സർക്കാർ പ്രസിദ്ധീകരണങ്ങളിൽ 'ദലിതി'ന്​ അയിത്തം; നടപടിയിൽ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പി​െൻറ പ്രതിമാസ പ്രസിദ്ധീകരണങ്ങളിലും വകുപ്പുമായി ബന്ധപ്പെട്ട ദൃശ്യ-ശ്രാവ്യ പ്രചാരണോപാധികളിലും ദലിത്, ഹരിജൻ, ഗിരിജൻ എന്നീ പദങ്ങൾ ഒഴിവാക്കണമെന്ന സർക്കുലറിനെതിരെ പരക്കെ ആക്ഷേപം. പരാതി നൽകിയവരും നിരോധിച്ചവരും ഇൗ പദങ്ങളുടെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയാർഥങ്ങൾ മനസ്സിലാക്കാത്തതുകൊണ്ടാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് പ്രധാന ആക്ഷേപം. ഹരിജൻ, ദലിത്, ഗിരിജൻ എന്നീ പദങ്ങൾ പട്ടികജാതി വിഭാഗത്തിൽപെട്ടവരെ അവഹേളിക്കുന്നതായതിനാൽ ഇവ സർക്കാർ അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിൽനിന്ന് പൂർണമായും ഒഴിവാക്കണമെന്നാണ് പി.ആർ.ഡി ഡയറക്ടർ ഡോ.കെ. അമ്പാടി സർക്കുലറിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 'ദലിത്' എന്ന പദം പട്ടികവിഭാഗക്കാരെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആർ.എസ്. ജിതിൻ പട്ടികജാതി ഗോത്ര കമീഷന് ജൂലൈ 21ന് പരാതി നൽകിയിരുന്നു. ഇതിനെതുടർന്നാണ് കമീഷൻ നോട്ടീസ് അയച്ചത്. അംബേദ്കറുടെ കാഴ്ചപ്പാടുകളിൽനിന്നാണ് ദലിത് എന്ന പദത്തിന് ചിന്താപരമായി ഊർജം ലഭിച്ചത്. കീഴാളരുടെ ആത്മരോഷം തിളയ്ക്കുന്ന പ്രതിഷേധത്തി​െൻറയും യാഥാസ്ഥിതിക മൂല്യനിരാസത്തി‍​െൻറയും അടയാളമാണത്. അംബേദ്കർ ഇന്ത്യൻ ദൈവസങ്കൽപങ്ങളെയും പുരാണങ്ങളെയും വിശുദ്ധ ഗ്രന്ഥങ്ങളെയും നിർദാക്ഷിണ്യം വിമർശിച്ചു. അങ്ങനെയാണ് പാരമ്പര്യവാദികൾ താലോലിച്ചിരുന്ന സാഹിത്യസങ്കൽപങ്ങളെ ചോദ്യം ചെയ്യുന്ന ദലിത് സാഹിത്യമെന്ന ശക്തിയുള്ള ശാഖയുണ്ടായത്. ലോകതലത്തിൽ നടന്ന കറുത്തവരുടെ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽനിന്ന് ഊർജം ശേഖരിച്ച പദവുമാണിത്. അതുകൊണ്ടുതന്നെ സാംസ്കാരിക പ്രാധാന്യം മനസ്സിലാക്കി സർവകലാശാലകളും സാഹിത്യസംഘടനകളും അതിന് അർഹമായ സ്ഥാനം നൽകി. ഹിന്ദി, തമിഴ്, ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ജീവിതത്തി​െൻറ സമരോത്സുകമായ കാലമാണ് ദലിത് സാഹിത്യം സൃഷ്ടിച്ചത്. സാംസ്കാരിക പ്രതിരോധത്തി​െൻറ പദമായി വികസിച്ച ദലിത് എന്ന പദം മറ്റൊരു സംസ്ഥാനത്തും നിരോധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.