സിയാലിന് 156 കോടി രൂപ ലാഭം; നിക്ഷേപകർക്ക് ലാഭവിഹിതം 25 ശതമാനം

തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) 2017-18 സാമ്പത്തിക വർഷത്തിൽ 156 കോടി രൂപയുടെ (നികുതി കഴിച്ചുള്ള) ലാഭം നേടി. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഡയറക്ടർ ബോർഡ് യോഗം നിക്ഷേപകർക്ക് 25 ശതമാനം ലാഭവിഹിതം ശിപാർശ ചെയ്തു. മൊത്തം വിറ്റുവരവ് -553.42 കോടി, പ്രവർത്തനലാഭം- 387.92 കോടി. 2016-17ൽ പ്രവർത്തനലാഭം- 298.65 കോടി രൂപ. സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയ്ൽ സർവിസസ് ലിമിറ്റഡ് (സി.ഡി.ആർ.എസ്.എൽ) ഉൾപ്പെടെ സിയാലിന് 100 ശതമാനം ഉടമസ്ഥതയുള്ള ഉപകമ്പനികളെകൂടി കണക്കിലെടുക്കുമ്പോൾ മൊത്തം 701.13 കോടി രൂപയുടെ വിറ്റുവരവും 170.03 കോടി രൂപ ലാഭവുമുണ്ട്. 2016-17 സാമ്പത്തികവർഷത്തിൽ മൊത്തം വിറ്റുവരവ് 592.65 കോടി രൂപ. സിയാൽ ഡ്യൂട്ടി ഫ്രീക്ക് മാത്രം 237.25 കോടി രൂപയുടെ വിറ്റുവരവുണ്ട്. 30 രാജ്യങ്ങളിൽനിന്നുള്ള 18,000ലധികം നിക്ഷേപകർക്ക് 2003-04 മുതൽ മുടങ്ങാതെ ലാഭവിഹിതം നൽകുന്നു. 32.41 ശതമാനം ഓഹരിയുള്ള സംസ്ഥാന സർക്കാറിന് കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 31.01 കോടി രൂപ ലാഭവിഹിതം നൽകി. നിക്ഷേപത്തി​െൻറ 203 ശതമാനം മൊത്തം ലാഭവിഹിതം ഓഹരിയുടമകൾക്ക് മടക്കിനൽകി. 2017-18ൽ ബോർഡ് ശിപാർശ ചെയ്ത 25 ശതമാനം ലാഭവിഹിതം സെപ്റ്റംബർ മൂന്നിന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന വാർഷികയോഗം സാധൂകരിച്ചാൽ ഇത് 228 ശതമാനമായി ഉയരും. പൊതുജന പങ്കാളിത്തത്തോടെയുള്ള രാജ്യത്തെ ആദ്യത്തെയും സമ്പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെയും വിമാനത്താവളമാണ്. 30 മെഗാവാട്ടാണ് ശേഷി. ആഗസ്റ്റോടെ 40 മെഗാവാട്ട് ആയി ഉയരും. രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്തും മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഏഴാമതുമാണ്. 2017-18 സാമ്പത്തികവർഷത്തിൽ ചരിത്രത്തിലാദ്യമായി ഒരുകോടിയിലേറെ യാത്രക്കാരെ കൈകാര്യം ചെയ്തിരുന്നു. ആറുലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന ആഭ്യന്തര ടെർമിനൽ ഉടൻ തുറന്നുകൊടുക്കും. സിയാൽ ബോർഡ് അംഗങ്ങളും മന്ത്രിമാരുമായ മാത്യു ടി. തോമസ്, വി.എസ്. സുനിൽകുമാർ, ഡയറക്ടർമാരായ റോയ് കെ.പോൾ, എ.കെ. രമണി, എം.എ. യൂസഫലി, എൻ.വി. ജോർജ്, ഇ.എം. ബാബു, സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ.ജോർജ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.