ഗെയിൽ സമരം: മരവട്ടത്ത്​ സംഘർഷം; പൊലീസ്​ ലാത്തിവീശി

കാടാമ്പുഴ (മലപ്പുറം): ഗെയിൽ (ഗ്യാസ് അതോറിറ്റി ഇന്ത്യ ലിമിറ്റഡ്) പാചക വാതക പൈപ്പ്ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മാറാക്കര മരവട്ടത്ത് സംഘർഷം. സർവേ പൂർത്തിയാക്കിയ പ്രദേശത്ത് നവീകരണ പ്രവൃത്തികൾക്കെത്തിയ ഉദ്യോഗസ്ഥരെ പ്രദേശത്തുകാർ തടഞ്ഞതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. എതിർപ്പിനിടയിൽ ജനപ്രതിനിധികളടക്കമുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധങ്ങൾക്കൊടുവിൽ 100 മീറ്ററോളം പ്രവൃത്തികൾ പൂർത്തിയാക്കി സംഘം മടങ്ങി. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം.മാറാക്കര, പൊന്മള ഗ്രാമപഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന മരവട്ടത്താണ് നടപടികൾ പൂർത്തിയാക്കാൻ അധികൃതരെത്തിയത്. തിരൂർ, മലപ്പുറം ഡിവൈ.എസ്.പിമാരായ ഉല്ലാസ്, ജലീൽ തോട്ടത്തിൽ, തിരൂർ സി.ഐ എം.കെ. ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. തിങ്കളാഴ്ച ഉച്ചക്ക് മുമ്പ് തിരൂർ തഹസിൽദാറുടെ നേതൃത്വത്തിൽ ഗെയിൽ അധികൃതർ സ്ഥലത്തെത്തിയിരുന്നു. എതിർപ്പിനെ തുടർന്ന് നാട്ടുകാർ, സമരക്കാർ എന്നിവരുമായി ചർച്ച നടത്തി. ശേഷം ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നടപടികൾ ഉണ്ടാകില്ലെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നതായി സമരനേതാക്കൾ അറിയിച്ചു. െപാലീസും ഉദ്യോഗസ്ഥരും തിരിച്ചുപോവുകയും സമരക്കാർ മരവട്ടത്ത് സ്ഥാപിച്ച ഗെയിൽ വിരുദ്ധ സമരപ്പന്തലിൽ സമരമാരംഭിക്കുകയും ചെയ്തു. എന്നാൽ, ഉച്ചക്ക് ശേഷം വൻ പൊലീസ് സന്നാഹത്തോടെ നടപടികൾ ആരംഭിക്കുകയായിരുന്നു. 20 മീറ്ററിലധികം വീതിയിൽ മണ്ണുമാന്തി യന്ത്രത്തി​െൻറ സഹായത്തോടെയായിരുന്നു പ്രവൃത്തികൾ. നേരത്തേ അടയാളപ്പെടുത്തിയ ഭാഗങ്ങളിലെ മരങ്ങൾ പൂർണമായും നീക്കിയാണ് സംഘം മുന്നോട്ടുപോയത്. തുടർന്ന് സ്ത്രീകളടക്കമുള്ളവർ രംഗത്തെത്തി. നടപടികൾ നിർത്തിവെക്കണമെന്നും നേരത്തേ നൽകിയ ഉറപ്പ് പാലിക്കണമെന്നുമായിരുന്നു ആവശ്യം. ഇതോടെ പൊലീസ് ലാത്തിവീശുകയും ജനക്കൂട്ടം ചിതറിയോടുകയുമായിരുന്നു. ഇതിനിടെ ഒരു ഉദ്യോഗസ്ഥന് മർദനമേൽക്കുകയും വാഹനത്തി​െൻറ ഗ്ലാസ് തകരുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ മാറാക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, പഞ്ചായത്ത് അംഗം ഒ.കെ. സുബൈർ, ഗെയിൽ സമരസമിതി ചെയർമാൻ പി.എ. സലാം, മൂർക്കത്ത് ഹംസ മാസ്റ്റർ, വിക്റ്റിംസ് ഫോറം ഭാരവാഹി ഇക്ബാൽ തുടങ്ങി 20 േപരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സ്ഥലത്തെത്തി പൊലീസുമായി ചർച്ച നടത്തിയെങ്കിലും മുഖ്യമന്ത്രി, ഡി.ജി.പി എന്നിവരുടെ നിർദേശമില്ലാതെ നടപടികൾ നിർത്തിവെക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതിനിടയിൽ പ്രവൃത്തികൾ പൂർത്തിയാക്കി സംഘം മടങ്ങി. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം. കാടാമ്പുഴ, കോട്ടക്കൽ, മലപ്പുറം, വേങ്ങര സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘമാണ് സ്ഥലത്തെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.