തലസ്ഥാനം മഴയിൽ മുങ്ങിക്കുളിക്കുന്നു

തിരുവനന്തപുരം: തുള്ളിക്കൊരുകുടംപോലെ പെയ്തിറങ്ങിയ തെക്കുപടിഞ്ഞാറൻ മൺസൂണിൽ തലസ്ഥാനം മുങ്ങിക്കുളിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 101.2 മി.മീറ്റർ മഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ഇതോടെ നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. വീടുകള്‍ക്ക് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണും മരങ്ങള്‍ കടപുഴകി വീണും നാശനഷ്ടങ്ങളുണ്ടായി. പൊട്ടക്കുഴിയിലും മണ്ണന്തലയിലുമാണ് വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണത്. നാശനഷ്ടങ്ങൾ പെരുകിയതോടെ രാവിലെ എട്ടരയോടെ തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു മലയോരമേഖലകളിൽ നീരൊഴുക്ക് ശക്തമായതോടെ അരുവിക്കര ഡാമിൻെറ ഷട്ടറുകൾ കൂടുതൽ ഉയർത്തി. അമ്പലത്തറയിലും മ്യൂസിയം ജങ്ഷനിലും മരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. വലിയതുറ ഭാഗത്തുണ്ടായ കടലേറ്റത്തെതുടര്‍ന്ന് വലിയതുറയില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. കരിമഠം കോളനി, ബണ്ട് കോളനി, അടിമലത്തുറ, പുത്തന്‍പാലം എന്നിവിടങ്ങളിലായി നിരവധി വീടുകളില്‍ വെള്ളം കയറി. അഗ്നിരക്ഷസേനയുടെ സ്‌കൂബാ ടീം പുത്തന്‍പാലത്ത് നിന്ന് പത്തുപേരെ മാറ്റിപ്പാര്‍പ്പിച്ചു. ആറ്റിപ്ര അരശുംമൂട് കൂട്ടത്തെങ്ങില്‍ രാജിയുടെ വീട്ടിലെ കിണര്‍ ഇടിഞ്ഞുതാണു. കിള്ളിയാര്‍, കരമനയാര്‍ കരവിഞ്ഞൊഴുകി ജഗതി, കരമന, തിരുവല്ലം എന്നിവിടങ്ങള്‍ വെള്ളത്തിലായി. കൂടാതെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ അട്ടക്കുളങ്ങര, തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡ്, ചാല, ജഗതി, ഗൗരീശപട്ടം, ശ്രീവരാഹം, ജഗതി എന്നിവിടങ്ങളും വെള്ളത്തിലായി. നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങള്‍ മേയര്‍ കെ. ശ്രീകുമാര്‍, കലക്ടര്‍ നവജ്യോത് സിങ് ഖോസ എന്നിവര്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.