ദേശീയപാത: പുതിയ അലൈൻമെൻറിൽ മാറ്റംവരുത്തില്ലെന്ന്​ അധികൃതർ

കൊട്ടിയം: ദേശീയപാത സ്ഥലം ഏറ്റെടുക്കലിനായി നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയാറാക്കിയ പുതിയ അലൈൻമ​െൻറിനെതിരെ വ്യാപകപരാതി ഉയർന്നിട്ടും ഇതിൽ മാറ്റംവരുത്താൻ കഴിയില്ലെന്ന നിലപാടിലുറച്ച് അധികൃതർ. ദേശീയപാതയുടെ ഒരുഭാഗത്തുനിന്ന് മാത്രം സ്ഥലം ഏറ്റെടുക്കുന്ന സ്ഥലങ്ങളിലാണ് പ്രതിഷേധം ശക്തമായത്. ഉമയനല്ലൂർ മുതൽ പട്ടരുമുക്കിന് കിഴക്കുവശം വരെയും വാഴപ്പള്ളി മുതൽ ഉമയനല്ലൂർ വരെയും മൈലക്കാട്, ഇത്തിക്കര ഭാഗങ്ങളിലുമാണ് റോഡി​െൻറ ഒരു വശത്തുനിന്ന് മാത്രം സ്ഥലം ഏറ്റെടുക്കുന്നത്. വാഴപ്പള്ളി ഭാഗത്ത് റോഡി​െൻറ വടക്കുഭാഗത്താണ് സ്ഥലം ഏറ്റെടുക്കുന്നതെങ്കിൽ ഉമയനല്ലൂർ ജങ്ഷൻ മുതൽ റോഡി​െൻറ തെക്കുവശത്താണ് സ്ഥലം ഏറ്റെടുക്കുന്നത്. കഴിഞ്ഞതവണ സ്ഥലം ഏറ്റെടുപ്പിനായി സർവേ നടന്നപ്പോൾ ഇവിടങ്ങളിൽ ഇരുവശത്തും സ്ഥലം ഏറ്റെടുക്കുന്നതിനായി കല്ലിട്ടിരുന്നു. അന്നത്തെ അലൈൻമ​െൻറ് എന്തുകൊണ്ടാണ് മാറ്റിയതെന്ന ചോദ്യത്തിന് എൻ.എച്ച്.എ.ഐ, റവന്യൂ അധികൃതർക്ക് ഉത്തരമില്ല. ഒരുവശത്തുനിന്ന് മാത്രം സ്ഥലം ഏറ്റെടുക്കുമ്പോൾ പലർക്കും ഇപ്പോഴുള്ള സ്ഥലം പൂർണമായും നഷ്ടമാകുന്ന സ്ഥിതിയാണ്. അലൈൻമ​െൻറ് സംബന്ധിച്ച പരാതികൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ വൻ പ്രതിഷേധമാകുമെന്നാണ് അറിയുന്നത്. വിവരാവകാശ നിയമപ്രകാരം പല ഭൂഉടമകൾക്കും വ്യത്യസ്ഥമായ മറുപടികളാണ് ലഭിച്ചിട്ടുള്ളത്. ഇത് ഹൈകോടതിയുടെ ശ്രദ്ധയിൽപെടുത്തുന്നതിന് വിവിധയിടങ്ങളിൽ ഭൂഉടമകൾ യോഗം ചേർന്നുകൊണ്ടിരിക്കുകയാണ്. ബി.ഒ.ടി കുത്തകകളെ സഹായിക്കാനായി സാധാരണക്കാരെയും കച്ചവടക്കാരെയും കൂട്ടത്തോടെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ഹൈവേ ആക്ഷൻ ഫോറവും രംഗത്തുണ്ട്. ഉമയനല്ലൂർ വാഴപ്പള്ളിയിലുള്ള ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള വാഴപ്പള്ളി എൽ.പി.എസ് റോഡിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ പൂർണമായും ഇല്ലാതാകും. പരാതിയെ തുടർന്ന് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി അധികൃതർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് പള്ളിമുക്കിലെ എൻ.എച്ച് സ്ഥലമെടുപ്പ് വിഭാഗം തഹസിൽദാർ സ്ഥലം സന്ദർശിച്ച് വിവരശേഖരണം നടത്തി. പൊതുജനങ്ങൾക്ക് പരിശോധനക്കായി പുതിയ അലൈൻമ​െൻറി​െൻറ പകർപ്പ് നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.