പുന്ന ആക്രമണം: പൊലീസ്​ നടപടി ചോദ്യം ചെയ്യാനെത്തിയ എസ്.എഫ്.ഐ നേതാവി​െൻറ പേരില്‍ കേസ്

ചാവക്കാട്: പുന്ന ആക്രമണക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവിനെ വിട്ടുകിട്ടാൻ സി.ഐ ഓഫിസിൽ അതിക്രമിച്ചു കയറി ബഹളമുണ്ടാക്കിയ എസ്.എഫ്.ഐ നേതാവി​െൻറ പേരിൽ കേസ്. ഒരുമനയൂര്‍ മാങ്ങോട്ടുപടി കറുത്തേടത്ത് നിബി​െൻറ പേരിലാണ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. 2017 ആഗസ്റ്റിൽ പുന്നയിലെ സി.പി.എം നേതാക്കളുടെ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനങ്ങള്‍ കത്തിക്കുകയും സൈക്കിള്‍ മോഷണം പോകുകയും ചെയ്തിരുന്നു. ഈ കേസില്‍ ചോദ്യം ചെയ്യാന്‍ പുന്ന സ്വദേശി നിഥിന്‍ എന്ന യുവാവിനെ തിങ്കളാഴ്ച രാവിലെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചു. ചാവക്കാട് സി.ഐ ജി. ഗോപകുമാര്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് നിബിന്‍ സ്‌റ്റേഷനിലേക്കു കയറി വന്നത്. നേരെ സി.ഐയുടെ മുറിയിലെത്തി നിഥിനെ ചോദ്യം ചെയ്യാനുള്ള കാരണം അന്വേഷിച്ച ഇയാള്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറായ ജി. ഗോപകുമാറുമായി തട്ടിക്കയറി. പുന്ന കേസുമായി ബന്ധപ്പെട്ട് നിഥിനെ ചോദ്യം ചെയ്യുകയാണെന്നും പുറത്തുനില്‍ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയാറായില്ലെന്ന് പൊലീസ് പറഞ്ഞു. ഇതോടെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇതിനിടയിൽ എസ്.എഫ്.ഐ നേതാവിനെ പൊലീസ് മർദിച്ചെന്നാരോപിച്ച് എടക്കഴിയൂരിൽ നിന്നുള്ള സി.പി.എം പുന്നയൂർ സൗത്ത് ലോക്കൽ കമ്മിറ്റി ഭാരവാഹിയുടെ നേതൃത്വത്തില്‍ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തുകയും ബഹളം വെക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു. നിബിനെതിരെ കേസെടുത്തതി​െൻറ ഭാഗമായി താലൂക്കാശുപത്രിയിലേക്ക് മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുപോകുന്നതും പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് ലോക്കൽ കമ്മിറ്റി നേതാവ് അടക്കമുള്ള ഏതാനും പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം നേതാക്കള്‍ പൊലീസുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.