പദ്ധതി വിനിയോഗം 90 ശതമാനമെന്ന്​ വിലയിരുത്തൽ

തിരുവനന്തപുരം: കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സംസ്ഥാന പദ്ധതിയില്‍ 91 ശതമാനം തുക ചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയ‍​െൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. 2016-17ല്‍ ഇത് 88 ശതമാനവും 2015--16-ല്‍ 81 ശതമാനവുമായിരുന്നു. പ്രാദേശിക സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 85 ശതമാനമാണ് ചെലവഴിച്ചത്. മുന്‍വര്‍ഷം ഇത് 72 ശതമാനമായിരുന്നു. മൊത്തം പദ്ധതിയിലെ (പ്രാദേശിക സ്ഥാപനങ്ങളുടേത് ഉള്‍പ്പെടെ) ചെലവ് 90 ശതമാനമാണ്. മുന്‍ വര്‍ഷം 84 ആയിരുന്നു. 26,500 കോടി രൂപയുടെ അടങ്കലിൽ 23,755 കോടി രൂപ ചെലവഴിച്ചു. ചെലവ് താരതമ്യേന കുറവുള്ള വകുപ്പുകള്‍ പരിശോധന നടത്തി സമയബന്ധിതമായി പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 2016-17ല്‍ ആരംഭിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. തുടര്‍പ്രവൃത്തികള്‍ക്ക് വകുപ്പു തലവന്മാര്‍ ഏപ്രില്‍ 30-ന് മുമ്പ് അനുമതി നല്‍കണം. നിര്‍മാണമില്ലാത്ത പദ്ധതികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും മേയ് 31-നു മുമ്പ് ലഭ്യമാക്കുമെന്ന് സെക്രട്ടറിമാര്‍ ഉറപ്പാക്കണം. നിര്‍മാണം ഉള്‍പ്പെടുന്ന പദ്ധതികള്‍ക്ക് ജൂണ്‍ 30-നു മുമ്പ് ഭരണാനുമതി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ഓരോ വകുപ്പി‍​െൻറയും പദ്ധതിച്ചെലവ് ധനവകുപ്പ് അവതരിപ്പിച്ചു. വികേന്ദ്രീകൃത ആസൂത്രണത്തി‍​െൻറ ചരിത്രത്തിലാദ്യമായി പ്രാദേശിക സ്ഥാപനങ്ങളുടെ 95.58 ശതമാനം പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതികള്‍ ഇതിനകം അംഗീകാരം നല്‍കി. ഏപ്രില്‍ 30-ന് മുമ്പ് 100 ശതമാനം പദ്ധതികള്‍ക്കും അംഗീകാരം ലഭിക്കുമെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ വിനിയോഗ സര്‍ട്ടിഫിക്കറ്റ് യഥാസമയം നല്‍കുന്നതിന് എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യത്തില്‍ സെക്രട്ടറിമാര്‍ നിരന്തരം കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ത്രൈമാസ അവലോകനം ജൂണില്‍ നടക്കും. ചീഫ് സെക്രട്ടറി പോള്‍ ആൻറണി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.