ഒന്നിന്​ പിറകെ ഒന്നായി വിവാദങ്ങൾ; ആർ.സി.സി ഡയറക്ടര്‍ സ്ഥാനമൊഴിയുന്നു

തിരുവനന്തപുരം: റീജനല്‍ കാന്‍സര്‍ സ​െൻറര്‍ (ആർ.സി.സി) ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ സ്ഥാനമൊഴിയുന്നു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയെയും അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെയും അദ്ദേഹം ഇക്കാര്യം അറിയിച്ചു. ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പുതിയ ഡയറക്ടറെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. റീജനല്‍ കാന്‍സര്‍സ​െൻററില്‍നിന്ന് രക്തം സ്വീകരിച്ചതുവഴി രണ്ട് കുട്ടികള്‍ക്ക് എച്ച്.ഐ.വി പകര്‍ന്നതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് സ്ഥാനം ഒഴിയാന്‍ ഡയറക്ടര്‍ താൽപര്യം പ്രകടിപ്പിച്ചത്. അണുബാധ പ്രത്യക്ഷപ്പെടുംമുമ്പ് സ്വീകരിച്ച രക്തം കുത്തിെവച്ചതാണ് എച്ച്.ഐ.വി പകരാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആര്‍.സി.സി വിവാദത്തില്‍നിന്ന് തലയൂരിയത്. അതേസമയം ഇത്തരം വിവാദങ്ങളോട് പ്രതികരിക്കാന്‍ തുടക്കത്തില്‍ ആര്‍.സി.സി അധികൃതര്‍ തയാറായിരുന്നില്ല. അണുബാധയുടെ സാധ്യതസംബന്ധിച്ച ശാസ്ത്രീയവശം വിശദീകരിച്ച് അടുത്തിടെ മാത്രമായിരുന്നു ഡയറക്ടറുടെ പ്രതികരണം. ഇത്തരം വിവാദങ്ങള്‍ കാരണമല്ല സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം വകുപ്പുമേധാവികളെ അറിയിച്ചിട്ടുണ്ട്. തൊണ്ട, തല എന്നിവയെ ബാധിക്കുന്ന അര്‍ബുദ ചികിത്സയില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള ഡോ. പോള്‍ സെബാസ്റ്റ്യന്‍ 1985ലാണ് ആര്‍.സി.സിയില്‍ ചേര്‍ന്നത്. സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ആയിരിക്കെ 2009ലാണ് ഡയറക്ടറായി ചുമതലയേറ്റത്. പിന്നീട് പലതവണയായി കാലാവധി നീട്ടിനൽകുകയായിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം ഈ വര്‍ഷം ആഗസ്റ്റുവരെ കാലാവധി നീട്ടി. ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞാലും 2022ല്‍ വിരമിക്കുന്നതുവരെ അദ്ദേഹത്തിന് വകുപ്പ് മേധാവിയായി തുടരാനാകും. അതേസമയം സ്ഥാനമൊഴിയുന്നതുസംബന്ധിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.