കാൻറീന്‍ ജീവനക്കാരന്​ മർദനം: പി.സി. ജോര്‍ജിനെതിരായ കേസിലെ നടപടികൾക്ക്​ സ്​റ്റേ

കൊച്ചി: എം.എൽ.എ ഹോസ്റ്റല്‍ കാൻറീനിലെ ജീവനക്കാരനെ മർദിച്ച കേസിൽ പി.സി. ജോര്‍ജ് എം.എൽ.എക്കെതിരായ കോടതി നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. വിശ്വസനീയമല്ലാത്തതും നിയമപരമായി നിലനിൽക്കാത്തതുമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തനിക്കെതിരെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തുടരുന്ന നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹരജിയിലാണ് സ്റ്റേ ഉത്തരവ്. കഴിഞ്ഞ വർഷം മാർച്ചിൽ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിനെ മർദിച്ചുവെന്നാണ് കേസ്. ഊണ് എത്തിക്കാന്‍ വൈകിയതി​െൻറ പേരില്‍ പി.സി. ജോര്‍ജ് അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. കണ്ണിനും ചുണ്ടിനും പരിക്കേറ്റതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം, സ്വതന്ത്ര ദൃക്സാക്ഷികളില്ലാത്ത കേസിൽ വിചാരണ നടത്തുന്നത് പാഴ്വേലയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജോർജ് ഹൈകോടതിയെ സമീപിച്ചത്. തെറ്റ് ചെയ്യാത്ത തന്നെ കേസിലേക്ക് അനാവശ്യമായി വലിച്ചിഴച്ചതാണ്. സ്വതന്ത്ര സാക്ഷികളില്ലാതെ കേസിൽ വിചാരണ നടന്നാലും ഫലമുണ്ടാകില്ല. ഇത് സംബന്ധിച്ച് സുപ്രീംകോടതി വിധിപോലുമുണ്ട്. ഇൗ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നും അതുവരെ കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ജോർജി​െൻറ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.