പങ്കാളിത്ത പെൻഷൻ പദ്ധതി നടത്തിപ്പിൽ അപാകതയെന്ന്​ സി.എ.ജി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി നടത്തിപ്പിൽ അപാകതയെന്ന് കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ റിപ്പോർട്ട്. ശമ്പള പരിഷ്കരണ കുടിശ്ശിക തുകക്ക് പെൻഷൻ ഫണ്ട് വിഹിതം ഇൗടാക്കിയില്ല, പെൻഷൻ വിഹിതത്തിലേക്ക് സർക്കാറിൻെറ മാച്ചിങ് ഫണ്ട് വൈകിയിട്ടും അതിന് പലിശ നൽകിയില്ല, ശമ്പളത്തിൽനിന്ന് പിടിച്ച പെൻഷൻ വിഹിതം നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന് യഥാസമയം നൽകിയില്ല, അഖിലേന്ത്യ സർവിസുകാരുടെ ബാക്ക് ലോഗ് വിഹിതം ഇൗടാക്കിയില്ല തുടങ്ങിയ അപാകതകളാണ് കണ്ടെത്തിയത്. ജീവനക്കാരിൽനിന്ന് പങ്കാളിത്ത പെൻഷൻ വിഹിതം കൃത്യമായി ഇൗടാക്കുന്നെന്ന് നിരീക്ഷിക്കാൻ സംവിധാനമില്ല. ഫണ്ടിൻെറ നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന വരുമാനത്തെകുറിച്ച് നാഷനൽ പെൻഷൻ ട്രസ്റ്റിൽനിന്ന് പ്രതിമാസ പട്ടിക ലഭിക്കുന്നുമില്ല. 2013 ഏപ്രിൽ ഒന്നുമുതൽ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയെങ്കിലും 2014 ഫെബ്രുവരിയിൽ മാത്രമാണ് ശമ്പളത്തിൽനിന്ന് വിഹിതം ഇൗടാക്കിത്തുടങ്ങിയത്. ബാക്ക് ലോഗ് വിഹിതത്തിന് തുല്യമായ സർക്കാർ വിഹിതത്തിന് ഇതുവരെ പലിശ നൽകിയിട്ടില്ല. പലിശ ആവശ്യം ഉന്നയിച്ചില്ലെന്നാണ് സർക്കാർ വിശദീകരണം. 2014 ജനുവരി ഒന്നുമുതൽ നിയമിതരായ അഖിലേന്ത്യ സർവിസുകാർക്കാണ് പങ്കാളിത്ത പെൻഷൻ ബാധകം. ബാക്ക് ലോഗ് വിഹിതം ഇൗടാക്കാൻ 2016 മേയിലാണ് വിശദാംശം പുറപ്പെടുവിച്ചത്. ഇക്കാലത്ത് 82 ഉദ്യോഗസ്ഥർ നിയമിതരായി. 33 പേരുടെ വിഹിതത്തിന് അന്തിമ ഉത്തരവിറക്കി. 13 പേരുെട വിഹിതകാര്യത്തിൽ പരിശോധന നടക്കുന്നു. 36 ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ബാക്ക് ലോഗ് വിഹിതം ഇൗടാക്കാൻ വിശദാംശങ്ങൾ ലഭിച്ചില്ല. ജീവനക്കാരിൽനിന്ന് പെൻഷൻ ഫണ്ടിലേക്ക് ഇൗടാക്കുന്ന പണം അന്നുതന്നെ എൻ.എസ്.ഡി.എല്ലിലേക്ക് മാറ്റണം. എന്നാൽ, 33 അഖിലേന്ത്യ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഫണ്ട് കൈമാറാൻ 27 മുതൽ 41 മാസംവരെ താമസമുണ്ടായി. സംസ്ഥാന ജീവനക്കാരുടെ ശമ്പള കുടിശ്ശികക്ക് പങ്കാളിത്ത പെൻഷൻ വിഹിതം ഇൗടാക്കിയതുമില്ല. അഖിലേന്ത്യ സർവിസിലുള്ളവരുടെ കാര്യത്തിൽ മൂന്നുപേരിൽനിന്ന് ഇൗടാക്കിയില്ല. പെൻഷൻ ഫണ്ടിലേക്കുള്ള ജീവനക്കാരുടെ വിഹിതവും സർക്കാർ വിഹിതവും തമ്മിൽ പൊരുത്തേക്കടുണ്ടെന്നും സി.എ.ജി കണ്ടെത്തി. തുല്യമായ വിഹിതമാണ് വരേണ്ടത്. പങ്കാളിത്ത പെൻഷനിൽ ചേർന്നവരുടെയും അത് ബാധകമായ ജീവനക്കാരുടെയും എണ്ണം തമ്മിൽ വ്യത്യാസമുണ്ട്. സ്പാർക്ക് പ്രകാരം 2018 ഏപ്രിൽ ഒന്നുമുതൽ 2018 ജൂലൈ വരെ 1,09,657 ജീവനക്കാർ സർവിസിൽ ചേർന്നിട്ടുണ്ട്. ഇതിൽ 34,262 പേർക്ക് 2018 ജൂലൈ 31 വരെ സ്ഥിര അക്കൗണ്ട് നമ്പർ അനുവദിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.