വനഗോപാലിക ആദിവാസി ക്ഷേമ ക്ഷീര പദ്ധതി: പശു വളര്‍ത്തലിൽ ജീവിതം കണ്ടെത്തി പാട്ടക്കരിമ്പില്‍ നാലു കുടുംബങ്ങള്‍

പൂക്കോട്ടുംപാടം: പരമ്പരാഗത തൊഴില്‍ രീതികളിൽനിന്ന് വിഭിന്നമായി സ്വയംതൊഴിലിലൂടെ ജീവിതവരുമാനം കണ്ടെത്തുകയാണ് പാട്ടക്കരിമ്പ് ആദിവാസി കോളനിയിലെ നാലു കുടുംബങ്ങൾ. കാട്ടുകനികളും തേനും ഔഷധച്ചെടികളും ശേഖരിച്ചു വിറ്റ് ഉപജീവനം നടത്തിയിരുന്ന ഇവര്‍ ഇപ്പോള്‍ പശു വളര്‍ത്തലിലൂടെയാണ് വരുമാനം കണ്ടെത്തുന്നത്. 2016-17ല്‍ വനഗോപാലിക ആദിവാസി ക്ഷേമ ക്ഷീര പദ്ധതിയുടെ ഭാഗമായാണ് കോളനിയിലെ നാലു കുടുംബങ്ങള്‍ക്ക് പശുവിനെയും കിടാവിനെയും ലഭിച്ചത്. പട്ടിക വര്‍ഗ വികസന വകുപ്പും മില്‍മ മലബാര്‍ മേഖല യൂനിയനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പാട്ടക്കരിമ്പ് കോളനിയിലെ ശാന്ത, മാധവന്‍, അമ്പിളി, കോമളം എന്നിവര്‍ക്കാണ് പശുക്കളെ ലഭിച്ചത്. രണ്ടു വര്‍ഷംവരെ പശുവിനെ പരിപാലിക്കാന്‍ ഓരോ ദിവസത്തിന് 150 രൂപയും ആറുമാസം ഒരാഴ്ചയില്‍ നാലു ചാക്ക് കാലിത്തീറ്റയും പദ്ധതി പ്രകാരം ഇവര്‍ക്ക് ലഭിച്ചിരുന്നു. കുളമ്പിന് ക്ഷതമേല്‍ക്കാതിരിക്കാന്‍ റബര്‍ മാറ്റും ആധുനിക രീതിയിലുള്ള തൊഴുത്തും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഒരു പശുവിന് രാവിലെ ഏഴു ലിറ്ററും വൈകീട്ട് നാലു ലിറ്ററും പാല്‍ ലഭിക്കുന്നതായി കോളനിയിലെ ക്ഷീരകര്‍ഷക ശാന്ത പറഞ്ഞു. ചാണകത്തിനും നല്ല വിലയുണ്ട്. വേങ്ങാപരത ക്ഷീരസഹകരണ സംഘത്തില്‍നിന്ന് ശേഖരിക്കാന്‍ ആൾ വരുന്നതിനാല്‍ പാല്‍ വില്‍ക്കാനും എളുപ്പമാണ്. നല്ല വരുമാനം ലഭിക്കുന്നതിനാല്‍ മറ്റു പുറം ജോലികള്‍ക്ക് പോകേണ്ടതില്ലെന്നും കോളനിക്കാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.