ക്വാറി മാഫിയ മൂക്കുന്നിമല പിളർത്തി; രാജ്യം നഷ്​ടപ്പെട്ട അഭയാർഥികളായി വാനരന്മാർ

നേമം: ഒരുകാലത്ത് വിശാലമായ മൂക്കുന്നിമലയിൽ വാസസ്ഥലമായുണ്ടായിരുന്ന വാനരന്മാർ ഇന്ന് രാജ്യം നഷ്ടപ്പെട്ട അഭയാർഥികളാണ്. ഭൂമി കുലുങ്ങും വിധം പാറ പൊട്ടിച്ച് ക്വാറി മാഫിയ റബർകാട് തെളിച്ച് മല തുരന്നതോടെ കുരങ്ങ് വർഗം അഭയം നഷ്ടപ്പെട്ട് മനുഷ്യർക്കിടയിലേക്കിറങ്ങി. വെള്ളവും അന്നവും കണ്ടെത്താനുള്ള പരക്കംപാച്ചിലിൽ അവർ മനുഷ്യർക്ക് ശത്രുക്കളായി. ശല്യം രൂക്ഷമായതോടെ ഇരുമ്പ് കൂടുകളൊരുക്കി നാട്ടുകാരും കൂട്ടത്തോടെ കുടുക്കി. മൂക്കുന്നിമലയിറങ്ങി സമീപത്തെ മലയിൻകീഴ്, വിളവൂർക്കൽ പഞ്ചായത്തിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന കുരങ്ങുകളെ കെണി വെച്ച് പിടിക്കുന്നത് തുടരുകയാണ്. ഏഴുമാസത്തിനിടെ കുടുങ്ങിയത് 950പരം കുരങ്ങുകളാണ്. ഈ എണ്ണം വനംവകുപ്പിേൻറതാണ്. യഥാർഥ കണക്ക് ഇതിലും കൂടുമെന്നാണ് പ്രദേശത്തെ യുവാക്കൾ പറയുന്നത്. ജീവനും സ്വത്തിനും ഭീഷണിയായ വാനരന്മാരെയാണ് നാട്ടുകാർ വനംവകുപ്പ് നൽകിയ ഇരുമ്പ് കൂടുകൾ ഉപയോഗിച്ച് പിടികൂടുന്നത്. മൂക്കുന്നിമലയുടെ താഴ്‌വാരപ്രദേശങ്ങളായ മലയം, മൂലമൺ, വേങ്കൂർ, വിളവൂർക്കൽ, വിഴവൂർ, പൊറ്റയിൽ പ്രദേശങ്ങളിലാണ് കുരങ്ങുകൾ തമ്പടിച്ചിരിക്കുന്നത്. ഇപ്പോൾ എണ്ണത്തിന് കുറവുണ്ടായെങ്കിലും ശല്യം രൂക്ഷമാണ്. ദിവസം പത്തെണ്ണമെങ്കിലും കുടുങ്ങുമെന്ന് നാട്ടുകാർ പറയുന്നു. കൂട് നിറയുമ്പോൾ വനംവകുപ്പ് അധികൃതരെ അറിയിക്കും. രാത്രി പരുത്തിപ്പള്ളി റേഞ്ചിൽനിന്ന് ജീപ്പുമായി ജീവനക്കാരെത്തി കൊണ്ടുപോകും. നെയ്യാർ, പേപ്പാറ ഡാമുകൾക്കും സമീപമുള്ള ഉൾക്കാടുകളിലാണ് ഇവയെ തുറന്നുവിടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം കുരങ്ങുകളെ ജനവാസകേന്ദ്രങ്ങളിൽ പിടികൂടുന്നതെന്നും നാട്ടുകാരുടെ സഹകരണമുള്ളതിനാലാണ് ഇത് സാധിച്ചതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. െഡപ്യൂട്ടി റേഞ്ച് ഓഫിസർ ദേവലൈസിസ്, വാച്ചർമാരായ സജീവ്, നിതീഷ്, മോഹനൻ എന്നിവരും നാട്ടുകാർക്ക് സഹായവുമായി ഒപ്പമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.