അരിമ്പ്രകുത്ത് വനത്തിലെ 323 ഏക്കർ സ്വാഭാവിക വനഭൂമിയാക്കാൻ നിർദേശം

അരീക്കോട്: ഏറനാട് മണ്ഡലത്തിൽ നിലമ്പൂർ നോർത്ത് ഡിവിഷനു കീഴിലെ അരിമ്പ്രകുത്ത് വനഭൂമിയിൽ ഉൾപ്പെട്ട 323 ഏക്കർ ഭൂമി സ്വാഭാവിക വനഭൂമിയാക്കി മാറ്റാൻ സർക്കാർ നിർദേശം. പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വനം മന്ത്രി അഡ്വ. കെ. രാജുവാണ് വിശദീകരണം നൽകിയത്. അരിമ്പ്രകുത്ത് വന സംരക്ഷണ സമിതി പ്രവർത്തകനായ കെ.എം. സലിം നൽകിയ നിവേദനത്തിൻമേലുള്ള നടപടിയെക്കുറിച്ചായിരുന്നു എം.എൽ.എയുടെ ചോദ്യം. നിലമ്പൂർ നോർത്ത് ഡിവിഷനിലെ അരിമ്പ്രകുത്ത് വനഭൂമി സ്വാഭാവിക വനഭൂമിയാക്കി മാറ്റാൻ നിലമ്പൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫിസർക്ക് ജനുവരി ഒന്നിന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നിർദേശം നൽകിയതായി വനം മന്ത്രി അറിയിച്ചു. ബോട്ടണിക്കൽ ഗാർഡന് അനുയോജ്യമായ മണ്ണല്ല ഈ പ്രദേശത്ത്. ലാറ്ററൈറ്റ് ആയ മണ്ണായതിനാൽ സ്വാഭാവിക വനവത്കരണം മാത്രമേ കഴിയൂവെന്ന് മറുപടിയിൽ മന്ത്രി വ്യക്തമാക്കി. 1971 വരെ പ്രകൃതിദത്ത വനമായിരുന്ന അരിമ്പ്രകുത്ത് വനം കശുമാവ് പ്ലാേൻറഷന് വേണ്ടിയാണ് വെട്ടിമാറ്റിയത്. 1973ൽ 35,000 കശുമാവ് തൈകൾ നട്ടുപിടിപ്പിച്ചു. 15 വർഷ വരുമാനകാല പരിധിയിൽ നട്ടുപിടിപ്പിച്ച കശുമാവുകളുടെ കാലാവധി കഴിഞ്ഞ് തരിശായി കിടക്കുകയാണിവിടെ. സ്വാഭാവിക വനമായി മാറുന്നതോടെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അരിമ്പ്രകുത്ത് വന സംരക്ഷണ സമിതി പ്രവർത്തകനായ കെ.എം. സലിം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.