പദ്ധതി നിര്‍വഹണം വൈകുന്നു; ജില്ല പഞ്ചായത്ത് യോഗത്തില്‍ ആശങ്ക

കൊല്ലം: നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് കാരണം പദ്ധതി നിര്‍വഹണം വൈകുന്നതില്‍ ജില്ല പഞ്ചായത്ത് യോഗത്തില്‍ ആശങ്ക. പാറ, മെറ്റല്‍ തുടങ്ങിയവ ലഭ്യമല്ലാത്തതാണ് പ്രവർത്തനങ്ങളെ ബാധിച്ചത്. ജില്ലയില്‍ ഒരു ക്വാറി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മറ്റ് ജില്ലകളില്‍നിന്ന്് പാറയും മറ്റും കൊണ്ടുവന്നാണ് ഇപ്പോള്‍ കരാറുകാര്‍ പ്രവൃത്തികൾ നടത്തുന്നത്. ഇതിനു മൂന്നിരട്ടി വരെ തുകയാവും. മന്ത്രിയും കലക്ടറും ഇടപെട്ട് ചര്‍ച്ച നടത്തി പാറക്കും മെറ്റലിനും വില നിശ്ചയിച്ചെങ്കിലും ആ വിലയ്ക്ക് സാധനങ്ങള്‍ കിട്ടുന്നില്ല. കരാറുകാര്‍ ടെന്‍ഡര്‍ ബഹിഷ്‌കരണസമരം ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി. ജയപ്രകാശ് ചൂണ്ടിക്കാട്ടി. ജില്ല പഞ്ചായത്തി​െൻറ 332 പ്രവൃത്തികളില്‍ 142ന് ടെന്‍ഡര്‍ ആയിട്ടുണ്ട്. നിര്‍മാണ സാമഗ്രികള്‍ കിട്ടാത്തതിനാല്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്ക് പിഴ ഒഴിവാക്കി കൊടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രസിഡൻറ് കെ. ജഗദമ്മ പറഞ്ഞു. സംസ്ഥാന സര്‍ക്കാറാണ് പിഴ ചുമത്തുന്നത്. ഡിസംബര്‍ 30നകം പണി തീര്‍ക്കുന്നവര്‍ക്ക് പിഴ ഒഴിവാക്കണമെന്ന് ജില്ല ആസൂത്രണ സമിതി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഈ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാറാണെന്നും അവർ പറഞ്ഞു. ടെന്‍ഡര്‍ ഉറപ്പിക്കാന്‍ കഴിയാത്ത പ്രവൃത്തികളില്‍ റീ ടെന്‍ഡര്‍ വിളിക്കും. അതിനും ആളെ കിട്ടിയില്ലെങ്കില്‍ ക്വട്ടേഷന്‍ വിളിച്ച് പ്രവൃത്തി നടപ്പാക്കാന്‍ തീരുമാനിച്ചു. റീ ടെന്‍ഡര്‍ നടത്തിയിട്ടും പ്രവൃത്തി കരാര്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ 20 ലക്ഷം വരെയുള്ള പ്രവൃത്തികള്‍ ഗുണഭോക്തൃ സമിതി മുഖേന ചെയ്യുന്നത് പരിഗണിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് സെക്രട്ടറി കെ. പ്രസാദ് ചൂണ്ടിക്കാട്ടി. ജൂലിയറ്റ് നെൽസണ്‍, ഡോ. കെ. രാജശേഖരന്‍, സി.പി. പ്രദീപ്, ആര്‍. രശ്മി, എസ്. പുഷ്പാനന്ദന്‍, കെ.സി. ബിനു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.