റെയിൽവേ ഡിവിഷൻ വിഭജനം പ്രതിഷേധം ശക്തമാവുന്നു

നേമം കോച്ച് യാർഡും സാറ്റലൈറ്റ് സ്റ്റേഷനും ഇല്ലാതാകുമെന്നും വിഴിഞ്ഞം പദ്ധതിയെ ബാധിക്കുമെന്നുമുള്ള അഭ്യൂഹമാണ് പ്രതിഷേധത്തിന് കാരണം നേമം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വെട്ടിച്ചുരുക്കാനുള്ള നീക്കം ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന നേമം കോച്ച് യാർഡും സാറ്റലൈറ്റ് സ്റ്റേഷനും ഇല്ലാതാക്കും. ഇതിന് പുറമെ നിർദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വരുന്നതിന് പിന്നാലെയുള്ള നേട്ടങ്ങളും കൈവിട്ടേക്കുമെന്ന അഭ്യൂഹവും ഉണ്ടായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തിരുവനന്തപുരം ഡിവിഷൻ വെട്ടിച്ചുരുക്കി നേമം ഉൾപ്പെടെ തെക്കൻ റെയിൽവേയെ മധുര ഡിവിഷ​െൻറ ഭാഗമാക്കാനുള്ള നീക്കമാണ് നേമം പ്രദേശവാസികളെ രോഷാകുലരാക്കുന്നത്. തിരുവനന്തപുരത്തുനിന്ന് 40 വർഷം മുമ്പാണ് നാഗർകോവിലിലേക്ക് പുതിയ പാത വന്നത്. അന്ന് നേമം റെയിൽവേ സ്റ്റേഷനിൽ കോച്ച് നിർമാണത്തിനെടുത്തിട്ട 60-ൽപരം ഏക്കർ ഭൂമി ഇപ്പോഴും ഉപയോഗശൂന്യമായി കാടുകയറി കിടക്കുകയാണ്. കോച്ച് അറ്റകുറ്റപ്പണിശാലയും റെയിൽവേ ക്വോർട്ടേഴ്സുമായിരുന്നു ആദ്യം ലക്ഷ്യമെങ്കിലും യാഥാർഥ്യമായിരുന്നില്ല. പതിറ്റാണ്ടുകൾക്കുശേഷം യു.പി.എ സർക്കാറി​െൻറ കാലത്ത് സാറ്റലൈറ്റ് സ്റ്റേഷൻ ആക്കിക്കൊണ്ടുള്ള വാഗ്ദാനവും നടന്നില്ല. കേരളത്തോടും തിരുവനന്തപുരം ഡിവിഷനോടും റെയിൽവേ പുലർത്തിവരുന്ന കടുത്ത അവഗണന എല്ലാ സീമകളും കടന്ന് ഇപ്പോൾ ഡിവിഷൻതന്നെ കൈയിൽനിന്ന് പോകുമെന്ന അവസ്ഥയിലാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമീപകാലത്ത് യാഥാർഥ്യമാകാനിരിക്കെ തിരുവനന്തപുരം ഡിവിഷൻ വെട്ടിച്ചുരുക്കാനുള്ള കേന്ദ്രനീക്കം തത്ത്വത്തിൽ സംസ്ഥാനത്തോടുള്ള ചിറ്റമ്മനയവും തമിഴ്നാടിനോടുള്ള തലോടലുമാണ്. ഇത് നേമം വികസനം സ്വപ്നം കണ്ട് കഴിഞ്ഞിരുന്ന നാട്ടുകാർക്കും തിരിച്ചടിയാകുകയാണ്. റെയിൽവേ ഈ നീക്കത്തിൽനിന്ന് പിന്മാറണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അതേസമയം ഇത് പഴയ പ്രൊപ്പോസലാണെന്നും ഇപ്പോൾ അതി​െൻറ റിമൈൻററാണ് അയച്ചതെന്നുമാണ് അറിയാൻ കഴിഞ്ഞതെന്നും അന്വേഷിച്ച് കൂടുതൽ പ്രതികരിക്കാമെന്നും മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രിയും നേമം എം.എൽ.എയുമായ ഒ. രാജഗോപാൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.