മേലെ ആകാശം മാത്രമല്ല മേൽക്കൂരയുമുണ്ട്, സരിതയുടെ കുടുംബവും ഇനി സുരക്ഷിതർ

നേമം: നൊമ്പരങ്ങൾ മാത്രം കടലായി മുന്നിൽ തിരയടിച്ചിരുന്ന കാലമുണ്ടായിരുന്നു സരിതക്ക്. തല ചായ്ക്കാൻ ഇടമില്ലാതെ പറക്കമുറ്റാത്ത രണ്ട് മക്കളുമായി വിധവയായ ഒരു യുവതി ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ കാലം. വർത്തമാനവും ഭാവിയും നീർച്ചുഴിയിൽപ്പെട്ട് കടവരാന്തയിലെന്നവണ്ണം അന്തിയുറങ്ങിയിരുന്നവർ. തങ്ങളും സ്വപ്നംകാണാൻ അർഹരെന്ന് ബോധ്യപ്പെടുത്തി സംരക്ഷകരായി സുമനസ്സുകളെത്തുന്നതുവരെ ഇൗ കുടുംബം ഒറ്റക്കായിരുന്നു. അവരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ആ അമ്മക്കും മക്കൾക്കും ഒരു സുരക്ഷിത വീടൊരുങ്ങി. വീടി​െൻറ ഉടമസ്ഥാവകാശം തിങ്കളാഴ്ച താക്കോൽ കൈമാറിക്കൊണ്ട് നാട്ടുകാർ ആഘോഷമാക്കുകയാണ്. കാരയ്ക്കാമണ്ഡപം പൊന്നുമംഗലം പള്ളിക്കുളം തമ്പുരാൻ റോഡിൽ സരിതയും 12ഉം 10ഉം വയസ്സുള്ള മക്കളായ ശബരിയും ഗൗരീശങ്കരിയുമാണ് ഇന്നുമുതൽ അവരുടെ സ്വപ്ന വീട്ടിലേക്ക് മാറുന്നത്. 10 വർഷം മുമ്പാണ് പഞ്ചായത്തിൽനിന്ന് കിട്ടിയ 40,000 രൂപ ധനസഹായം കൊണ്ട് ഇൗ കുടുംബം വീടിന് അസ്ഥിവാരമിടുന്നത്. അപ്പോഴേക്കും ഗൃഹനാഥൻ നഷ്ടപ്പെട്ടു. ഒറ്റപ്പെട്ട കുടുംബം വീടുവെക്കാൻ നിവൃത്തിയില്ലാതെ ബന്ധുവീടുകളിൽ ചേക്കേറി. അസ്ഥിവാരം കാടുമൂടി ഉപേക്ഷിക്കപ്പെട്ടു. വീട് എന്ന സ്വപ്നം അസ്തമിച്ചു. പിന്നീട് കുട്ടികളുടെ അവസ്ഥ കണ്ട് നൊമ്പരപ്പെട്ട് അധ്യാപികമാരായ റസിയ, നസീറ, രാധ എന്നിവരാണ് ആദ്യം രംഗത്തിറങ്ങിയത്. വെള്ളായണി 'സരിഗ' സൗണ്ട്സ് ഉടമ അനന്തനും കുടുംബവും അവർക്കൊപ്പം കൂടി. തുടർന്ന് ഏകദേശം ഒരുവർഷം മുമ്പാണ് റസിയ ടീച്ചർ വഴി സരിതയെന്ന വിധവയുടെയും രണ്ട് കുട്ടികളുടെയും കഥ ലോകം അറിയുന്നത്. പീപിൾ ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ പ്രസ്ഥാനവും റസിയ ടീച്ചർ ഉൾപ്പെടുന്ന പ്രദേശത്തെ സന്നദ്ധസംഘടന പ്രവർത്തകരും സരിതയുടെ കുടുംബത്തിന് വീടെന്ന ലക്ഷ്യവുമായി ഇറങ്ങിത്തിരിക്കുകയായിരുന്നു. ശ്രമദാനവുമായി െഎഡിയൽ റിലീഫ് വിങ് പ്രവർത്തകരും എത്തിയതോടെ ഒന്നാംഘട്ടം ആരംഭിച്ചു. തിരുവനന്തപുരം നഗരസഭാ കൗൺസിലർമാരായ ഷഫീറ ബീഗം, ആത്മസുഹൃത്തും എല്ലാ നന്മകളിലും എനിക്ക് പിന്തുണയുമായി എത്തുന്ന ഷംനാദ്, സമീർ (ഇരുവരും ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്നു), വെള്ളായണി തൃശൂർ ഫാഷൻ ജ്വല്ലേഴ്സ് ഉടമ ലിയോ പോൾ, ബന്ധുവും ജ്യേഷ്ഠതുല്യനുമായ ഷാനി, പിന്നെ അനന്തൻ ചേട്ടനും ഭാര്യയും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ചില സന്മനസ്സുകൾ എന്നിവരാണ് തനിക്കുവേണ്ട പിന്തുണ നൽകിയതെന്ന് സരിത പറയുന്നു. കുട്ടികളുടെയും അമ്മയുടെയും അഭിമാന സംരക്ഷണം എന്ന ലക്ഷ്യം കൂടി നിർബന്ധ ബാധ്യതയായി കണ്ടതിനാൽ ഒരുതരത്തിലുള്ള പരസ്യ ധനശേഖരണവും നടത്തിയിരുന്നില്ല. മലബാർ ഗോൾഡിന് കീഴിലെ മലബാർ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ 40,000 രൂപയുടെ സഹായം എടുത്തുപറയേണ്ടതാണ്. വീടി​െൻറ താക്കോൽ കൈമാറൽ ചടങ്ങ് തിങ്കളാഴ്ച വൈകീട്ട് നാലിന് പാളയം ഇമാം മൗലവി വി.പി. ഷുഹൈബ് നിർവഹിക്കും. വാർഡ് കൗൺസിലർ ഷഫീറ ബീഗം, പീപിൾ ഫൗണ്ടേഷൻ ട്രസ്റ്റ് അംഗം എൻ.എം. അൻസാരി, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പി. നസീർ ഖാൻ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.