കനത്ത മഴ: സുരക്ഷാ മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്

കൊട്ടാരക്കര: ന്യൂനമർദത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി കനത്ത മഴയും ഉരുൾ പൊട്ടലും ചുഴലിക്കാറ്റും ഉണ്ടാകാൻ സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതി ജാഗ്രത പാലിക്കണമെന്ന് ജില്ല റൂറൽ പൊലീസ് മേധാവി ബി. അശോകൻ അറിയിച്ചു. തെന്മല ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഡാം തുറന്ന് വിടാനുള്ള സാധ്യത കൂടുതലാണ്. കല്ലടയാറി​െൻറ ഇരുകരകളിലും താമസിക്കുന്നവർ ജാഗരൂകരായിരിക്കണം. മലയോര മേഖലകളിലൂടെ വൈകീട്ട് ആറ് മുതൽ രാവിലെ ഏഴുവരെയുള്ള യാത്ര കഴിവതും ഒഴിവാക്കുക. മരങ്ങളുടെ ചുവട്ടിലും നീരുറവകൾക്ക് സമീപവും വാഹനങ്ങൾ നിർത്തിയിടാതിരിക്കുക. വെള്ളക്കെട്ടുകൾ, പുഴകൾ, തോടുകൾ, എന്നിവക്ക് സമീപം കുട്ടികളെ തനിച്ചയക്കരുത്. അടിയന്തര സാഹചര്യത്തിൽ പൊലീസ് സഹായം ആവശ്യമായി വന്നാൽ റൂറൽ പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. കൺട്രോൾ റൂം നമ്പർ : 0474-2450100, ജില്ല സ്പെഷൽ ബ്രാഞ്ച് നമ്പർ : 0474-2450868. പുനലൂർ: കനത്തമഴ കിഴക്കന്‍ മേഖല ഒറ്റപ്പെട്ടു. വ്യാഴാഴ്ച രാവിലെ മുതൽ തുടങ്ങിയ ശക്തമായ മഴയെ തുടർന്ന് ജില്ലയുടെ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. വിവിധ സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞ് വീണതിനെ തുടർന്ന് ആര്യങ്കാവിൽ ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. തെന്മല, ആര്യങ്കാവ്, അച്ചൻകോവിൽ, റോസ് മല മാമ്പഴത്തറ, അമ്പനാർ തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വൈദ്യുതിയും ടെലിഫോണ്‍ പൂർണമായും തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കാലതാമസമുണ്ടാകും. മലയോര ഗ്രാമങ്ങളും മേഖലയിലെ ആദിവാസി ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്. ആര്യങ്കാവ് ഇടപാളയത്ത് മരം വീണ് കഴുതുരുട്ടി സ്വദേശി രാജീവിന് ഗുരുതര പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപുത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം- -തിരുമംഗലം ദേശീയപാതയിലേക്ക് മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ആര്യങ്കാവ്, ഇടപ്പാളയം, വെള്ളിമല എന്നിവിടങ്ങളിലാണ് മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടത്. മഴയിൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ പത്തനാപുരം, പുനലൂർ താലൂക്കുകളിൽ വ്യാഴാഴ്ച പുലർച്ച ആരംഭിച്ച മഴ രാത്രി വൈകിയും തുടരുകയാണ്. പുനലൂർ, പത്തനാപുരം, കൊട്ടാരക്കര ഭാഗങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. തെന്മല പരപ്പാർ അണക്കെട്ടിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു. ഡാമിലെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമാണ്. തെന്മല ഡാമിൽ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് 115.50 മീറ്ററായി ഉയർന്നതിനെ തുടർന്ന് ഡാം ഷട്ടറുകൾ ഉയർത്തി. 10 സ​െൻറീമീറ്റർ വീതം ജലം തുറന്നുവിട്ടു. കാറ്റിനെ തുടർന്ന് ഡാമി​െൻറ റിസർവോയറിൽ ശക്തമായ തിരയിളക്കം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കുന്നത്. കേരള- തമിഴ്നാട് അതിർത്തി പ്രദേശമായ കുറ്റാലം വെള്ളച്ചാട്ടം കവിഞ്ഞൊഴുകുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തുള്ള കടകളിലേക്കും റോഡിലും വെള്ളം കയറി വ്യാപകനാശനഷ്ടമുണ്ടായി. കുറ്റാലം, പാലരുവി വെള്ളച്ചാട്ടങ്ങളിൽ ഒഴുക്ക് ശക്തമായതോടെ രാവിലെ തന്നെ അടച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.