റോഡ് വികസനം: പോങ്ങനാട്ടെ പുറമ്പോക്ക്​ ഏറ്റെടുക്കൽ; വൈസ് പ്രസിഡൻറി​െൻറ നിർദേശത്തെ തള്ളി ഭൂരിപക്ഷം

കിളിമാനൂർ: പുതിയകാവ് തകരപ്പറമ്പ് റോഡ് വികസനഭാഗമായി റോഡ് പുറമ്പോക്ക് ഭൂമി പി.ഡബ്ല്യു.ഡി അധികൃതർ ഏറ്റെടുക്കുന്ന വിഷയത്തിൽ കിളിമാനൂർ പഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നിപ്പ്. സി.പി.എം നേതൃത്വം കൊടുക്കുന്ന ഭരണസമിതിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറി​െൻറ നിർദേശത്തെ ഭരണസമിതിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐയുടെയും സി.പി.എമ്മിലെതന്നെ പ്രസിഡൻറ് അടക്കമുള്ളവരുടെയും എതിർപ്പിനെ തുടർന്ന് തള്ളിക്കളഞ്ഞു. റോഡിൽ പോങ്ങനാട് കവലയോട് ചേർന്നുള്ള ഭാഗത്തെ പുറമ്പോക്ക് ഭൂമി പി.ഡബ്ല്യു.ഡി ഏറ്റെടുക്കുന്ന വിഷയത്തിലാണ് തിങ്കളാഴ്ച പഞ്ചായത്തിൽ ചേർന്ന കമ്മിറ്റി അജണ്ടയായിെവച്ച് ചർച്ച ചെയ്തത്. എന്നാൽ, പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ട വിഷയമല്ല റോഡ് പുറമ്പോക്ക് ഏറ്റെടുക്കൽ. റോഡ് പുറമ്പോക്കിലുള്ള നിർദിഷ്ട പ്രദേശത്തെ കെട്ടിടങ്ങൾ പഞ്ചായത്ത് ഏറ്റെടുക്കണമെന്നും ഈ കെട്ടിടങ്ങൾ നിലവിലെ ഉടമകൾക്ക് വാടകയിനത്തിൽ നൽകണമെന്നും ആവശ്യപ്പെട്ട് പ്രസ്തുത വ്യക്തികൾ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഈ കത്താണ് പഞ്ചായത്ത് കമ്മിറ്റിയിൽ അജണ്ടയായി ചേർത്ത് സെക്രട്ടറി ബാബു നന്ദകുമാർ അവതരിപ്പിച്ചത്. പോങ്ങനാട് കവലയിൽ പള്ളിക്കൽ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപമുള്ള റോഡ് പുറമ്പോക്ക് ഭൂമിയിൽ സി.പി.എമ്മി​െൻറ പഴയ പാർട്ടി ഓഫിസും ഇതേ കെട്ടിടത്തിലെ മറ്റൊരു മുറിയിൽ സ്വകാര്യവ്യക്തി നടത്തുന്ന ഫ്ലവർ ആൻഡ് റൈസ് മില്ലും പ്രവർത്തിക്കുന്നുണ്ട്. പാർട്ടി ഓഫിസ് മറ്റൊരു കെട്ടിടത്തിലേക്ക് നേരത്തേ മാറ്റിയെങ്കിലും താൽക്കാലിക പ്രവർത്തനങ്ങളും കൊടിതോരണങ്ങൾ സൂക്ഷിക്കുന്നതുമൊക്കെ ഇവിടെയാണത്രെ. ഇതോടൊപ്പം പോങ്ങനാട് മാർക്കറ്റിന് സമീപത്തായി സ്വകാര്യവ്യക്തി അടുത്തിടെ നിർമിച്ച മറ്റൊരു കെട്ടിടവും പൊളിച്ചുനീക്കണമെന്ന നിർദേശമാണ് പി.ഡബ്ല്യു.ഡിക്കുള്ളത്. ഈ കെട്ടിടങ്ങൾ സംബന്ധിച്ചാണ് സ്വകാര്യവ്യക്തികൾ പഞ്ചായത്തിന് കത്ത് നൽകിയത്. കത്തിന്മേലുള്ള ചർച്ചയിൽ ആദ്യം സംസാരിച്ച പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ദേവദാസ് കത്തിലെ ആവശ്യം അംഗീകരിക്കണമെന്ന് അഭിപ്രായം ഉയർത്തി. എന്നാൽ, തുടർന്ന് സംസാരിച്ച സി.പി.ഐയിലെ രണ്ടംഗങ്ങളും കോൺഗ്രസിലെ മൂന്ന് അംഗങ്ങളും ബി.ജെ.പിയിലെ ഒരംഗവും ഈ നിർദേശത്തെ എതിർത്തു. കെട്ടിടങ്ങൾ പൊളിക്കണമെന്ന പി.ഡബ്ല്യു.ഡി തീരുമാനത്തോടൊപ്പം നിൽക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തുടർന്ന് സി.പി.എമ്മിലെ മറ്റംഗങ്ങളും പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ അടക്കം വൈസ് പ്രസിഡൻറി​െൻറ നിർദേശത്തെ എതിർത്ത് സംസാരിച്ചു. ഒടുവിൽ വൈസ് പ്രസിഡൻറിന് ഭൂരിപക്ഷത്തോടൊപ്പം നിൽക്കേണ്ടിവന്നു. പുതിയകാവ് മുതൽ തകരപ്പറമ്പ് വരെയുള്ള പ്രദേശത്തെ മുഴുവൻ റോഡ് പുറമ്പോക്ക് ഭൂമിയും ഏറ്റെടുക്കണമെന്നാണ് പഞ്ചായത്തി​െൻറ അഭിപ്രായമെന്നും അതിന് എല്ലാവിധ സഹായവും പി.ഡബ്ല്യു.ഡിക്ക് നൽകുമെന്നും പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.