ദ്വീപിലേക്ക്​ പുറപ്പെട്ട ഉരു ചരക്കുമായി കടലിൽ മുങ്ങി; ജീവനക്കാർ രക്ഷപ്പെട്ടു

ബേപ്പൂർ: ബേപ്പൂരിൽനിന്ന് ചരക്കുമായി കവരത്തി ദ്വീപിലേക്കു പുറപ്പെട്ട ഉരു പുറംകടലിൽ മുങ്ങിത്താഴ്ന്നു. തമിഴ്നാ ട് തൂത്തുക്കുടി സ്വദേശി രമേശിൻെറ ഉടമസ്ഥതയിലുള്ള 'എം.എസ്.വി ശാലോം' ഉരുവാണ് മുങ്ങിയത്. ആന്ത്രോത്ത് ദ്വീപിനു സമീപം 19 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. ഇതിലുണ്ടായിരുന്ന ആറു ജീവനക്കാർ ലക്ഷദ്വീപിലേക്കു ചരക്കുമായി പോവുകയായിരുന്ന 'എം.എസ്.വി ഗ്രേസ്' എന്ന ഉരുവിൽ കയറി രക്ഷപ്പെട്ടു. 30 ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങൾ നഷ്ടപ്പെട്ടു. 50 ലക്ഷത്തിലധികം രൂപ ഉരുവിന് വിലവരും. പുറംകടലിൽ ഉരു മുങ്ങിയ വിവരം വ്യാഴാഴ്ച രാവിലെയാണ് ബേപ്പൂരിൽ അറിയുന്നത്. പുലർച്ചെ പെട്ടെന്നുണ്ടായ അതിശക്തമായ കാറ്റിൽ ആടിയുലഞ്ഞ ഉരുവിലേക്ക് വെള്ളം കയറിയാണ് മുങ്ങിയത്. തൂത്തുക്കുടി സ്വദേശികളായ ഉരുവിൻെറ തണ്ടേൽ (സ്രാങ്ക്) മിൽട്ടൺ, സഹജീവനക്കാരായ മോറിയ നോവിസ്, എൻ.എ.പി. ഹെൻട്രി, മുരുകൻ, വെസന്തി, എ.ജെ.എസ്. ചന്ദ്രബോസ് എന്നിവർ വ്യാഴാഴ്ച വൈകീട്ടോടെ ആന്ത്രോത്ത് ദ്വീപിൽ എത്തിയതായി വിവരം ലഭിച്ചു. ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് ബേപ്പൂരിൽനിന്ന് ചരക്കുമായി 'ശാലോം' ഉരു പുറപ്പെട്ടത്. ബേപ്പൂരിൽനിന്ന് കൂടെ ഗ്രേസ്, സങ്കേത് എന്നിവക്കൊപ്പമാണ് യാത്ര തുടങ്ങിയത്. 200 ടൺ വഹിക്കാൻ കഴിയുന്ന ഉരുവിൽ ഹോളോബ്രിക്സ്, മെറ്റൽ, സിമൻറ്, ടൈൽസ്, കോൺക്രീറ്റ് കമ്പികൾ, പ്ലൈവുഡ്, പച്ചക്കറി, ബേക്കറി, പലചരക്കുസാധനങ്ങൾ, ഒരു കാർ, നാല് മോട്ടോർസൈക്കിൾ, 20 കന്നുകാലികൾ തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. പൊടുന്നനെയുള്ള കടൽക്കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ ലക്ഷദ്വീപിലേക്ക് ചരക്കുകളുമായി ഇനിയൊരു അറിയിപ്പ് വരെ ഉരു പുറപ്പെടരുതെന്ന് ദ്വീപ് അധികൃതർ അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.