എം.ജി സര്‍വകലാശാല : ഇന്‍ഫര്‍മേഷന്‍ സെന്‍ററില്ല; വിദ്യാര്‍ഥികള്‍ വലയുന്നു

പത്തനംതിട്ട: എം.ജി സര്‍വകലാശാല ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പത്തനംതിട്ടയിലെ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നു. സര്‍വകലാശാല വിവരങ്ങള്‍ അറിയാനും പരീക്ഷാഫീസ് അടക്കാനും കോട്ടയത്ത് സര്‍വകലാശാല ആസ്ഥാനത്ത് പോകേണ്ട അവസ്ഥയാണ്. മറ്റ് ജില്ലകളില്‍ ഒന്നില്‍ കൂടുതല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററുകള്‍ ഉള്ളപ്പോള്‍ ജില്ലയില്‍ ഒരെണ്ണം മാത്രമാണുള്ളത്. തിരുവല്ലയിലെ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ പത്തനംതിട്ടയിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം ഒരു ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് 2015 ഫെബ്രുവരി 18ന് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ പ്രവര്‍ത്തക കൂട്ടായ്മ സംഘടിപ്പിച്ച് അന്നത്തെ വൈസ് ചാന്‍സിലര്‍ക്ക് നിവേദനം നല്‍കി. എന്നാല്‍, പത്തനംതിട്ട ടൗണില്‍ ഓഫിസ് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സ്ഥലമോ മുറികളോ ലഭ്യമല്ളെന്നായിരുന്നു അധികൃതരുടെ നിലപാട്. ജില്ലയില്‍ എം.ജി സര്‍വകലാശാലക്ക് കീഴില്‍ 33 കോളജുകളുള്ളത്. ഇതില്‍ ഒമ്പതെണ്ണം മാത്രമാണ് തിരുവല്ലയിലും സമീപത്തും പ്രവര്‍ത്തിക്കുന്നത്. എം.ജി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും തിരുവല്ലയില്‍നിന്ന് ഏറെ ദൂരയുള്ള സ്ഥലത്തെ കോളജുകളിലാണ് പഠിക്കുന്നത്. സര്‍വകലാശാലയിലേക്ക് വിദ്യാര്‍ഥികള്‍ നേരിട്ടു പോകുന്നതിനു പകരം പ്രതിനിധി എന്ന നിലയിലാണ് ഇന്‍ഫര്‍മേഷന്‍ സെന്‍ററുകള്‍ സ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.