സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഹർത്താൽ ആഹ്വാനം നെടുമങ്ങാട്ട്​ ബസുകൾ തടഞ്ഞു; കടകൾ അടപ്പിച്ചു

നെടുമങ്ങാട്: ജമ്മു-കശ്മീരിലെ കഠ്വ ജില്ലയിൽ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഹർത്താൽ ആഹ്വാനത്തിൽ നെടുമങ്ങാട് ടൗണിലും സമീപ പ്രദേശങ്ങളിലും നിർബന്ധിച്ച് കടയടപ്പിക്കലും ബസ് തടയലും നടന്നു. രാവിലെ മുതൽ 25 ഓളം പേരടങ്ങുന്ന സംഘം കെ.എസ്.ആർ.ടി.സി സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി ബസുകൾ തടഞ്ഞു. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയവരും തലസ്ഥാന നഗരിയിലേക്കടക്കം ജോലിക്കായി പോകേണ്ടവരുമായ നിരവധിപേർ ബസ്സ്റ്റാൻഡിൽ കുടുങ്ങി. ഒന്നര മണിക്കൂറോളം ഒരു ബസ് പോലും കടത്തിവിടാൻ ഇവർ തയാറായില്ല. ഇതിനിടെ ബൈക്കുകളിലെത്തിയ ഒരു സംഘം തുറന്ന കടകളെ ബലം പ്രയോഗിച്ച് അടപ്പിച്ചു. പിന്നീട് നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി ഹർത്താൽ അനുകൂലികളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ തയാറായില്ല. ഇരുചക്ര വാഹനങ്ങൾ അടക്കം തടയാൻ ശ്രമം ഉണ്ടായതോടെ സമരക്കാരായ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. അതിനുശേഷവും മറ്റുള്ളവർ ബസ് തടയലും കട അടപ്പിക്കലും തുടർന്നെങ്കിലും പൊലീസ് ശക്തമായ ഇടപെടൽ നടത്തിയതോടെ ബസ് സർവിസ് പുനരാരംഭിക്കാൻ കഴിഞ്ഞു. നെടുമങ്ങാട് മേഖലയിലെ പകുതിയോളം കടകളും പിന്നീട് തുറന്നുപ്രവർത്തിച്ചില്ല. തൊളിക്കോട്, ചുള്ളിമാനൂർ, വാളിക്കോട്, പഴകുറ്റി, പത്താംകല്ല്, അഴിക്കോട്, ആനാട് മേഖലയിലും ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.