2403 കോടി രൂപയുടെ പദ്ധതികൾക്ക്​ കിഫ്​ബി അംഗീകാരം

* നിക്ഷേപസമാഹരണത്തിന് അസറ്റ് മാനേജ്മ​െൻറ് കമ്പനി * കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങാൻ 324 കോടി തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകൾ സമർപ്പിച്ച 2403 കോടി രൂപയുടെ പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ ചേർന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മ​െൻറ് ഫണ്ട് ബോർഡ് (കിഫ്ബി) ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകി. ഇതിൽ 1391.96 കോടി രൂപയുടെ പുതിയ പദ്ധതികൾക്കും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരം നൽകിയ 1011.50 കോടി രൂപയുടെ പദ്ധതികൾക്ക് സാധൂകരണം നൽകുകയുമാണ് ചെയ്തത്. ഇതടക്കം മൊത്തം 17989 കോടി രൂപയുടെ പദ്ധതികൾക്ക് ഇതുവരെ നടപ്പാക്കാൻ അനുമതി നൽകിയതായി ധനമന്ത്രി ഡോ. തോമസ് െഎസക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 6000ൽപരം കോടി രൂപയുടേത് നിബന്ധനകൾക്ക് വിധേയമായാണ് അനുമതി നൽകിയത്. വിദേശ നിക്ഷേപം നേരിട്ട് സ്വീകരിക്കുന്നതിന് പരിമിതിയുള്ള സാഹചര്യത്തിൽ ഇത് മറികടക്കാൻ സർക്കാർ നിയന്ത്രണത്തിൽ കിഫ്ബി സ്പോൺസർ ചെയ്യുന്ന അസറ്റ് മാനേജ്മ​െൻറ് കമ്പനി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. കെ.എസ്.ആർ.ടി.സിക്ക് ആയിരം പുതിയ ബസുകൾ വാങ്ങുന്നതിന് 324 കോടി രൂപ ബോർഡ് യോഗം അനുവദിച്ചു. സി.എൻ.ജി ബസുകൾക്കുള്ള സൗകര്യം തയാറാകാത്തതുകൊണ്ട് ഡീസൽ എൻജിൻ ബസുകൾ ആയിരിക്കും വാങ്ങുക. കുസാറ്റിന് ആധുനിക ലബോറട്ടറി സ്ഥാപിക്കുന്നതിന് 100 കോടി രൂപ ഉൾപ്പെടെ മൊത്തം 241 കോടി രൂപ ബോർഡ് യോഗം അനുവദിച്ചു. തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിന് ഭൂമി ഏറ്റെടുക്കാൻ 301 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അങ്കമാലി ബൈപാസിന് 190 കോടി രൂപയും പെരുമ്പാവൂർ ബൈപാസിന് 133 കോടി രൂപയും കൊല്ലം പുനലൂർ -കൊല്ലായി മലയോര ഹൈവേക്ക് 201.67 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. റോഡിനും പാലങ്ങൾക്കുമായാണ് കൂടുതൽ തുക അനുവദിച്ചത് -3853 കോടി. വിദ്യാഭ്യാസവകുപ്പിന് കീഴിൽ സ്കൂളുകൾ അന്താരാഷ്ട്രനിലവാരത്തിലാക്കാൻ 1699 കോടി രൂപയും വ്യവസായവകുപ്പിൽ 1565 കോടി രൂപയും കുടിവെള്ളത്തിന് 1257 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വി.എസ്. സെന്തിൽ തയാറാക്കിയ റിപ്പോർട്ട് അംഗീകരിച്ചാണ് അസറ്റ് മാനേജ്മ​െൻറ് കമ്പനി രൂപവത്കരിക്കുന്നത്. മന്ത്രിസഭ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും ഇത് നടപ്പാക്കുക. കമ്പനിക്ക് ലാഭകരമായി പ്രവർത്തിക്കാൻ സാധിക്കുന്ന പദ്ധതികൾ കണ്ടെത്തി, കിഫ്ബിക്ക് പുറമെ വിദേശത്തുനിന്നടക്കം സ്വകാര്യ നിക്ഷേപം സ്വീകരിക്കുകയും ചെയ്യാം. എൻ.ആർ.െഎക്കാർക്ക് അവരുടെ പ്രദേശത്തെ വരുമാനദായക പദ്ധതികളിൽ നിക്ഷേപത്തിനും ഇതുവഴി സൗകര്യമൊരുങ്ങും. 100 കോടിയുടെ മൂലധനം ആയിരിക്കും കമ്പനിക്കുണ്ടാവുക. പത്ത് കോടി രൂപ സർക്കാർ ഇപ്പോൾ നിക്ഷേപിക്കും. കിഫ്ബി മസാല ബോണ്ടുകൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് ആക്സിസ് ബാങ്കിൽനിന്ന് ഉപദേശം തേടും. രാജ്യത്ത് മസാല ബോണ്ടുകൾ ഇറക്കുന്നതിൽ കൂടുതൽ വിഹിതമുള്ളവർ എന്ന നിലയിലാണ് ആക്സിസ് ബാങ്കിൽനിന്ന് ഉപദേശം തേടുന്നത്. എന്നാൽ ടെൻഡർ വിളിച്ചായിരിക്കും ബോണ്ട് പുറപ്പെടുവിക്കുക. ഫെബ്രുവരി അവസാനമാകുേമ്പാഴേക്കും കിഫ്ബി പദ്ധതികൾക്കായുള്ള എൻ.ആർ.െഎ ചിട്ടികൾ ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.