ചട്ടലംഘനം: നേരിട്ട്​ ഹാജരായി മറുപടി നൽകാൻ ജേക്കബ് ​തോമസിന്​ നോട്ടീസ്​

തിരുവനന്തപുരം: സർക്കാറിനെ വിമർശിച്ച് പ്രസംഗിച്ചതിന് സസ്പെൻഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസ് ഇൗമാസം ആറിന് നേരിട്ട് ഹാജരായി സർക്കാർ നൽകിയ കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകണമെന്ന് നിർദേശം. ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ സർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ഇതുസംബന്ധിച്ച നോട്ടീസ് ജേക്കബ് തോമസിന് നൽകിയത്. അഴിമതിവിരുദ്ധ ദിനത്തിൽ തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന സെമിനാറിൽ സർക്കാർവിരുദ്ധ പ്രസംഗം നടത്തിയതിന് ജേക്കബ് തോമസിന് കുറ്റാരോപണ മെമ്മോ നൽകിയിരുന്നു. ഒരുമാസത്തിനകം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് നിർദേശിച്ചിട്ടുള്ളത്. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരിൽ അഖിലേന്ത്യ സർവിസ് ചട്ടലംഘനം ചൂണ്ടിക്കാണിച്ച് ചീഫ് സെക്രട്ടറി പോൾ ആൻറണി രണ്ടാമതും ജേക്കബ് തോമസിന് കുറ്റാരോപണ മെമ്മോ നൽകിയിട്ടുണ്ട്. ഇതിന്മേലുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടില്ല. പാറ്റൂർ ഭൂമിയിടപാട്, ബാർകോഴ, ബന്ധുനിയമനം എന്നിവ സംബന്ധിച്ച പുസ്തകത്തിലെ പരാമർശങ്ങൾ ചട്ടലംഘനമാണെന്നാണ് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതേസമയം, ജേക്കബ് തോമസ് നേരിട്ട് ഹാജരായി വിശദീകരണം നൽകുമോയെന്നതാണ് നിർണായകം. അദ്ദേഹം ഹാജരായില്ലെങ്കിൽ കടുത്ത നിലപാട് സമിതി കൈക്കൊള്ളാനാണ് സാധ്യത. എന്നാൽ, സമിതി എന്തു നടപടി സ്വീകരിച്ചാലും അതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാൻ ജേക്കബ് തോമസിന് സാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. മുമ്പ് വിജിലൻസ് ഡയറക്ടറായിരിക്കെ രാജീവ് സദാനന്ദനുൾപ്പെടെ ചില പ്രമുഖ െഎ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ ത്വരിതാന്വേഷണം ഉൾപ്പെടെ നടത്തിയതിലുള്ള വൈരാഗ്യമാണ് എന്നനിലയിൽ കാര്യങ്ങൾ മാറ്റാൻ സാധിച്ചാൽ ജേക്കബ് തോമസിന് അനുകൂല കോടതി വിധിയുണ്ടാകാനാണ് സാധ്യതയെന്നും ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.