ഇതും ഒരു അംഗൻവാടി; പ്രായം 42

വേങ്ങര: ഇതുമൊരു അംഗൻവാടി. നാല് ഭാഗവും കട്ടകള്‍കൊണ്ട് മറച്ച, പലയിടത്തും ഓടുകള്‍ അടര്‍ന്നു പോയ മേല്‍ക്കൂരയും വൃത്തിഹീനമായ അന്തരീക്ഷവുമുള്ള കെട്ടിടം. വേങ്ങര ഗ്രാമപഞ്ചായത്തിലെ പുത്തനങ്ങാടിക്കടുത്ത് മിനി ബസാറില്‍ 13ാം വാര്‍ഡിലാണ് ഈ അംഗൻവാടി. 1975ല്‍ അഞ്ചാം നമ്പറായി രജിസ്റ്റര്‍ ചെയ്ത അംഗൻവാടിക്ക് സ്വന്തം സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കാന്‍ ഗ്രാമപഞ്ചായത്തിനായിട്ടില്ല. 20ഓളം കുട്ടികളുള്ള അംഗൻവാടി ഒരു സുരക്ഷ മാനദണ്ഡവും പാലിക്കാതെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ചൂട് കൂടിയ സമയങ്ങളിൽ രക്ഷിതാക്കള്‍ കുട്ടികളെ ഈ അംഗൻവാടിയിലേക്ക് പറഞ്ഞയക്കാറില്ല. മഴക്കാലത്താവട്ടെ ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരക്കു താഴെ അധ്യയനം നടത്താനുമാവില്ല. അംഗൻവാടി കെട്ടിടം നിർമിക്കല്‍ പ്രാദേശിക ഭരണകൂടങ്ങളുടെ ചുമതലയാണെന്നിരിക്കെ നിലവില്‍ വന്ന് 40 വര്‍ഷത്തിലധികം കഴിഞ്ഞിട്ടും സ്വന്തമായി കെട്ടിടമില്ലാത്ത അംഗൻവാടി ഗ്രാമപഞ്ചായത്തി​െൻറ അനാസ്ഥക്ക് ഉദാഹരണം ജനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, തര്‍ക്കസ്ഥലത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗൻവാടിയുടെ അറ്റകുറ്റപ്പണികള്‍ക്ക് പണം കണ്ടെത്താന്‍ പഞ്ചായത്തിനാവില്ലെന്നും സ്വന്തമായി കെട്ടിടം നിർമിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായും വാര്‍ഡ്‌ അംഗം റസിയ അലവിക്കുട്ടി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.