കാട്ടാക്കടയിൽ കുടിവെള്ള പൈപ്പുകൾ പൊട്ടി

കാട്ടാക്കട: താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പൈപ്പ്പൊട്ടി ജലം പാഴാകുന്നു. പരാതി പറഞ്ഞിട്ടും നടപടിയെടുക്കേണ്ടവർ അനങ്ങുന്നില്ല. ജനപ്രതിനിധികൾ ഉൾപ്പെടെ പാഴാകുന്ന വെള്ളത്തിലൂടെ യാത്ര ചെയ്തിട്ടും കണ്ട ഭാവം നടിക്കുന്നില്ല. കാട്ടാക്കട-തിരുവനന്തപുരം പ്രധാന റോഡിലെ വിവിധയിടങ്ങളിൽ പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. കാട്ടാക്കട പഞ്ചായത്തിൽ മൊളിയൂർ റോഡ് തുടങ്ങുന്ന ഭാഗത്ത് പൈപ്പ് പൊട്ടി ജലം റോഡിലൂടെ സമീപ തോട്ടിലേക്ക് ഒഴുകിയെത്തുന്നു. നിരവധി തവണയാണ് വഴിയാത്രക്കാർ ഉൾെപ്പടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മലയിൻകീഴ് ജങ്ഷനിൽ അടുത്തടുത്തായി മൂന്നിടത്തും പൊതുമാ‌ർക്കറ്റിന് സമീപത്തും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. പൂവച്ചൽ, വിളപ്പിൽ, മാറനല്ലൂർ, വിളവൂർക്കൽ പഞ്ചായത്തുകളിലും കുറ്റിച്ചൽ ജങ്ഷനിലും ഇതേ അവസ്ഥയാണ്. ജലവകുപ്പ് അധികൃതരും ജനപ്രതിനിധികളും ഉൾെപ്പടെ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന പ്രധാന പാതകളിലാണ് പൈപ്പുകൾ ഏറെയും പൊട്ടിയൊഴുകുന്നത്. ആവശ്യത്തിന് കുടിവെള്ളം എത്തിക്കാൻ സംവിധാനമുണ്ടെങ്കിലും താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പൈപ്പ് വെള്ളം കിട്ടാക്കനിയാണ്. പലയിടത്തും സമയത്തിന് ജല വിതരണം നടക്കുന്നില്ല. ജലം നഷ്ടമാകുന്നതിനിടയാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മനുഷ്യാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുകയാണ്. ചിത്രം - കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടി ജലമൊഴുകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.