ആവശ്യത്തിന് ജീവനക്കാരില്ല; കുളത്തുമ്മല്‍ വില്ലേജ്​ ഒാഫിസ് പ്രവര്‍ത്തനം അവതാളത്തില്‍

കാട്ടാക്കട: താലൂക്ക് ആസ്ഥാനത്തെ കുളത്തുമ്മല്‍ വില്ലേജ് ഒാഫിസി​െൻറ പ്രവര്‍ത്തനം അവതാളത്തില്‍. അരലക്ഷത്തോളം ഭൂഉടമകളുള്ള വില്ലേജ് ഓഫിസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും കമ്പ്യൂട്ടര്‍, സ്കാനര്‍ എന്നിവയുടെ തകരാറുകള്‍ പരിഹരിക്കാത്തുമാണ് പ്രവര്‍ത്തനം താളംതെറ്റുന്നതിന് കാരണം. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ വലയുന്നു. ആവശ്യത്തിന് കമ്പ്യൂട്ടറുകളില്ലാത്തതുമൂലം ഓണ്‍ലൈന്‍വഴി നല്‍കുന്ന അപേക്ഷകള്‍ക്ക് ദിവസങ്ങള്‍ കഴിഞ്ഞാലും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയുന്നില്ല. സ്കാനര്‍ തകരാറിലായിട്ട് മാസം കഴിഞ്ഞു. പരാതിഎഴുതിയും പറഞ്ഞും അധികൃതര്‍ അറിഞ്ഞമട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ പോക്കുവരവ് അപേക്ഷകള്‍ പോലും തീര്‍പ്പാക്കിയിട്ടില്ല. ആയിരത്തിലേറെ പോക്കുവരവ് അപേക്ഷകര്‍ ഭൂനികുതി അടയ്ക്കാനാകാതെ വലയുകയാണ്. വസ്തുകൈമാറ്റം രജിസ്റ്റര്‍ ചെയ്ത് വാങ്ങിയവര്‍ പോക്കുവരവ് ചെയ്ത് കരം രസീത് കിട്ടാത്തതിനാല്‍ വായ്പ എടുക്കുന്നതും വീട് വെക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികളാണ് അവതാളത്തിലായത്. പോക്കുവരവ് ചെയ്ത് നല്‍കാത്തത് സംബന്ധിച്ച് ഓഫിസില്‍ വാക്കേറ്റം നിത്യസംഭവമാണ്. കുളത്തുമ്മൽ വില്ലേജ് ഓഫിസറെ ഒരുമാസം മുമ്പ് ജോലിക്കിടെ ഒരാൾ മർദിച്ചശേഷമാണ് ഓഫിസ് പ്രവര്‍ത്തനം താളംതെറ്റിയത്. ആഴ്ചകളോളം വില്ലേജ് ഒാഫിസര്‍ അവധിയിലായി. പകരക്കാരനായി നിയമിച്ചയാള്‍ എത്തിയില്ല. ജീവനക്കാര്‍ അവധിയിലാകുന്നതോടെ പ്രശ്നം സങ്കീർണമാകും. രണ്ട് വില്ലേജ് അസിസ്റ്റൻറും രണ്ട് ഫീല്‍ഡ് അസിസ്റ്റൻറും വില്ലേജ് ഒാഫിസറും ഉള്‍പ്പെടെ അഞ്ച് ജീവനക്കാരുള്ളിടത്ത് താലൂക്ക് ആസ്ഥാനത്തെ വില്ലേജ് ഒാഫിസെന്നും അരലക്ഷത്തിത്തോളം ഭൂഉടമകളുള്ള ഓഫിസെന്നുമുള്ള പരിഗണന നല്‍കി കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന് താലൂക്ക് ഉദ്ഘാടനം മുതല്‍ മുറവിളി കൂട്ടുന്നുവെങ്കിലും ഇതേവരെ അധികൃതര്‍ കനിഞ്ഞിട്ടില്ല. അഞ്ച് വര്‍ഷം മുമ്പ് മൂന്ന് വില്ലേജ് അസിസ്റ്റൻറുമാർ ഉണ്ടായിരുന്നെങ്കിലും പിന്നീടത് കുറച്ചു. താലൂക്ക് ഒാഫിസില്‍ തിരക്കൊഴിഞ്ഞ സീറ്റുകളിലുള്ള ജീവനക്കാരെ വില്ലേജുകളിലേക്ക് നിയോഗിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും അതും പ്രാവര്‍ത്തികമായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.