ചീക്കോടിൽനിന്ന് കരിപ്പൂരിലേക്ക്​ വെള്ളം: പ്രതിഷേധം ശക്​തമാകുന്നു

കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതിയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ കൊണ്ടോട്ടിയിൽ സർവകക്ഷിയോഗം ചേർന്ന് സമരസമിതിക്ക് രൂപം നൽകി. നാട്ടുകാർക്ക് കുടിവെള്ളമെത്തിക്കാതെ വിമാനത്താവളത്തിലേക്ക് നൽകുന്നതിനെതിരെയാണ് രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയത്. കഴിഞ്ഞദിവസം വിമാനത്താവള റോഡിൽ ചാലുകീറി പൈപ്പിടാൻ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. ഹജ്ജ് ഹൗസിന് സമീപം ചാലുകീറി പൈപ്പ് സ്ഥാപിക്കാനായിരുന്നു നീക്കം. ഇതിനായി പൈപ്പുകള്‍ രണ്ടുമാസം മുമ്പ് വിമാനത്താവള പരിസരത്ത് എത്തിച്ചിരുന്നു. കൊണ്ടോട്ടി നഗരസഭയും പുളിക്കല്‍ പഞ്ചായത്തും നേരത്തേതന്നെ പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. പുളിക്കല്‍ പഞ്ചായത്തിലെ വലിയപറമ്പിലെ ടാങ്കില്‍ നിന്നാണ് വിമാനത്താവളത്തിലേക്ക് വെള്ളമെത്തിക്കുക. ഇവിടെനിന്ന് ആറര കിലോമീറ്റര്‍ ചാലുകീറി പൈപ്പിടാനാണ് ശ്രമം. ചാലുകീറി ഉടനെ പൈപ്പിടാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്. ഇതോടെ ചാലുമൂടാനാവാതെ തൊഴിലാളികള്‍ പിൻമാറുകയായിരുന്നു. ആറരക്കോടി രൂപയാണ് വാട്ടർ അതോറിറ്റിക്ക് വെള്ളമെത്തിക്കാനായി എയര്‍പോര്‍ട്ട് അതോറിറ്റി നൽകിയത്. വ്യാവസായികാടിസ്ഥാനത്തിലുള്ള നിരക്ക് ഇൗടാക്കിയാണ് അതോറിറ്റി പ്രതിദിനം രണ്ടര ലക്ഷത്തോളം ലിറ്റർ വെള്ളം നൽകുക. സമരസമിതിയുടെ ആദ്യയോഗം വ്യാഴാഴ്ച രാത്രി ചേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.