത്രങ്ങൾ: പ്രകാശൻ കോട്ടപ്പള്ളി / പ്രഭാകരൻ കോട്ടപ്പള്ളി

അഭിനേതാവ്​: ജയറാം / ശ്രീനിവാസൻ

ചിത്രം: സന്ദേശം (1991)

സംവിധാനം: സത്യൻ അന്തിക്കാട്​

7 ഡാനിയൽ എന്ന സിനിമയുടെ പിതാവ്​


മലയാള സിനിമയുടെ ചരിത്രം പറഞ്ഞ സിനിമയാണ്​ ​'സെല്ലുലോയ്​ഡ്​'. ആ ചിത്രത്തിലെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ വളരെ ബ്രില്ല്യൻറായ പ്രകടനമാണ്​ പൃഥ്വിരാജ്​ കാഴ്​ചവെച്ചത്​. മലയാള സിനിമയുടെ പിതാവായി അറിയപ്പെടുന്ന ജെ.സി. ഡാനിയലിന്‍റെ ജീവിതം പറഞ്ഞ സിനിമയിൽ തന്‍റെ പ്രായത്തെക്കാൾ കവിഞ്ഞ പക്വതയുള്ള കഥാപാത്രത്തെ തികഞ്ഞ കൈയൊതുക്കത്തോടെ പൃഥ്വി അവിസ്മരണീയമാക്കി. എനിക്കേറ്റവും ഇഷ്ടപ്പെട പൃഥ്വിരാജ്​ കഥാപാത്രവും ഇതാണ്​.

കഥാപാത്രം: ജെ.സി. ഡാനിയൽ

അഭിനേതാവ്​: പൃഥ്വിരാജ്​

ചിത്രം: സെല്ലുലോയ്​ഡ്​ (2013)

സംവിധാനം: കമൽ

8 ആർട്ടിസ്റ്റ്​ ബേബി


ഗൗരവമാർന്ന കഥാപാത്രങ്ങൾക്കൊപ്പം നർമം കലർന്ന കഥാപാത്രങ്ങളെയും അവതരിപ്പിച്ച മികച്ച നടനാണ്​ അലൻസിയർ. മഹേഷിന്‍റെ പ്രതികാരത്തിൽ അലൻസിയർ അവതരിപ്പിച്ച ആർട്ടിസ്റ്റ്​ ബേബി എന്ന കഥാപാത്രം ഒത്തിരി ഇഷ്ടമായ ഒന്നാണ്​. 'എന്‍റെ ഐഡിയ ആയിപ്പോയി, നിന്‍റെ ഐഡിയ ആയിരുന്നെങ്കിൽ നിന്നെ ഞാൻ കൊന്നേനെ...' എന്ന ഡയലോ​ഗ്​ ഒരിക്കലും മറക്കാനാവില്ല.

സമീപകാലത്ത്​ മലയാള സിനിമക്ക്​ കിട്ടിയ മികച്ച നടൻ കൂടിയാണ്​ അലൻസിയർ.

കഥാപാത്രം: ആർട്ടിസ്റ്റ്​ ബേബി

അഭിനേതാവ്​: അലൻസിയർ

ചിത്രം: മഹേഷിന്‍റെ പ്രതികാരം (2016)

സംവിധാനം: ദിലീഷ്​ പോത്തൻ

9 പലഭാവങ്ങളിൽ ഹീറോയായി ഷമ്മി


എനിക്കേറെ ഇഷ്ടപ്പെട്ട നടനാണ്​ ഫഹദ്​ ഫാസിൽ. വ്യക്​തിപരമായി എനിക്കേറെ സൗഹൃദവുമുള്ള ഒരാൾ. ചെറുതായാലും വലുതായാലും ഓരോ കഥാപാത്രത്തിനും വേണ്ടി ഫഹദ്​ എടുക്കുന്ന പ്രയത്നം നമ്മെ അദ്​ഭുതപ്പെടുത്തും. ഓരോ സിനിമ കഴിയുമ്പോഴും നമ്മൾ അടുത്ത ഫഹദ്​ ചിത്രത്തിനായി കാത്തിരിക്കും. അത്രയും പകർന്നാട്ട ശേഷിയുള്ള, കഥാപാത്രത്തോട്​ പരമാവധി നീതിപുലർത്തുന്ന നടനാണ്​ ഫഹദ്​. അദ്ദേഹം അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും ശ്രദ്ധനേടിയിട്ടുള്ളവയാണ്​.

അതിൽ എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ്​ കുമ്പളങ്ങി നൈറ്റ്​സിലെ ബാർബറായ ഷമ്മി. ഒരു മാനസിക വിഭ്രാന്തിയുള്ള ദ്വന്ദ്വ വ്യക്​തിത്വമുള്ള കഥാപാത്രമാണ്​ ഷമ്മി. അതിവേഗത്തിൽ ഭാവമാറ്റങ്ങൾ വരുന്ന ആ കഥാപാത്രത്തെ അതിസുന്ദരമായി ഫഹദ്​ കൈകാര്യം ചെയ്തു. നാട്ടിൻപുറങ്ങളിലെ ഒരു ബാർബറുടെ ശരീരഭാഷയിലേക്ക്​ എത്ര അനായാസമായാണ്​ അയാൾ കടന്നുപോകുന്നത്​.

കഥാപാത്രം: ഷമ്മി

അഭിനേതാവ്​: ഫഹദ്​ ഫാസിൽ

ചിത്രം: കുമ്പളങ്ങി നൈറ്റ്​സ്​ (2019)

സംവിധാനം: മധു സി. നാരായണൻ

10 കരുത്തിന്‍റെ പര്യായമായി പല്ലവി


മലയാളത്തിലെ പു​തിയ തലമുറയിൽ ഏറ്റവും അംഗീകാരം നേടിയ അഭിനതാവാണ്​ പാർവതി. നമ്മൾ സ്ത്രീ ശാക്​തീകരണം എന്നു​ പറയുന്നതിനെ കൃത്യമായി അടയാളപ്പെടുത്തിയ ശക്​തമായ ഒരു കഥാപാത്രമാണ്​ 'ഉയരെ' എന്ന സിനിമയിൽ പാർവതി അവതരിപ്പിച്ച പല്ലവി. പ്രതികൂലമായ എല്ലാ സാഹചര്യങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച ഒരു സ്​ത്രീയുടെ പോരാട്ടത്തെ പാർവതി അവിസ്മരണീയമാക്കി. ആസിഡ്​ ആക്രമണത്തിന്​ വിധേയയായി വിരൂപയായി തീ​രേണ്ടിവന്നിട്ടും ജീവിതത്തിലേക്ക്​ പോരാടി തിരിച്ചുവന്ന അതിശക്​തയായ ഒരു കഥാപാത്രം. സമീപകാലത്ത്​ കണ്ട സിനിമകളിൽ ഏറ്റവും കരുത്തുറ്റ സ്ത്രീ കഥാപാത്രമാണ്​ പല്ലവി. ഒപ്പം നമ്മുടെ കണ്ണുകളെ നനയ്ക്കുന്ന വേഷം. ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണത്​. ഒരു ആക്ടർ എന്ന നിലയിൽ എല്ലാത്തരം വെഴ്​സറ്റാലിറ്റിയും പാർവതി ആ കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്​.

കഥാപാത്രം: പല്ലവി

അഭിനേതാവ്​: പാർവതി

ചിത്രം: ഉയരെ (2019)

സംവിധാനം: മനു അശോകൻ

Tags:    
News Summary - hibi eden reveals his favourites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.