വയലേലകൾക്കും സഞ്ചാരികൾക്കും സംരക്ഷണമൊരുക്കി അയിരൂർ പാടശേഖരം റോഡ്​ പൂർത്തിയായി

കോഴഞ്ചേരി: പഴമയുടെ കഥ പറയുന്ന അയിരൂർ പാടശേഖരം റോഡിന് പുതിയ മുഖഛായ നൽകി ജില്ല പഞ്ചായത്ത്. വയലുകളുടെ സംരക്ഷണത്തിനും സുഗമസഞ്ചാരത്തിനും വഴിയൊരുക്കി രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. നൂറ് ഏക്കറിലധികം വരുന്ന പാടശേഖരങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന പാതയുടെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിർമിച്ചാണ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ നടത്തിയത്. 24 ലക്ഷം രൂപയുടെ പദ്ധതിയാണിത്. റോഡിലെ വെള്ളക്കെട്ടും ചളിയും ഒഴിവാക്കാൻ 15 ലക്ഷം രൂപ ചെലവഴിച്ച് കലുങ്ക് നിർമിച്ചതിനു പിന്നാലെയാണിത്. 39 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പാക്കിയത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂരിൻെറ നിർേദശത്തെ തുടർന്നാണ് ജില്ല പഞ്ചായത്ത് വികസന ഫണ്ടിൽനിന്ന് തുക അനുവദിച്ചത്. റോഡിന് സമീപത്തെ പി.ഐ.പി വക നീർപ്പാലത്തിലെ ഗതാഗതത്തിരക്ക് കുറക്കാൻ സഹായകരമായ വഴിയാണിത്. കാലപ്പഴക്കത്താൽ നീർപ്പാലത്തിൻെറ പലഭാഗങ്ങളും ചോർന്നൊലിക്കുന്നുണ്ട്. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം ഗതാഗതം പലപ്പോഴും തടസ്സപ്പെട്ടിരുന്നു. ഇത് ഒഴിവാക്കാൻ മൂന്നിൽപരം കലുങ്കുകളാണ് ഒന്നാംഘട്ടമായി നിർമിച്ചത്. ഒരു മീറ്ററോളം ഉയരത്തിൽ കരിങ്കൽ കെട്ടിയാണ് കലുങ്ക് നിർമിച്ചിരിക്കുന്നത്. മടവീഴ്ച തടയാനും വെള്ളം യഥേഷ്ടം ഒഴുകിപ്പോകാനും ഈ നടപടി സഹായകരമായി. വലിയ തോടിനും രണ്ട് ചാലുകൾക്കും കുറുകെയാണ് കലുങ്കുകൾ നിർമിച്ചത്. പഞ്ചായത്തിൻെറ 13ാം വാർഡിൽ ഉൾപ്പെടുന്ന റോഡ് തീയാടിക്കൽ-ചെറുകോൽപ്പുഴ റോഡിൽ വേലൻപടി ജങ്ഷനിൽനിന്നാണ് ആരംഭിക്കുന്നത്. പാടശേഖരം വഴി കാഞ്ഞീറ്റുകര പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്താണ് ഇത് എത്തിച്ചേരുന്നത്. തിരുവല്ല, കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് മുഖ്യ ആശ്രയം ഈ റോഡാണ്. നാരായണമംഗലം ക്ഷേത്രം ഉൾപ്പെടെ നിരവധി ആരാധനാലയങ്ങളും അയിരൂർ പഞ്ചായത്ത് സ്റ്റേഡിയം എന്നിവയും ഇതിൻെറ സമീപത്താണുള്ളത്. പാടത്തേക്ക് യന്ത്രസാമഗ്രികൾ ഇറക്കാൻ വഴിതെളിഞ്ഞതോടെ കർഷകർ‌ക്ക് കൂലിച്ചെലവ് കുറയും. നവീകരിച്ച റോഡിൻെറ ഉദ്ഘാടനം 16ന് വൈകീട്ട് അഞ്ചിന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ നിർവഹിക്കുമെന്ന് പഞ്ചായത്ത് അംഗം പ്രീത ബി. നായർ അറിയിച്ചു. കൗൺസലർ ഒഴിവ് ചുങ്കപ്പാറ: കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ജാഗ്രത സമിതിയിൽ ഒരു കൗൺസിലർ താൽക്കാലിക ഒഴിവിലേക്ക് 2020 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രതിമാസം 15,000 രൂപ ഓണറേറിയം ലഭ്യമാകും. അംഗികൃത സർവകലാശാലയിൽനിന്ന് എം.എസ്.ഡബ്ല്യു യോഗ്യതയോ വിമൻസ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. അപേക്ഷ ജൂലൈ 19ന് വൈകീട്ട് നാല് വരെ പഞ്ചായത്ത് ഓഫിസിൽ സ്വീകരിക്കും. ഫോൺ: 7034813745.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.