മൊബൈൽ ഫോണിൽ സംസാരിച്ച് ഡ്രൈവർ സ്വകാര്യ ബസോടിച്ചു; പിടികൂടണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളജിൽനിന്ന് കിഴക്കേകോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ ഡ്രൈവർ 10 മിനിറ്റോളം മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ച സംഭവത്തിൽ ഡ്രൈവറെ അടിയന്തരമായി കണ്ടെത്തി കേസെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. കൈക്കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസായ കാശിനാഥനിലെ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച് ബസോടിച്ചത് യാത്രക്കാരിലൊരാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് വാട്സ് ആപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കമീഷൻ നടപടികളിലേക്ക് പ്രവേശിച്ചത്. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതുപോലെ കുറ്റകരമാണ് മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നതെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാനത്ത് ഉടനീളം പരിശോധനകൾ നടത്തണമെന്നും കമീഷൻ സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത കമീഷണർക്കും നിർേദശം നൽകി. ഇത്തരം പ്രവണതകൾ യാത്രക്കാർക്കും കാൽനടക്കാർക്കും മറ്റ് വാഹനങ്ങൾക്കും അപകടത്തിന് കാരണമാകുമെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. കർശനമായ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് മിനിറ്റുകളോളം ഫോണിൽ സംസാരിച്ച് ബസോടിക്കുന്ന സംഭവം കാണുമ്പോൾ കണ്ണടക്കാനാവില്ലെന്ന് പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും മൊബൈൽ ഫോണിൽ സംസാരിച്ച് ബസോടിച്ചതിനുമെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും കമീഷൻ നിർദേശം നൽകി. സംഭവം ഡി.ജി.പിയും ഗതാഗത കമീഷണറും വിശദമായി അന്വേഷിച്ച് മറ്റുള്ളവർക്ക് മാതൃകയാവുന്ന തരത്തിൽ കർശന നടപടി സ്വീകരിക്കണം. സ്വീകരിച്ച നടപടി മൂന്നാഴ്ചക്കകം അറിയിക്കണമെന്ന് കമീഷൻ ഡി.ജി.പിക്കും ഗതാഗത കമീഷണർക്കും നൽകിയ ഉത്തരവിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.