രാജേഷ്​ വധം: ഭീതി വിട്ടുമാറാതെ കുട്ടൻ

കിളിമാനൂർ: 'ആദ്യത്തെ ആക്രമണം എ​െൻറ നേർക്കായിരുന്നു. കാറി​െൻറ പിന്നിലെ ഡോർ വലിച്ചുതുറന്ന് പുറത്തേക്കിറങ്ങിയ മുഖംമൂടി ധരിച്ചയാൾ കൈയിലുന്ന വാൾ ഉയർത്തി വെട്ടുകയായിരുന്നു. ഇടതു കൈയുടെ മുട്ടിന് മുകളിലും നെഞ്ചിലുമായി വെട്ടേറ്റു. നിലവിളിച്ചുകൊണ്ട് പള്ളിക്കൽ ഭാഗത്തേക്ക് ഓടി...' മടവൂരിൽ മുൻ റേഡിയോ ജോക്കിയും സഹപ്രവർത്തകനുമായ രാജേഷി​െൻറ കൊലപാതകം സംബന്ധിച്ച് വിശദീകരിക്കുമ്പോൾ മരണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട കുട്ട​െൻറ മനസ്സിലെ ഭീതി മുഖത്ത് പ്രകടമായിരുന്നു. ഒമ്പതു ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ബുധനാഴ്ച വൈകീട്ടോടെയാണ് വെള്ളല്ലൂർ തേവലക്കാട് തില്ല വിലാസത്തിൽ കുട്ടൻ വീട്ടിലെത്തിയത്. കൈയിലെ മുറിവ് ആഴത്തിലുള്ളതാണ്. ഒരു വർഷത്തോളമെടുക്കും ഭേദമാകാൻ എന്നാണ് ഡോക്ടർ പറഞ്ഞത്. വെട്ടേറ്റശേഷം ഓടിയ കുട്ടൻ സമീപത്തെ നിരവധി വീടുകളിൽ തട്ടിവിളിച്ചു. പലരും വാതിൽ തുറന്നില്ല. മുറിക്കുള്ളിൽ ലൈറ്റിട്ട ഒരുവീട്ടുകാർ, വീട്ടിൽ ആണുങ്ങളില്ലെന്നും അടുത്തവീട്ടിൽ ചെന്നു വിളിക്കാനും ആവശ്യപ്പെട്ടു. കൂരിരുട്ടിൽ അറിയാത്ത വഴിയിലൂടെ ചോര വാർന്നൊഴുകുന്ന കൈയുമായി എത്ര ദൂരമാണ് ഓടിയതെന്ന് കുട്ടന് ഇപ്പോഴും ഓർമയില്ല. കൈയിലെ മുറിവ് കെട്ടാൻ ആ വീട്ടുകാരോട് ഒരു തുണി ചോദിച്ചിട്ട് തരാൻ പോലുമുള്ള മനസ്സ് അവർ കാട്ടിയില്ല. ഇതെല്ലാം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ അക്രമികൾ സ്ഥലം വിട്ടിരിന്നു. നാടൻപാട്ട് ട്രൂപ്പിലെ ഒന്നുരണ്ടുപേർ അപ്പോഴേക്കും സ്ഥലത്തെത്തിയിരുന്നു. വർഷങ്ങളായി തുമ്പോട് കേന്ദ്രമായ കൊല്ലം നൊസ്റ്റാൾജിയ നാടൻപാട്ട് ട്രൂപ്പിലെ ഗായകനാണ് കുട്ടൻ. കലാഭവൻ മണിയുടെ പാട്ടുകളാണ് പാടുന്നതിലേറെയും. രാജേഷ് ആറു മാസം മുമ്പാണ് ട്രൂപ്പുമായി സഹകരിച്ച് തുടങ്ങിയത്‌. എല്ലാവരുമായി നല്ല സൗഹൃദത്തിലായിരുന്നു രാജേഷ്. സംഭവദിവസം നാവായിക്കുളം മുല്ലനല്ലൂരിൽനിന്ന് പരിപാടി കഴിഞ്ഞ് മടവൂരിലുള്ള രാജേഷി‍​െൻറ സ്റ്റുഡിയോയിൽ എത്തി. വീട്ടിൽ പോയ രാജേഷ് കൊണ്ടുവന്ന ഭക്ഷണം കഴിച്ച് ഇരിക്കുമ്പോൾ ഒരു കാർ പള്ളിക്കൽ റോഡിൽ നിന്ന് വന്ന് സ്റ്റുഡിയോക്ക് മുന്നിൽ നിർത്തി. അൽപം കഴിഞ്ഞ് പോയ കാർ തിരികെവന്ന് അതേ സ്ഥലത്ത് പിെന്നയും നിർത്തി. ഇത് രണ്ടാവൃത്തി തുടർന്നു. ആരെങ്കിലും തിരക്കി വന്നതാകാമെന്ന് ധരിച്ചാണ് താൻ പുറത്തേക്കിറങ്ങിയതെന്ന് കുട്ടൻ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.