താഴെത്തട്ടിലെത്താതെ 'മറക്കല്ലെ, മലയാളം' വാട്സ്​ആപ് ഗ്രൂപ്​

കുറ്റിപ്പുറം: ഭരണഭാഷ മലയാളമാക്കുന്നതി​െൻറ ഭാഗമായി ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ തുടങ്ങിയ 'മറക്കല്ലെ, മലയാളം' വാട്സ്ആപ് ഗ്രൂപ് താഴെത്തട്ടിലെ ഉദ്യോഗസ്ഥരിലേക്കെത്താത്തതിനാൽ ഗുണം ചെയ്തില്ല. കടുകട്ടിയുള്ള ഇംഗ്ലീഷ് വാക്കുകളുടെ മലയാള വാക്കുകൾ ഉദ്യോഗസ്ഥരിലേക്കെത്തിക്കാൻ കഴിഞ്ഞമാസം തുടങ്ങിയ വാട്സ്ആപ്പാണ് നിർജീവാവസ്ഥയിലുള്ളത്. വില്ലേജ് ഓഫിസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് മലയാള പദങ്ങൾ ഏറെയും ആവശ്യമായി വരുക. എന്നാൽ, സെക്രട്ടറിമാർ, കലക്ടർ എന്നിവരടങ്ങുന്ന ഉന്നതർ മാത്രമാണ് ഈ ഗ്രൂപ്പിലുള്ളത്. സ്ഥിരം ഉപയോഗിക്കുന്ന ഒരു ഇംഗ്ലീഷ് പദവും അതി​െൻറ മലയാള പരിഭാഷയും എല്ലാ ദിവസവും ഉദ്യോഗസ്ഥരിലേക്കെത്തിക്കാനാണ് വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയത്. ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, സ്പെഷൽ സെക്രട്ടറിമാർ, ജില്ല കലക്ടർമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പുണ്ടാക്കാൻ അനുമതി നൽകിയത്. ഒൗദ്യോഗികഭാഷ വകുപ്പിലെ വിദഗ്ധനെ ഗ്രൂപ് അഡ്മിനായും നിയമിച്ചു. ഇത്തരത്തിൽ ഗ്രൂപ്പിലൂടെ ലഭിക്കുന്ന സന്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ഗ്രൂപ് തന്നെ സജീവമല്ലാതായതോടെ എല്ലാം ഉത്തരവിലൊതുങ്ങി. ലോക മാതൃഭാഷ ദിനമായ ഫെബ്രുവരി ഒന്നിനാണ് ഗ്രൂപ് തുടങ്ങാൻ ഉത്തരവായത്. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ചേർത്ത് താലൂക്ക് അടിസ്ഥാനത്തിലോ പഞ്ചായത്ത് അടിസ്ഥാനത്തിലോ ഇത്തരം ഗ്രൂപ്പുകളുണ്ടായാൽ മാത്രമെ വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലേക്ക് പ്രയോജനം ലഭിക്കൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.