ഭൂമി വിവാദം: ചർച്ച അവസാന നിമിഷം മാറ്റി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സമരരംഗത്തുള്ള എ.എം.ടിയുമായി(ആർച് ഡയോസിയൻ മൂവ്മ​െൻറ് ഫോർ ട്രാൻസ്പെരൻസി) സഭാ നേതൃത്വം തിങ്കളാഴ്ച നടത്താനിരുന്ന ചര്‍ച്ച അവസാന നിമിഷം മാറ്റി. എറണാകുളം-അങ്കമാലി അതിരൂപതയുടെ ദൈനംദിന ഭരണച്ചുമതലയുള്ള സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്താണ് എ.എം.ടിയെ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നത്. വൈകുന്നേരമാണ് ഇവരുമായി ചര്‍ച്ച നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. കര്‍ദിനാളിനെതിരെ നിലകൊണ്ട വൈദികരുമായി കഴിഞ്ഞ ദിവസം സഭാ നേതൃത്വം ചര്‍ച്ച നടത്തുകയും സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വൈദിക സമിതി യോഗം ചേര്‍ന്ന് തല്‍ക്കാലം കര്‍ദിനാളിനെതിരെയുള്ള പരസ്യപ്രതിഷേധത്തില്‍നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയും പ്രശ്‌ന പരിഹാരത്തിന് ശ്രമം ആരംഭിച്ചതായും വൈദികര്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍, കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും തങ്ങള്‍ തയാറല്ലെന്ന നിലപാടിലായിരുന്നു എ.എം.ടി. തുടര്‍ന്നാണ് ഇവരുമായി ഇന്നലെ അതിരൂപത നേതൃത്വം ചർച്ചക്ക് തീരുമാനിച്ചത്. കര്‍ദിനാളിനെതിരെയുള്ള നിലപാടില്‍ മാറ്റമില്ലെന്നാണ് എ.എം.ടി നേതാക്കള്‍ പറയുന്നത്. കര്‍ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈകോടതി സിംഗിള്‍ െബഞ്ച്്് ഉത്തരവ് സ്‌റ്റേ ചെയ്ത ഡിവിഷന്‍ െബഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള കേസില്‍ എ.എം.ടിയും കക്ഷി ചേര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.