ഉള്ള്​ നീറിയടർന്ന്​ കണ്ണീർ, ചൂടിനെക്കാൾ തിളച്ച്​ നൊമ്പരച്ചൂട്

കിളിമാനൂർ: ചിരിച്ചു കളിച്ചു നടന്നവർ വെള്ളത്തുണിയണിഞ്ഞ് നിശ്ചലരായി കൺമുന്നിൽ കിടക്കുന്നത് കണ്ടുനിൽക്കാൻ ആർക്കും ത്രാണിയുണ്ടായിരുന്നില്ല, അതും ഒരുമിച്ച്, അടുത്തടുത്തായി. ഉള്ള് നീറിയടർന്നൊഴുകിയ കണ്ണീരും നെഞ്ച് പിടയുന്ന നിലവിളികളും ആരോടെന്നില്ലാത്ത ചോദ്യങ്ങളുമായി ഒരു നാടും ഒന്നടങ്കം നിസ്സഹായരാവുകയായിരുന്നു. പുറത്തെ ചുട്ടുപൊള്ളുന്ന ചൂടിനെക്കാൾ ഉരുകിമറിയുകയായിരുന്നു ഒാരോ ഉള്ളകങ്ങളിലെയും നൊമ്പരച്ചൂട്. പറന്ന് തുടങ്ങുംമുേമ്പ വിധി ചിറകൊടിച്ച കുഞ്ഞുശലഭങ്ങൾക്കായി മനസ്സുനിറയെ പ്രാർഥനകളുമായാണ് ജനം ഒഴുകിയെത്തിയത്. എപ്പോഴും തമാശ പറഞ്ഞും കൂട്ടുകൂടിയും നടന്നവർ മരണത്തിലും ഒരുമിച്ചതും അറംപറ്റുന്ന യാദൃച്ഛികത. മടവൂർ ഞാറയിൽകോണം ഇടപ്പാറ പാറക്കുളത്തിൽ മുങ്ങി മരിച്ച മൂന്ന് പെൺകുട്ടികളുടെയും മൃതൃദേഹം പൊതുദർശനത്തിനായി വീട്ടിലെത്തിച്ചപ്പോഴുള്ള വൈകാരിക നിമിഷങ്ങൾ പറഞ്ഞറിയിക്കാനാവില്ല. ദുരന്തത്തിൽ മരിച്ച ജുമാനയുടെ പണിപൂർത്തിയാകാത്ത പുതിയ വീട്ടിലായിരുന്നു പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ. മൃതദേഹം എപ്പോൾ എത്തിക്കുമെന്നത് സംബന്ധിച്ച് രാവിലെ വലിയ ധാരണയൊന്നും ആർക്കുമുണ്ടായിരുന്നില്ല. എങ്കിലും അപകടമുണ്ടായ ഞായറാഴ്ച വൈകീട്ട് മുതൽ ഒരു നാട് ഒന്നടങ്കം ഉറക്കമിളച്ച് കാത്തിരിക്കുകയായിരുന്നു. രാവിലെ മുതൽ ഇടപ്പാറക്ക് സമീപത്തെ ഇൗ വീട്ടുമുറ്റത്തേക്ക് ജനം ഒന്നടങ്കം ഒാടിയെത്തി. മറ്റൊരു കുടുംബത്തിെല എന്നതിനപ്പുറം സ്വന്തം പെൺമക്കെളന്ന വൈകാരികതയിലായിരുന്നു കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഒരോ അമ്മമാരും. രാവിലെ പത്തോടെയാണ് മൃതദേഹം ഉടൻ കൊണ്ടുവരുമെന്ന വാർത്ത നാട്ടിൽ പരന്നത്. ഇതോടെ കൂടുതൽപേർ ഇവിടേക്കെത്തി. പണിമുടക്കോ വാഹനമില്ലായ്മയോ ഒന്നും ഇൗ ജനമൊഴുക്കിനെ തടഞ്ഞില്ല. പിന്നെ നെഞ്ചിടിേപ്പാടെയുള്ള കാത്തിരിപ്പ്. ദുഃഖം തളംകെട്ടിയ അന്തരീക്ഷത്തിലേക്ക് മൂന്ന് ആംബുലൻസുകളിലായി മൃതദേഹങ്ങളെത്തി. പതിവായി കളിപറഞ്ഞ് നടന്നുവരുന്ന വഴികളിലൂടെ ചിരി മായാത്ത മുഖങ്ങളോടെ പക്ഷേ, ഇക്കുറി ആംബുലൻസിൽ എത്തുന്ന ആ മൂന്ന് കൂട്ടുകാരികളെ കണ്ട് മുതിർന്നവർക്ക് പോലും പിടിച്ചു നിൽക്കാനായില്ല. 'പൊന്നു മക്കളേ...'എന്നുയർന്ന നിലവിളികൾക്കൊപ്പം ഒരായിരം ദീർഘനിശ്വാസങ്ങളുമുയർന്നു. പണി തീരാത്ത വീട്ടിനുള്ളിലായിരുന്നു മൂവരെയും കിടത്താനുള്ള കട്ടിലുകൾ ഒരുക്കിയിരുന്നത്. രാവിലെ മുതൽ ഇവിടെ സ്ത്രീകളെകൊണ്ട് നിറഞ്ഞിരുന്നു. മൃതദേഹവുമായുള്ള ആംബുലൻസുകൾ എത്തിയതോടെ വീടിനുള്ളിലും നെഞ്ചുപൊട്ടുന്ന നിലവിളി. കണ്ണുതുടച്ചല്ലാതെ കണ്ടിറങ്ങുന്നവരില്ല. കാത്തുനിൽക്കുന്നവരുടെ മുഖങ്ങളിലും വിതുമ്പൽ. കരച്ചിലുകൾക്കിടയിൽ ദുഃഖത്തി​െൻറ കരിമ്പടം പുതച്ച് വിറങ്ങലിപ്പ് മാറാതെ നിശ്ചലമാകുകയായിരുന്നു ഒരു ഗ്രാമം ഒന്നടങ്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.