കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നീരുറവ സംരക്ഷണത്തിന് തുടക്കംകുറിച്ചു

ബാലരാമപുരം: 'കരുതാം കാത്തുസൂക്ഷിക്കാം കുടിവെള്ള സ്രോതസ്സുകള്‍' എന്ന സന്ദേശവുമായി നേമം ബ്ലോക്ക് പഞ്ചായത്ത് പൂങ്കോട് ഡിവിഷനിലെ വടക്കേവിള കാട്ടുകുളം നീരുറവസംരക്ഷണത്തിന് തുടക്കംകുറിച്ചു. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി കുളത്തിന് സമീപത്തെ നീരുറവ സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൂങ്കോട് ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ എസ്. വീരേന്ദ്രകുമാറി​െൻറ നേതൃത്വത്തിൽ ജനകീയ സദസ്സ് വിളിച്ചുചേര്‍ത്താണ് പദ്ധതിക്ക് രൂപംനൽകിയത്. പദ്ധതിയിലൂടെ കാടും പടര്‍പ്പും ചളിയും നിറഞ്ഞ് വര്‍ഷങ്ങളായി ഉപയോഗശൂന്യമായിരുന്ന പഴയ ചിറയില്‍കുളത്തെ ശുചീകരിച്ച് പ്രദേശത്തെ പ്രധാന ജലസ്രോതസ്സായി നിലനിര്‍ത്തുകയാണ് ലക്ഷ്യം. കുളത്തി​െൻറ സംഭരണശേഷി വർധിപ്പിക്കുകയും കുട്ടികളുടെ പാര്‍ക്ക്, ഒാപണ്‍ ഒാഡിറ്റോറിയം, റീഡിങ് റൂം എന്നിവയുടെ നിർമാണവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ആദ്യഘട്ടമായി കാട് വെട്ടിത്തെളിക്കുകയും ചളി കോരിമാറ്റുകയും ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളും സന്നദ്ധസംഘടനകളുമുള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം. നീരുറവയില്‍ ഉറയിറക്കി ചുറ്റും കരിങ്കല്‍ഭിത്തിയോടുകൂടി ടൈല്‍സ് പതിപ്പിക്കുന്നതടക്കമുള്ള പണികള്‍ പുരോഗമിക്കുന്നു. കേരള വാട്ടര്‍ അതോറിറ്റിയുടെ സഹായത്തോടെ കാട്ടുകുളത്തി​െൻറ പരിസരത്തുള്ള 23 കുടുംബങ്ങള്‍ക്കായി ശുദ്ധജല കണക്ഷനും പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റിനായി പോസ്റ്റുകള്‍ സ്ഥാപിക്കുന്നത് അടക്കമുള്ള പണികളും ഇതിനോടകം പുരോഗമിക്കുന്നതായി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എസ്. വീരേന്ദ്രകുമാര്‍ പറഞ്ഞു. എന്നാല്‍, ഫണ്ടില്ലാത്തതിനാൽ പദ്ധതി പൂർത്തീകരിക്കാൻ കഴിയില്ലെന്ന ആശങ്കയുണ്ട്. നേമം ബ്ലോക്ക് പഞ്ചായത്ത് ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 35 ലക്ഷം രൂപയുടെ പദ്ധതി രൂപരേഖ തയാറാക്കി അംഗീകാരത്തിനായി ഗ്രാമപഞ്ചായത്തിനും ഡി.പി.സിക്കും സമര്‍പ്പിച്ചിട്ടുണ്ട്. ഈ അനുമതി ലഭിച്ചാല്‍ മാത്രമേ പദ്ധതി വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് എസ്. വീരേന്ദ്രകുമാര്‍ പറഞ്ഞു. എന്നാല്‍, പദ്ധതി നടപ്പാക്കാതിരിക്കാന്‍ ചില ഭരണപക്ഷ ജനപ്രതിനിധികൾ പദ്ധതിയോട് നിസ്സഹകരിക്കുന്നതിനാൽ പദ്ധതി വൈകുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.