തൃശൂരിൽ നാട്ടാനകൾ സുരക്ഷിതരല്ല; ഇടുക്കിയിലും വയനാട്ടിലും കാട്ടാനകളും

തൃശൂർ: ആനപ്രേമികളുടെ തട്ടകമായ തൃശൂരിൽ നാട്ടാനകൾ സുരക്ഷിതരല്ല. കഴിഞ്ഞ ഗജദിനം മുതൽ ഇൗ ഗജദിനം വരെ 10 ആനകളാണ് തൃശൂർ ജില്ലയിൽ മാത്രം ചെരിഞ്ഞത്. എന്നാൽ വയനാട്, കണ്ണൂർ ജില്ലകളിൽ നാട്ടാനകൾ ചെരിഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടില്ല. തൊട്ടടുത്ത ജില്ലയെക്കാൾ ഇരട്ടിയിൽ അധികം ആനകളാണ് തൃശൂരിൽ ചെരിഞ്ഞത്. പാപ്പാന്മാരുടെ അമിത ഉപദ്രവവും അശാസ്ത്രീയ തീറ്റയുമാണ് ആനകൾക്ക് വിനയാവുന്നത്. കാട്ടിൽ ആയിരത്തിൽ അധികം ഇലകളും മരത്തൊലികളും അടക്കം ഭക്ഷിച്ചിരുന്ന അവയെ മരുഭൂമിയിലെ ഇൗത്തപ്പഴങ്ങൾ വരെ തീറ്റുന്നതായി ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം ആരോപിക്കുന്നു. ഇൗ അടുത്ത് ചെരിഞ്ഞ പ്രവാസിയുടെ ഉടമസ്ഥതയിലുള്ള ആനയെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ വയറ്റിൽ നിന്ന് വൻതോതിൽ ഇൗത്തപ്പഴക്കുരു ലഭിച്ചു. ഒരുമാസത്തിനിടെ നാല് ആനകൾ തൃശൂരിൽ ചെരിഞ്ഞു. കോട്ടയത്തിനാണ് രണ്ടാം സ്ഥാനം. ഇവിടെ നാല് ആനകളാണ് ചെരിഞ്ഞത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ മൂന്നു വീതവും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ രണ്ടും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒന്നുവീതവുമാണ് ചെരിഞ്ഞത്. ഇൗ കാലയളവിൽ 179 കാട്ടാനകളാണ് ചെരിഞ്ഞത്. ഇടുക്കിയിൽ 48ഉം വയനാട്ടിൽ 42 ഉം ആനകളും മലപ്പുറത്ത് 21ഉം കൊല്ലത്ത് 18 ആനകളുമാണ് ചെരിഞ്ഞത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ 12, കോട്ടയം ഒമ്പത്, കണ്ണൂരിൽ എട്ട്, എറണാകുളത്തും തൃശൂരിലും ആറ് കോഴിക്കോട് ഒന്നും കാട്ടാനകളാണ് ചെരിഞ്ഞത്. ഇവയിൽ വെടിയേറ്റ് 12, വൈദ്യുതാഘാതമേറ്റ് 86, സ്ഫോടകവസ്തുക്കൾ കഴിച്ച് 60, വെള്ളക്കെട്ടിൽ വീണ് 21 എന്നിങ്ങനെയാണ് മരണം. 36 എണ്ണത്തി‍​െൻറ കൊമ്പുകൾ വനംവകുപ്പ് എടുത്തിട്ടുണ്ട്. ബാക്കിയുള്ളവ മോഴ, പിടി എന്നിവയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഗജദിനമായ ആഗസ്റ്റ് 12 മുതൽ ഡിസംബർ 31വരെ സംസ്ഥാനത്ത് 15 നാട്ടാനകളാണ് ചെരിഞ്ഞതെങ്കിൽ ഇൗ വർഷം ജനുവരി ഒന്നു മുതൽ ഗജദിനം വരെ 17 ആനകൾ ചെരിഞ്ഞു. ആനകൾക്കെതിരായ പീഡനം വർധിക്കുന്നതായാണ് കണക്ക് സൂചിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.