വഴിക്കടവ് വിഭജിക്കണമെന്ന് ആവശ്യം ശക്തം

നിലമ്പൂർ: ജില്ലയുടെ അതിർത്തി പഞ്ചായത്തായ വഴിക്കടവ് വിഭജിച്ച് മരുത കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് രൂപവത്കരണത്തിന് വീണ്ടും നീക്കം സജീവം. വിഭജനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പുതിയ പ്രപ്പോസൽ തയാറാക്കിത്തുടങ്ങി. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നാണ് വഴിക്കടവ്. മരുത, വഴിക്കടവ് എന്നിങ്ങനെ രണ്ട് ധ്രുവങ്ങളിലായാണ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തി‍​െൻറ കിടപ്പ്. 1998ൽ തന്നെ പഞ്ചായത്ത് വിഭജനം സജീവ ചർച്ചയായിരുന്നു. 40,000ത്തിലേറെ ജനസംഖ‍്യയുള്ള പഞ്ചായത്തുകൾ വിഭജിക്കാൻ 2011ലും തുടർന്ന് 2015ലും സർക്കാർ തലത്തിൽ തീരുമാനമെടുത്തിരുന്നു. വിഭജിക്കുന്ന പഞ്ചായത്തുകളുടെ പട്ടികയിൽ വഴിക്കടവും ഉൾപ്പെട്ടിരുന്നു. എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ‍്യാപിച്ചത് വിഭജനത്തിന് തിരിച്ചടിയായി. തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പുതന്നെ വിഭജനവുമായി ബന്ധപ്പെട്ട പൂർണമായ പ്രപ്പോസൽ സർക്കാറിലേക്ക് സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ, ചില പഞ്ചായത്തുകൾ ഇതിന് വീഴ്ച വരുത്തിയതോടെ വിഭജനം നിയമക്കുരുക്കിൽപെടുകയായിരുന്നു. 114 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 23 വാർഡുകളുമുള്ള വഴിക്കടവ് പഞ്ചായത്തി‍​െൻറ വിഭജനത്തിന് മുഖ‍്യധാര രാഷ്ട്രീയ പാർട്ടികൾ അനുകൂലമാണ്. 2015ലെ കണക്ക് പ്രകാരം 11,600 സ്ഥിരം വീടുകളിലായി 59,023 ആണ് ജനസംഖ‍്യ. 2018 ആയപ്പോഴേക്കും 62,000ത്തിന് മുകളിലായെന്നാണ് പഞ്ചായത്ത് അധികൃതരുടെ ഔദ‍്യോഗികമല്ലാത്ത കണക്ക്. മരുത മേഖലയിലെ മണ്ണിച്ചീനി, കൂട്ടിലപാറ, മദ്ദളപ്പാറ, തണ്ണിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് വഴിക്കടവിലെ പഞ്ചായത്ത് ഓഫിസിലെത്തണമെങ്കിൽ ഒന്നിലധികം ബസുകൾ കയറിയിറങ്ങി 18 കിലോമീറ്ററോളം സഞ്ചരിക്കണം. മരുത മേഖലയിലുള്ള കുടുംബങ്ങളുടെ ഏറെനാളത്തെ ആവശ‍്യമാണ് പഞ്ചായത്ത് വിഭജനം. പഞ്ചായത്തിലെ ഫ്രണ്ട് ഓഫിസിൽ ഓരോ വർഷവും 14,000ത്തോളം അപേക്ഷകളാണ് തീർപ്പ് കൽപ്പിച്ച് നൽകുന്നത്. മറ്റു പഞ്ചായത്തുകളിൽ ഇത് ശരാശരി 6000-7000 ആണ്. പഞ്ചായത്തിലെ ഓരോ വാർഡിലും 250 മുതൽ 350 വരെ വീടുകളാണുള്ളത്. വാർഡിലെ ജനസംഖ‍്യ ശരാശരി 1300നും 1500നുമിടയിലാണ്. വിഭജനവുമായി ബന്ധപ്പെട്ട് സർക്കാറി‍​െൻറ നിർദേശപ്രകാരം 2015ൽ പൂർണ പ്രപ്പോസൽ പഞ്ചായത്ത് ഡയറക്ടർക്ക് സമർപ്പിച്ചിരുന്നു. ഇതിന് സമാനമായ പ്രപ്പോസൽ തന്നെയാണ് പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം തയാറാക്കിവരുന്നത്. മറ്റു പാർട്ടികളുമായി കൂടിയാലോചന നടത്തി അതിർത്തികളിൽ ചർച്ച നടത്തിയ ശേഷമാവും സർക്കാറിലേക്ക് സമർപ്പിക്കുകയെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു 'മാധ‍്യമ'ത്തോട് പറഞ്ഞു. മറ്റ് പഞ്ചായത്തുകൾക്ക് ലഭിക്കുന്ന അതേ പരിഗണനയാണ് സർക്കാറിൽനിന്ന് വലിയ പഞ്ചായത്തായ വഴിക്കടവിനും ലഭിക്കുന്നത്. പദ്ധതി വിഹിതത്തിൽ മാത്രമാണ് ജനസംഖ‍്യാനുപാതികമായ ചെറിയ ആനുകൂല‍്യം ലഭിക്കുന്നത്. നിലവിലെ 23 വാർഡുകളിൽ 10 എണ്ണം മരുത മേഖല‍യിലും 13 എണ്ണം വഴിക്കടവ് മേഖലയിലുമായാണ് 2015ലെ പ്രപ്പോസലിലുള്ളത്. മണൽപാടം, കമ്പ്ലക്കല്ല്, മാമാങ്കര, നരുവാലമുണ്ട, നാരോക്കാവ്, കുന്നുമ്മൽപ്പൊട്ടി, മേക്കൊരവ, മദ്ദളപ്പാറ, വേങ്ങാപാടം, വെണ്ടേക്കുംപൊട്ടി എന്നിവയാണ് വിഭജനത്തോടെ മരുത പഞ്ചായത്തിൽ വരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.