കോടികളുടെ കുടിശ്ശിക; മെഡിക്കൽ സർവിസസ്​ കോർപറേഷൻ സൗജന്യ മരുന്ന്​ വിതരണം നിർത്തി

തിരുവനന്തപുരം: കോടികൾ കുടിശ്ശികയായതോടെ സൗജന്യ ചികിത്സ പദ്ധതികളിലേക്കുള്ള മരുന്ന് വിതരണം മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷൻ നിര്‍ത്തി. മരുന്ന് നൽകിയ ഇനത്തിൽ ആരോഗ്യവകുപ്പിന് കീഴിലെ ആശുപത്രികളും മെഡിക്കല്‍ കോളജ് ആശുപത്രികളും 18 കോടി രൂപയിലേറെയാണ് നല്‍കാനുള്ളത്. കാരുണ്യ, ആര്‍.എസ്.ബി.വൈ സ്നേഹസാന്ത്വനം, ചിസ് പ്ലസ് അടക്കം ചികിത്സ പദ്ധതികളിലേക്കുള്ള മരുന്ന് വിതരണമാണ് തിങ്കളാഴ്ച മുതല്‍ നിര്‍ത്തിയത്. മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കിയ വകയിലാണ് കുടിശ്ശികയുള്ളത്. കുടിശ്ശിക കിട്ടാതെ കമ്പനികളുടെ ബാധ്യത തീർക്കാന്‍ കഴിയുന്നില്ലെന്നാണ് മെ‍‍‍ഡിക്കല്‍ കോര്‍പറേഷ​െൻറ വിശദീകരണം. ഇപ്പോള്‍ തന്നെ 100 കോടി രൂപയിലേറെ കമ്പനികള്‍ക്ക് നൽകാനുണ്ട്. ബാധ്യത ഏറിയാല്‍ മരുന്ന് സംഭരണം പാളും. അതുകൊണ്ടാണ് ഇനി തുകകിട്ടിയാലേ മരുന്ന് വിതരണം പുനഃസ്ഥാപിക്കൂവെന്ന നിലപാട് കോര്‍പറേഷൻ സ്വീകരിച്ചത്. ഇത് സംബന്ധിച്ച കത്ത് ആശുപത്രികള്‍ക്ക് നൽകി. ഇതിനിടെ ചില ആശുപത്രികള്‍ ഫണ്ട് വകമാറ്റി കുടിശ്ശിക തീർക്കാന്‍ നടപടി തുടങ്ങിയെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു. മരുന്ന് വിതരണം നിലച്ചതോടെ ആശുപത്രികള്‍ ഫണ്ട് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. സർക്കാര്‍ പണം അനുവദിക്കാതെ കുടിശ്ശിക തീർക്കാനാകാത്ത അവസ്ഥയിലാണ് മിക്ക ആശുപത്രികളും. മറ്റ് ഫണ്ടുകള്‍ വകമാറ്റണമെങ്കിൽ മുന്‍കൂര്‍ അനുമതിയുംവേണം. കോട്ടയം, തിരുവനന്തപുരം, വടകര ആശുപത്രികള്‍ കുടിശ്ശിക തീര്‍ക്കാനുള്ള നടപടികള്‍ തുടങ്ങി. ചികിത്സ മുടങ്ങുമെന്നായതോടെ ഉള്ള പണം വകമാറ്റി ബാധ്യത തീർക്കാനാണ് വകുപ്പി​െൻറ ഉപദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.