പഞ്ചായത്ത് അംഗത്തി​െൻറ കൈയിൽ ഗ്ലാസ് വീണു മുറിഞ്ഞു; രക്തം കണ്ട്​ പഞ്ചായത്ത് പ്രസിഡൻറ്​ കഴഞ്ഞുവീണു

ഓച്ചിറ: തഴവ ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളിലെ വര്‍ക്കര്‍, ഹെല്‍പര്‍ നിയമനങ്ങള്‍ക്കുള്ള റാങ്ക് ലിസ്റ്റിന് അംഗീകാരം നല്‍കാന്‍ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന യോഗത്തില്‍ ബഹളം. പഞ്ചായത്ത് പ്രസിഡൻറ് ഹാളി​െൻറ വാതില്‍ തുറക്കുന്നതിനിടയിൽ ഗ്ലാസ് തകർന്നുവീണ് 12ാം വാര്‍ഡ് അംഗം കോണ്‍ഗ്രസിലെ ജയലക്ഷ്മിയുടെ കൈയിൽ ചില്ലുകള്‍ കയറി മുറിഞ്ഞു. ശരീരമാസകലം രക്തം പുരണ്ട അംഗത്തെ കണ്ട് തഴവ പഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീലത ബോധരഹിതയായി കുഴഞ്ഞുവീണു. ഇരുവരെയും കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.30 -ഓെടയാണ് നാടകീയരംഗങ്ങള്‍ ഉണ്ടായത്. തഴവ പഞ്ചായത്തിലെ അംഗൻവാടികളില്‍ ഒഴിവുള്ള 10 വര്‍ക്കര്‍ 25 ഹെല്‍പര്‍ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച കഴിഞ്ഞ 24 - ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനായാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം കോണ്‍ഫറന്‍സ് ഹാളില്‍ സി.ഡി.പി.ഒ വിളിച്ചുചേര്‍ത്തത്. എന്നാല്‍, ലിസ്റ്റില്‍ അപാകതയുണ്ടെന്നും ലിസ്റ്റ് ഇതേപടി അംഗികരിക്കാന്‍ തയാറെല്ലന്നും തഴവ പഞ്ചായത്ത് പ്രസിഡൻറും ഇൻറര്‍വ്യൂ ബോര്‍ഡ് അധ്യക്ഷയുമായ എസ്. ശ്രീലത അറിയിച്ചു. ഇതിനെ തുടര്‍ന്ന് കോണ്‍ഫറന്‍സ് ഹാളില്‍ സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ ചേരിതിരിഞ്ഞ് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ഇതോടെ പഞ്ചായത്ത് പ്രസിഡൻറ് ഹാൾ വിട്ട് പുറത്തേക്ക് പോകാനായി ഹാളി​െൻറ വാതിൽക്കല്‍ എത്തിയപ്പോഴേക്കും പുറത്ത് കാത്തുനിന്നിരുന്ന കോണ്‍ഗ്രസ് -ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രസിഡൻറിനെ പുറത്തേക്ക് പോകാന്‍ അനുവദിക്കാതെ വാതിലിൽ കൂട്ടമായിനിന്ന് മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് പ്രസിഡൻറ് തിരികെയെത്തി മിനിറ്റ്സില്‍ ഒപ്പിട്ടതിനുശേഷം വാതിൽക്കലെത്തി പുറത്തേക്ക് പോകാനായി വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വാതിലി​െൻറ ഗ്ലാസ് പൊട്ടിച്ചിതറുകയായിരുന്നു. ചില്ലുകൾ തറച്ച് ജയലക്ഷ്മിയുടെ കൈമുറിഞ്ഞു. രക്തം കണ്ട പ്രസിഡൻറ് കുഴഞ്ഞു വീണു. ഇതോടെ ഉപരോധം അവസാനിപ്പിച്ച് പ്രസിഡൻറിനെയും അംഗത്തെയും ഉപരോധക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.