കൊല്ലം-^ചെങ്കോട്ട ബ്രോഡ്ഗേജ് പാത: കാത്തിരിക്കേണ്ടിവന്നത് 11 വർഷത്തോളം-

കൊല്ലം--ചെങ്കോട്ട ബ്രോഡ്ഗേജ് പാത: കാത്തിരിക്കേണ്ടിവന്നത് 11 വർഷത്തോളം- പുനലൂർ: തിരുവിതാംകൂറിലെ ആദ്യ റെയിൽ പാതയായ കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് പാത ബ്രോഡ്ഗേജാക്കാൻ ആധുനിക കാലത്ത് കാത്തിരിക്കേണ്ടിവന്നത് രണ്ടുഘട്ടമായി 11 വർഷത്തോളം. ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് മനുഷ്യാധ്വാനം കൊണ്ട് ഈ പാത സഫലമാക്കിയത് വെറും നാലുവർഷം കൊണ്ടും. കിഴക്കൻ മലയോരത്തെ ഘോരവും ദുർഘടവുമായ വനാന്തരത്തിലൂടെ കടുവയും പുലിയും ആനയും വിഹരിക്കുന്ന കാടിനെ കീറിമുറിച്ചായിരുന്നു ആദ്യപാത നിർമാണം. പാതയുടെ നിർമാണത്തിന് അന്ന് നൂറുകണക്കിന് തൊഴിലാളികളുടെ ജീവൻ ബലികൊടുക്കേണ്ടിവന്നു. ബ്രോഡ്ഗേജ് നിർമാണത്തിന് തൊഴിലാളികൾക്ക് ഇത്തരം ത്യാഗങ്ങളൊന്നും സഹിക്കേണ്ടിവന്നില്ല. എങ്കിലും ഈ പാതയെ ആശ്രയിച്ചിരുന്ന ഇരുസംസ്ഥാനത്തെയും യാത്രക്കാർ അടക്കം ഈ കാലയളവിൽ അനുഭവിച്ച ദുരിതം ഏറെയാണ്. വെള്ളിയാഴ്ച വൈകീട്ട് താമ്പരത്തുനിന്ന് പുറപ്പെട്ട ആദ്യ ട്രെയിൻ കൊല്ലം- ചെങ്കോട്ട പാതയിൽ ശനിയാഴ്ച എത്തുന്നത് കാത്തിരിക്കുകയാണ് എല്ലാവരും. ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തി​െൻറ ആസ്ഥാനമായ ചെന്നൈയിൽ (മദ്രാസ്) നിന്നും തിരുവിതാംകൂറിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൊല്ലത്തേക്ക് റെയിൽപാത സ്ഥാപിക്കുകയെന്ന ആശയം മുന്നോട്ടുവെച്ചത് അന്നത്തെ മദ്രാസ് ഗവർണറായിരുന്നു. തിരുവിതാംകൂർ രാജാവും മദ്രാസ് സർക്കാറും റെയിൽവേയും കൈകോർത്തപ്പോൾ ചുരുങ്ങിയ കാലംകൊണ്ട് പാത യാഥാർഥ്യമാക്കി. 88.7 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ പുനലൂരിനും ചെങ്കോട്ടക്കും ഇടയിലുള്ള 42 കിലോമീറ്ററോളം ദൂരത്തിലുള്ള സഹ്യപർവതമൊന്നും അന്നുള്ളവർക്ക് ഒരു തടസ്സമേ അല്ലായിരുന്നു. പാത സ്ഥാപിക്കാനായി 1888ൽ സർവേ തുടങ്ങി ഒരുവർഷം കൊണ്ട് പൂർത്തിയാക്കി. പിറ്റേവർഷം പാത നിർമാണത്തിന് ഏഴുലക്ഷം രൂപ അനുവദിച്ചു. 1890ൽ പണി ആരംഭിച്ചു. മദ്രാസ് സർക്കാർ 17 ലക്ഷം രൂപയും തിരുവിതാകൂർ രാജാവ് ആറുലക്ഷം രൂപയും അനുവദിച്ചു. മുക്കാൽ കിലോമീറ്ററോളം ദൂരംവരുന്ന കേരള--തമിഴ്നാട് അതിർത്തിയിലെ കോട്ടവാസൽ തുരങ്കം, കഴുതുരുട്ടി 13 കണ്ണറപാലം, പുനലൂരിൽ കല്ലടയിറിന് കുറുകെയുള്ള പാലം എന്നിവയായിയിരുന്നു നിർമാണത്തിലെ പ്രധാന വെല്ലുവിളികൾ. കോട്ടവാസലിലെ തുരങ്കം കൂടാതെ ഈ മേഖലയിൽ തന്നെ രണ്ടേകാൽ കിലോമീറ്ററോളം ദൂരം വരുന്ന മറ്റ് നാലുതുരങ്കങ്ങളും നിർമിച്ചു. 1902ൽ പരീക്ഷണാർഥം ഗുഡ്സ് വാഗൺ ഓടിച്ചു. അടുത്ത രണ്ടുവർഷം കൊണ്ട് പുനലൂർനിന്ന് ചെങ്കോട്ട വരെയും പാത പൂർത്തിയാക്കി. 1904ൽ ജൂൺ ഒന്നിന് ചെങ്കോട്ടയിൽനിന്ന് കൊല്ലത്തേക്ക് ആദ്യ ട്രെയിൻ ഓടിക്കാൻ തീരുമാനിച്ചു. എന്നാൽ, കനത്ത മഴയിൽ കോട്ടവാസൽ തുരങ്കത്തി​െൻറ ചുമർ ഇടിഞ്ഞത് കാരണം അവിെടനിന്നുള്ള സർവിസ് നടന്നില്ല. പകരം കൊല്ലത്തുനിന്ന് പുനലൂരിലേക്ക് ട്രെയിൻ ഓടിച്ചു. എൻജിനടക്കം തൂത്തുക്കുടി തുറമുഖത്തുനിന്ന് പത്തേമാരിയിൽ കൊല്ലം കൊച്ചുപിലാമൂട് തുറമുഖത്തെത്തിച്ചു. ഇവിടെനിന്ന് കാളവണ്ടിയിൽ റെയിൽവേ മൈതാനിയിൽ എത്തിച്ചായിരുന്നു കൂട്ടിയോജിപ്പിച്ചത്. തുരങ്കം ബലപ്പെടുത്തി 1904 നവംബർ 26ന് കൊല്ലം- ചെങ്കോട്ട സർവിസ് ആരംഭിച്ചു. രാജ്യത്താകെയുള്ള മീറ്റർഗേജുകൾ മാറ്റുന്നതി​െൻറ ഭാഗമായി ഈ ലൈനും ബ്രോഡ്ഗേജാക്കാൻ 2005ൽ തീരുമാനമായി. ആദ്യഘട്ടത്തിൽ പുനലൂർ മുതൽ കൊല്ലംവരെ 2007 േമയ് ഒന്നിന് സർവിസ് നിർത്തി. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നത് 2010 മേയ് 12 വരെ കാത്തിരിക്കേണ്ടിവന്നു. പുനലൂർ- ചെങ്കോട്ട ലൈനിലെ സർവിസ് 2010 സെപ്റ്റംബർ 20ന് നിർത്തിവെച്ചു. മൂന്നു വർഷംകൊണ്ട് പണി പൂർത്തിയാക്കി സർവിസ് ആരംഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ആദ്യത്തെ മൂന്നുവർഷം ഒരുപണിയും നടത്തിയില്ല. പ്രതിഷേധങ്ങളെ തുടർന്ന് പിന്നീട് ആരംഭിച്ച നിർമാണവും ഏറെക്കാലമെടുത്തു. കഴിഞ്ഞ വർഷം പുനലൂർ മുതൽ ഇടമൺ വരെയും ചെങ്കോട്ടയിൽനിന്ന് ഭഗവതിപുരം വരെയും ഭാഗികമായി സർവിസ് തുടങ്ങി. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു നിർമാണം നടത്തിയത്. പഴയ അലൈൻമ​െൻറിൽ ചെറിയ മാറ്റങ്ങൾ വന്നതോടെ പാലങ്ങളുടെയും തുരങ്കങ്ങളുടെയും വീതി കൂട്ടേണ്ടിവന്നു. തെന്മല എം.എസ്.എല്ലിൽ ഒരു പാലവും തുരങ്കവുമാണ് പ്രധാന പുതിയ നിർമിതി. 13 കണ്ണറ പാലം അടക്കം ബലപ്പെടുത്തിയിട്ടുണ്ട്. ബി. ഉബൈദുഖാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.