കുടിവെള്ള പ്രശ്നം: ജല അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയറെ തടഞ്ഞുവെച്ചു

വിഴിഞ്ഞം: 11 മാസമായി തുടരുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജല അതോറിറ ്റി നെയ്യാറ്റിൻകര എക്‌സിക്യൂട്ടിവ് എൻജിനീയറെ തടഞ്ഞുവെച്ചു. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽപെടുന്ന നന്നംകുഴി, മന്നോട്ടുകോണം മേഖലകളിലെ നാനൂറോളം കുടുംബങ്ങളാണ് 11 മാസമായി കുടിവെള്ള പ്രശ്നം നേരിടുന്നത്. പലതവണ വാർഡ് മെംബറെയും അധികാരികളെയും സമീപിച്ചെങ്കിലും ശാശ്വതപരിഹാരം കാണാൻ ആരും തയാറായില്ലെന്ന് നാട്ടുകാർ പറയുന്നു. അട്ടറമൂല പമ്പ് ഹൗസിൽനിന്നായിരുന്നു ഈ പ്രദേശങ്ങളിൽ കുടിവെള്ളം പമ്പ് ചെയ്തിരുന്നത്. എന്നാൽ, ഇവിടെയുള്ള പമ്പ് കേടായതിനെതുടർന്ന് അറ്റകുറ്റപ്പണി ചെയ്യാൻ ഉയർത്തുന്നതിനിടെ കയർപൊട്ടി കുഴൽകിണറിന് ഉള്ളിൽ കുടുങ്ങി. ഇതോടെ ഈ കുഴൽക്കിണർ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായി. പ്രതിഷേധത്തെതുടർന്ന് ഭൂഗർഭ ജല അതോറിറ്റി സമീപത്ത് മറ്റൊരു കുഴൽക്കിണർ കുഴിച്ചെങ്കിലും അധികൃതരുടെ അനാസ്ഥയിൽ ഇതിൽ ഇറക്കേണ്ട പൈപ്പുകൾ എത്തിക്കാൻ ആഴ്ചകൾ വൈകി. ഇതോടെ കുഴൽക്കിണർ മണ്ണിറങ്ങി മൂടിയതായി പ്രദേശവാസികൾ പറഞ്ഞു. സംഭവം ശ്രദ്ധയിൽപെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്ന ഭൂഗർഭ ജല അതോറിറ്റിയുടെ കുഴൽകിണർ കുഴിക്കുന്ന യന്ത്രം തടഞ്ഞ് പ്രതിഷേധിച്ചു. തുടർന്നാണ് മറ്റൊരു കുഴൽക്കിണർ കുഴിക്കാൻ അധികൃതർ തയാറായത്. രണ്ടുമാസം മുമ്പ് കുഴൽക്കിണർ കുഴിച്ച് പൈപ്പ് ഇറക്കിയെങ്കിലും പുതിയ പമ്പ് സ്ഥാപിച്ച് ജലവിതരണം പുനഃസ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. ഇതോടെയാണ് ഡി.വൈ.എഫ്.ഐ പയറ്റുവിള മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടിവ് എൻജിനീയറെ തടഞ്ഞുവെച്ചത്. വിഷയത്തിൽ ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ, സ്ഥലത്ത് പമ്പ് സ്ഥാപിക്കാൻ കരാർ ലഭിച്ചിരിക്കുന്ന കരാറുകാരൻ എന്നിവരുമായി എക്സിക്യൂട്ടിവ് എൻജിനീയർ ഫോണിൽ ബന്ധപ്പെട്ടു. സൂപ്രണ്ടിങ് എൻജിനീയറുടെ അനുമതി ഉടൻ ലഭ്യമാക്കുമെന്നും ഇത് ലഭ്യമാകുന്ന മുറയ്ക്ക് കോയമ്പത്തൂരിൽനിന്ന് പുതിയ പമ്പ് വാങ്ങാനുള്ള നടപടി കരാറുകാരൻ സ്വീകരിക്കുമെന്നും അറിയിച്ചു. 20 ദിവസത്തിനുളിൽ അട്ടറമൂല പമ്പ് ഹൗസിൽനിന്ന് മിനിറ്റിൽ 150 ലിറ്റർ എന്ന കണക്കിൽ സാധാരണഗതിയിൽ ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ രേഖാമൂലം എഴുതി നൽകി. ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. പടം. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജല അതോറിറ്റി നെയ്യാറ്റിൻകര എക്സിക്യൂട്ടിവ് എൻജിനീയറെ തടഞ്ഞുവെച്ചിരിക്കുന്നു (പടം വന്നിട്ടില്ല...)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.